Tuesday, April 23, 2024
Homeഅമേരിക്ക🌹 ഒരു കണ്ണീർ പ്രാർത്ഥന 🌹 (മിനിക്കഥ) ✍ സ്റ്റാൻലി എം.മങ്ങാട്

🌹 ഒരു കണ്ണീർ പ്രാർത്ഥന 🌹 (മിനിക്കഥ) ✍ സ്റ്റാൻലി എം.മങ്ങാട്

അനഘ നാലുമണിക്കു തന്നെ ഉണർന്നു. പാo പുസ്തകങ്ങളും, റെഫറൻസ് പുസ്തകങ്ങളുമായി അവൾ പoനം ആരംഭിച്ചു. പല സംശയങ്ങളും തീർക്കാൻ മൊബൈൽ ഫോൺ ആവശ്യമായിരുന്നു.

പഠനത്തിൻ്റെ ആവശ്യത്തിനായി അച്ഛൻ്റെ ഫോൺ തലേന്നു രാത്രി തന്നെ അവൾ എടുത്തു കൈവശം വച്ചിരുന്നു. രണ്ടു ഫോണുകളിലായി പഠനം നടത്തിക്കൊണ്ടിരുന്നു.

അനഘ മെഡിസ്സിൻ്റെ എൻട്രൻസ് ടെസ്റ്റിനു വേണ്ടി പഠിക്കുകയാണ്. ചില സംശയങ്ങൾ ഗൂഗിളിൽ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് അച്ഛൻ്റെ ഫോണിലേയ്ക്ക് ഒരു ഗാനം ഒഴുകിയെത്തിയത് :

“ദേവതാരു പൂത്തു
മനസ്സിൻ താഴ്‌വരയിൽ
നിനാന്തമാം തെളിവാനം
പൂത്ത നിശീഥിനിയിൽ…”

നല്ല സ്വരമാധുരി. അനഘ വാച്ചിലേക്കു നോക്കി. സമയം അഞ്ചായിട്ടില്ല. അവൾ സത്യത്തിൽ അമ്പരന്നു പോയി. എങ്കിലും ഫോൺ ചെവിയോട് ചേർത്തു പിടിച്ചു :
“സനലേട്ടാ… കൊള്ളാമോ ?”
ഫോണിൻ്റെ അങ്ങേതലയ്ക്കൽ നിന്നുമൊരു ചോദ്യം. അനഘ ഒന്നും മിണ്ടിയില്ല.

അച്ഛൻ്റെ ഓഫീസിലെ രമയാൻ്റിയുടെ ചാറ്റിങ്ങുകൾ തുടരെത്തുടരെ വന്നു കൊണ്ടിരുന്നു. അത്ര സുഖകരമല്ലാത്ത മെസ്സേജുകൾ കണ്ടു അനഘ ആകെ സ്തബ്ധയായിപ്പോയി. ഞൊടിയിടയിൽ അവൾ എല്ലാം ഡിലീറ്റ് ചെയ്തു ഫോൺ മേശപ്പുറത്തു വച്ചു.

അടുക്കളയിൽ ലൈറ്റ് വീഴുന്നതു കണ്ട് അവൾ അവിടേയ്ക്ക് നോക്കി. അമ്മ എഴുന്നേറ്റു വന്നിട്ടുണ്ടു് :
“അനഘമോളെ.. നീ പഠിക്കുകയാണോ ?”
അമ്മ വിളിച്ചു ചോദിച്ചു. പക്ഷേ അവൾ അതിനുത്തരം കൊടുത്തില്ല. മനസ്സും ശരീരവും ഒരു പോലെ തളർന്നിരിക്കുന്നു.

അല്പം കഴിഞ്ഞപ്പോൾ പൂജാമുറിയിൽ നിന്നും അമ്മയുടെ ദേവിസ്തുതികൾകേട്ടു. അമ്മ കുളി കഴിഞ്ഞു അടുക്കളയിൽ പ്രവേശിക്കുകയാണെന്ന് അനഘയ്ക്കു മനസ്സിലായി.

അവൾ മുകളിലെ മുറിയിൽ നിന്നും താഴേക്കു വന്നില്ല. മേശപ്പുറത്തിരുന്ന പുസ്തകങ്ങൾ വെറുതെ മറിച്ചതല്ലാതെ ഒന്നും പഠിച്ചതുമില്ല.

അച്ഛനെഴുന്നേറ്റപ്പോൾ അമ്മയോടു് ചോദിക്കുന്നതു കേട്ടു :
“എൻ്റെ ഫോണെവിടെ ?”
“അനഘ പഠിക്കുന്നതിനായി എടുത്തിട്ടുണ്ടു്. ”
അമ്മ പറഞ്ഞപ്പോൾ അച്ഛൻ മുകളിലേക്കു കയറി വന്നു. പെട്ടെന്ന് തന്നെ അനഘ ഫോണെടുത്തു അച്ഛൻ്റെ കയ്യിൽ കൊടുത്തു.

അവൾക്ക് എന്തു പറയണമെന്നറിയില്ല. കൈവിരലുകൾക്ക് വിറയലുണ്ടായിരുന്നു. മുഖത്താകെ ഭയാശങ്കകൾ നിറഞ്ഞു നിന്നു. ഫോണുമായി തിരിച്ചു നടക്കുമ്പോൾ അച്ഛൻ വാട്ട്സ്ആപ്പ് എടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ അനഘ അതു മുഴുവൻ ഡിലീറ്റ് ചെയ്തിരുന്നു.

മുറിയിൽ ഇരിക്കുമ്പോൾ സനൽ ഓർത്തു മകൾക്ക് എന്തോ പന്തിക്കേട് ഉണ്ടായിട്ടുണ്ടു്. ഫോണിൽ വാട്ട്സ്ആപ്പ് ഇല്ലെന്നും ഫോണിലെ വിശേഷങ്ങൾ അവൾ അറിഞ്ഞിട്ടുണ്ടെന്നും അയാൾ ഉറപ്പിച്ചു.

ഫോണിൽ രമ ചാറ്റ് ചെയ്തിട്ടുണ്ടാകുമോ ?
അനഘ എന്തെങ്കിലും കണ്ടിട്ടുണ്ടാകുമോ ?

സനലിൻ്റെ നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു. രമ അയാളുടെ ബാല്യകാല സുഹൃത്തായിരുന്നു. സ്കൂൾ ക്ലാസ്സുകളിലും, ട്യൂഷൻ ക്ലാസ്സുകളിലും അവർ ഒന്നിച്ചായിരുന്നു. പിന്നീട് പി.എസ്.സി എഴുതി അവൾ പാലക്കാട് ഏതോ വില്ലേജിൽ ക്ലാർക്കായി ചേർന്നു.

അതേ പരീക്ഷയിൽ തന്നെയായിരുന്നു സനലും ജോലി നേടിയത്. നീണ്ട മുപ്പതു വർഷം പരസ്പരം കണ്ടിട്ടില്ല. ഈ അടുത്ത സമയത്താണ് രമയും കുടുംബവും നാട്ടിലെത്തിയത്. വീണ്ടും കണ്ടുമുട്ടിയപ്പോൾ ആ സൗഹൃദത്തിന് പുതുമഴയിൽ കിളുർത്ത തുമ്പച്ചെടി പോലെ പച്ചപ്പും, പൂവും വിടർന്നു വന്നു.

വാട്ട്സ്ആപ്പിൽ ചാറ്റുകളും സംസാരങ്ങളും പതിവായി. പിന്നീട് പലപ്പോഴായി സനൽ രമയുടെ വീട് സന്ദർശിച്ചു.

അടുക്കളയിൽ നിന്നും ഭാര്യ കനകത്തിൻ്റെ വിളി കേട്ടു :
“ചേട്ടാ.. പ്രാതൽ എടുത്തു വച്ചിട്ടുണ്ടു്. മോളെ.. നീ കാപ്പി കുടിക്കാൻ വന്നേ.. ”
അവർ വിളിച്ചു പറഞ്ഞു.

തീൻമേശയുടെ സമീപം ഇരിക്കുമ്പോൾ അനഘയുടെ നെഞ്ചിടിപ്പ് കൂടിയിട്ടുണ്ടു്. മനസ്സ് വേദനിക്കുന്നുണ്ടെങ്കിലും അവൾ പുറമേ ചിരിച്ചു.

പക്ഷേ സനൽ അവളെ നോക്കാതെ പ്രാതൽ കഴിച്ചു കൊണ്ടിരുന്നു. പെട്ടെന്നൊരു ആശയം ലഭിച്ചതു പോലെ അനഘ പറഞ്ഞു :
“അമ്മേ.. നമ്മുടെ അമ്പലത്തിൽ തൈപ്പൂയ മല്ലേ.. ഞാൻ കാവടി എടുത്താലോ ?”
കനകം ഉറക്കെ ചിരിച്ചു.
“ഇതെന്തു അത്ഭുതമാ.. ഇന്നേവരെ കാവടി എടുത്തിട്ടില്ലാത്തവൾ ഡോക്ടറാകാൻ പോകുമ്പോഴാ.. കാവടി എടുക്കുന്നതു്. ”
അമ്മ അതു പറഞ്ഞിട്ട് സനലിനോട് ചോദിച്ചു :
“മോൾ പറയുന്നതു കേട്ടില്ലേ..?”
അപ്പോഴാണ് അയാൾ തല ഉയർത്തിയത്.
“അവൾക്ക് ഇഷ്ടമാണെങ്കിൽ ചെയ്യതോട്ടെ !”
സനൽ പറഞ്ഞു.

അനഘ ഓർത്തു :
“ബാലസുബ്രമണ്യത്തിന് ഇഷ്ടമായ വഴിപാട് കാവടിയാണ്. അതെടുത്താൽ ഇന്നു മനസ്സിനെ അലട്ടുന്ന ദുരിതങ്ങൾക്കു ശമനമുണ്ടാകും.. തീർച്ച !”
എൻ്റെ മുരുകാ… അച്ഛനെ സകല തിന്മകളിൽ നിന്നും മോചിപ്പിക്കാൻ തുണയാകണെ..!”
അനഘ മനസ്സുകൊണ്ട് പ്രാർത്ഥിച്ചു.

സായംസന്ധ്യയിൽ പോർട്ടിക്കോവിൽ ഇരിക്കുമ്പോൾ സനലിൻ്റെ ചിന്തകൾ രമയെക്കുറിച്ചായിരുന്നു.
ഒരിക്കൽ അവൾ പറഞ്ഞു :
“നമ്മൾ വിവാഹം കഴിച്ചിരുന്നെങ്കിൽ ഒരുപക്ഷേ കുറച്ചു കൂടി നല്ലൊരു കുടുംബജീവിതം ലഭിച്ചേനേ..?”
“അതിനിപ്പോൾ എന്താ കുഴപ്പം ?”
സനൽ ചോദിച്ചു.

ഭർത്താവ് കുവൈറ്റിലെ എണ്ണക്കമ്പനി ഉദ്യോഗസ്ഥൻ. ആറു മാസം കൂടുമ്പോൾ ലീവ്. രമ ഇപ്പോൾ സുഖമായല്ലേ ജീവിക്കുന്നത്.?”
സനൽ ചോദിച്ചു.
” അതു ശരിയാണ്. എങ്കിലും പത്താം ക്ലാസ്സുമുതൽ
ഞാനാഗ്രഹിക്കുന്ന
ഒരാൾ…?”
രമ വാക്കുകൾ മുഴുവിപ്പിച്ചില്ല.അതെവിടെയോ മുറിഞ്ഞുപോയി.

രമയുടെ വീടിൻ്റെ ഗേയിറ്റുകടന്നു റോഡിലേയ്ക്കിറങ്ങുമ്പോൾ സനൽ ആലോചിച്ചു.
രമയുടെ വീട്ടിൽ നിന്നുമിറങ്ങി വരുമ്പോൾ ഒരിക്കലും കയറിച്ചെല്ലുന്നൊരു സന്തോഷം ലഭിക്കാറില്ല. എന്തെങ്കിലുമൊരു തീരാനഷ്ടം പറഞ്ഞവൾ സ്വയം ദു:ഖിക്കും.
“ഹാ.. എല്ലാം ഈശ്വരനിശ്ചയം !”
ഒരു ദീർഘനിശ്വാസത്തോടെ സനൽ എഴുന്നേറ്റു മുറിയിലേക്കു പോയി.

പുറത്തു അനഘയുടെയും അമ്മയുടെയും ശബ്ദം കേട്ടുകൊണ്ടാണ് സനൽ പുറത്തേയ്ക്ക് നോക്കിയത്. അവർ ക്ഷേത്രത്തിലെ അഗ്നിക്കാവടി കഴിഞ്ഞു വരുകയായിരുന്നു. അനഘ പാൽക്കാവടി എടുത്തിരുന്നു. സകല വിഘ്നങ്ങളും ഒഴിഞ്ഞു പോകാൻ അവൾ നെഞ്ചുരുകി പ്രാർത്ഥിച്ചു.

കതകു തുറന്നു അകത്തേയ്ക്ക് കയറുമ്പോൾ കനകം ചോദിച്ചു :
“ഇവിടെ ഉണ്ടായിരുന്നിട്ടും ചേട്ടൻ ക്ഷേത്രത്തിലേയ്ക്കു വന്നില്ലല്ലോ ?അനഘ മോളുടെ കാവടി കാണാൻ പോലും.?”
സനൽ മൗനമായി നിന്നു.
പിന്നീട് അവർ ഇരുവരും അകത്തേക്ക് കയറിപ്പോയി.

അത്താഴം കഴിഞ്ഞു എല്ലാവരും അവരവരുടെ മുറികളിലേയ്ക്ക് പോയി. ഏറെ നേരം കഴിഞ്ഞിട്ടും സനലിന് ഉറക്കം വന്നില്ല. മകൾ ഇത്രയും വളർന്ന സ്ഥിതിക്ക് രമയുമായുള്ള ബന്ധം ഇനി ഉചിതമല്ല. സമൂഹത്തിൽ തൻ്റെ വില, കുടുംബത്തിൻ്റെ സൽപ്പേര്?
അയാൾ കിടക്കയിൽ ഉറക്കമില്ലാതെ കിടന്നു. ഏറെ നേരം കഴിഞ്ഞു കതക് തുറന്നു അനഘയുടെ മുറിയിലേയ്ക്ക് നോക്കി. അവൾ ഉറങ്ങിയിട്ടില്ല. സനൽ മെല്ലെ നടന്നു മകളുടെ മുറിയുടെ വാതിക്കലെത്തി.

വാട്ട്സ്ആപ്പ് ഡിലീറ്റ് ചെയ്തതു മുതൽ സനൽ അനഘയെ ശ്രദ്ധിക്കുന്നുണ്ടു്. അവൾക്ക് ഉറക്കമില്ല. ഭക്തി തീഷ്ണമായിട്ടുണ്ട്. എപ്പോഴും ദേവീസ്തുതികൾ ചൊല്ലിയാണവൾ നടക്കുക.

സനൽ മെല്ലെ അനഘയുടെ മുറിയുടെ വാതിലിൽ തട്ടി. അനഘ വാതിൽ തുറന്നപ്പോൾ അച്ഛൻ നിൽക്കുന്നു. പെട്ടെന്ന് വളരെ ദുഃഖത്തോടെ സനൽ പറഞ്ഞു :
” അച്ഛൻ ഇന്ന് ആ റിലേഷൻഷിപ്പ് അവസാനിപ്പിച്ചിരിക്കുന്നു.”
അയാൾ മകളുടെ കയ്യിൽ പിടിച്ചപ്പോൾ കുറ്റബോധത്തിൻ്റെ നെടുവീർപ്പുകൾ ഉയർന്നു വന്നു.
” ഞാൻ ആ ഓഫീസിൽ നിന്നും വേറെ ഓഫീസിലേക്കു ഷിഫ്റ്റ് ചെയ്തു. ഇനി ഈ സ്മാർട്ട് ഫോണും അച്ഛന് വേണ്ടാ..”
സനൽ കയ്യിലിരുന്ന
ഫോൺ മേശപ്പുറത്തു വച്ചിട്ട് അനഘയുടെ നെറ്റിയിൽ ചുംബിച്ചു.

ആ കണ്ണീർ പ്രാർത്ഥനയുടെ സമാപ്തിയിൽ അനഘയുടെ മിഴിയിണകൾ നിറഞ്ഞൊഴുകി.

സ്റ്റാൻലി എം.മങ്ങാട്✍

RELATED ARTICLES

Most Popular

Recent Comments