Monday, December 23, 2024
Homeകേരളംസംസ്ഥാന പട്ടയമേള മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിൽ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പട്ടയമേള മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിൽ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പട്ടയമേള മുഖ്യമന്ത്രി സ. പിണറായി വിജയൻ തൃശൂരിൽ ഉദ്ഘാടനം ചെയ്തു. ഈ സർക്കാർ കാലയളവിലെ നാലാമത് പട്ടയമേളയാണ് വിവിധ ജില്ലകളിൽ സംഘടിപ്പിക്കപ്പെട്ടത്. 31,499 കുടുംബങ്ങൾക്കാണ് ഇന്നലെ സംസ്ഥാനത്താകെ പട്ടയം കൈമാറിയത്. ഇതോടെ 2021 ൽ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ ഒന്നര ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കാണ് ഭൂമിയുടെ അവകാശം ലഭിച്ചത്. ആകെ 1,52,114 പട്ടയങ്ങളാണ് ഇക്കാലയളവിൽ വിതരണം ചെയ്തത്.

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യം മുൻനിർത്തി പട്ടയം മിഷനും പട്ടയം അസംബ്ലികളും പ്രവർത്തിക്കുകയാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയടക്കം കണ്ടെത്തി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ കഴിയുന്ന ശ്രദ്ധേയമായ ഇടപെടലാണ് റവന്യു വകുപ്പ് നടത്തുന്നത്. കേരളത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ഭൂമിയും ഭൂരേഖയും നൽകുക എന്നതാണ് സർക്കാർ ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിതരണം ചെയ്ത 1,76,000 ത്തിലധികം പട്ടയങ്ങൾ കൂടി കണക്കിലെടുത്താൽ എൽഡിഎഫ് സർക്കാരിനു കീഴിൽ ഏഴര വർഷംകൊണ്ട് ആകെ മൂന്നേകാൽ ലക്ഷത്തിലധികം പട്ടയങ്ങളാണ് ലഭ്യമാക്കിയത്.
ഭൂരഹിതരില്ലാത്ത കേരളം എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് വളരെ വേഗത്തിൽ നമ്മൾ നടന്നടുക്കുകയാണ്. എല്ലാ ഭൂരഹിതരും ഭൂമിയുടെ ഉടമകളാവുന്ന നവകേരളത്തിലേക്ക് നമുക്കൊന്നിച്ചു മുന്നേറാം.

RELATED ARTICLES

Most Popular

Recent Comments