Tuesday, April 23, 2024
Homeഅമേരിക്കഇരുട്ട് (ചെറുകഥ) ✍അനിത പൈക്കാട്ട്.

ഇരുട്ട് (ചെറുകഥ) ✍അനിത പൈക്കാട്ട്.

കാറ്റത്ത് ഉലഞ്ഞാടുന്ന തെങ്ങോലയിൽ അള്ളിപിടിച്ചിരിക്കുന്ന രണ്ട് ബലികാക്കകൾ
അമ്മയാണോ അത് ??.. കൂടെ അച്ഛനാണോ??..
അല്ലേ ഇളയ സഹോദരനോ??..
ആരാവും..

മരിച്ചാൽ നമ്മൾ കാക്കകളാവും എന്നു നാണിത്തള്ള പറഞ്ഞിരുന്നു ജനലാഴികളിൽ മുഖം ചേർത്തു വെച്ചു ഒഴുകുന്ന കണ്ണീർ ഒളിപ്പിക്കാനെന്ന പോലെ

പറമ്പിലെ കരിയിലകൾ അടിച്ചു വാരി തീ കൂട്ടുമ്പോൾ ഉയരുന്ന തീജ്വാലകളെപ്പോലും പേടിച്ചിരുന്ന അമ്മ.. തീജ്വാലകൾ അമ്മയെ വിഴുങ്ങുമ്പോൾ അമ്മ പേടിച്ചുവോ ..

അയൽവക്കത്തെ വാസവേട്ടൻ തൂങ്ങി മരിച്ചു എന്നറിഞപ്പോൾ രാത്രിയിൽ അമ്മയുടെ മുറിയിൽ അഭയം തേടിയവനായിരുന്നു അനികുട്ടൻ.. ഓർക്കാപ്പുറത്തു മരണം വന്ന് അവനെ പിടുത്തമിട്ടപ്പോൾ അവന് പേടി തോന്നിയിരുന്നില്ലേ

ഈ മുറി മുഴുവനും കുഴമ്പിന്റെ മണമാണല്ലോ അമ്മേ.. കുന്തിരിക്കവും സാമ്പ്രാണിയും പുകച്ചു കുഴമ്പു മണത്തെ പലദിവസങ്ങളിലും
ആട്ടിയോടിക്കാൻ ശ്രമിച്ചിരുന്നു

ഇന്നാ കുഴമ്പു മണത്തെയും ഞാൻ സുഗന്ധമായി സ്നേഹിച്ചു, കുന്തിരിക്കവും
സാമ്പ്രാണിയും പുകച്ചു പുറത്തു ചാടിക്കാതെ താനെ ഇറങ്ങിപ്പോയ കുഴമ്പു മണത്തെ
മൂക്കു വിടർത്തി വലിച്ച് എടുക്കാൻ വ്യഥാ ശ്രമിച്ചു.

പോക്കുവെയിൽ നെല്ലി ഇലകളെ സ്വർണ്ണം പൂശുകയാണ്. നാലുമണിപ്പുക്കൾ വിടർന്നു
കഴിഞ്ഞു അതിന്റെ കറുത്ത വിത്തുകൾ പെറുക്കി വടക്ക് വശത്തെ വേലിയിൽ ചുമ്മാ വിതറി വെക്കുന്ന അമ്മ..

അമ്മക്ക് നാല് മണിപ്പൂക്കൾ ഇഷ്ടമായിരുന്നു. നാല് മണിപ്പൂവിന്റെ നിറമുള്ള സാരി
വാങ്ങണട്ടോ അനുവേ നീ. നിനക്കത് നന്നായി ചേരും അമ്മ എന്നും പറയുമായിരുന്നു.

പകൽ സന്ധ്യക്ക് വഴി മാറി കൊടുത്തു, ചുവന്നു തുടുത്ത ആകാശം, ദൂരെ മൊട്ടക്കുന്നിന്റെ നിറുകയിൽ കയറിയാൽ ആകാശം തൊടാമെന്നു.. അനിരുദ്ധൻ പറഞ്ഞിരുന്നു. ചുവന്നു തുടുത്ത ആകാശം ഒന്ന് തൊടണമെന്ന് ഒത്തിരി ആഗ്രഹിച്ചിരുന്നു

ആഗ്രഹങ്ങൾ എല്ലാം ബാക്കിയല്ലേ അടുക്കളയിലെ ഒഴിഞ്ഞ ഒരു പ്ലാസ്റ്റിക്ക് പാത്രത്തിൽ ഓരോ ആഗ്രഹങ്ങളും എഴുതിയ കടലാസ്സ് ചുരുട്ടി വെച്ചിട്ടുണ്ട് എത്രയെണ്ണമായോ എന്തോ

എത്ര നേരമായി ഇവിടെ നിൽക്കുന്നു എന്നറിഞ്ഞൂടാ ആരും അന്വേഷിക്കാനില്ല,
നാഴികക്ക് നാൽപത് വട്ടം അനു നീ എന്തെടുക്കുന്നു ഇങ്ങട്ട് ഒന്നു വരുമോ..
അമ്മയുടെ അന്വേഷണം അത് നിലച്ചു
പതിനാറ് ദിവസങ്ങൾ കഴിഞ്ഞു .

ഇവളുടെ കാര്യത്തിൽ എന്താ ചെയ്യുക
ആർക്കാ കൂടെ നിൽക്കാൻ പറ്റുക?..
ചെറിയച്ഛന്റ ചോദ്യത്തിന് തന്നോട് നിൽക്കാൻ പറയുമോന്ന് കരുതിയാവണം ചേച്ചി മൊബൈയിൽ എടുത്തു ചെവിയിൽ വെച്ചു മുറ്റത്തോട്ടിറങ്ങിയത്. എല്ലാവർക്കും തിരക്ക് വേണമെങ്കിൽ രണ്ടീസം നിൽക്കാമെന്ന് മൂത്തമ്മായിയുടെ ഔദാര്യം.. രാത്രി നിൽക്കാൻ ആ ചേച്ചി ഉണ്ടാവില്ലേ പിന്നെ പകലെന്ത് പേടിക്കാനാ.

എല്ലാം തീരുമാനങ്ങളുമായി ഞങ്ങൾ പിന്നെ വരാട്ടോ എന്ന് പറഞ്ഞു എല്ലാവരും പിരിഞ്ഞു പോയി. “കരയരുതു മനസ്സേ എന്നെ നീ തളർത്തല്ലേ എന്ന് മനസ്സിനോട് കെഞ്ചി”..
കരഞ്ഞില്ല എല്ലാവരും പടിയിറങ്ങിയപ്പോൾ ചേച്ചിയുടെ കൈത്തലം ഒന്ന് പിടിച്ചു നെഞ്ചകം വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു.
” എനിക്ക് ഇനി നീയല്ലാതെ മറ്റാരുമില്ല”..
എന്നു മനസ്സിൽ പറഞ്ഞു കണ്ണു നിറയുന്നതിന് മുന്നേ മുറിയിലേക്ക് ഓടിക്കയറി. വല്ലാത്തോരു ശൂന്യത, മൗനം ഘനീഭവിച്ച വീടിന്റ ഉള്ളം.

” ചേച്ചിയേ ഞാൻ പുറത്തു പോണു
എന്തെലും വാങ്ങാൻ ഉണ്ടോ”..
അനിക്കുട്ടന്റ  ശബ്ദം

” മോളെ അനു അവൻ ഇനിയും വന്നില്ലല്ലോ ഈ ചെക്കന് നേരം ഇത്രയായിന്ന് അറിയില്ലേ”..
മകൻ പുറത്തുപോയി വരുന്നതുവരെ അമ്മ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും

ഇന്ന് അമ്മക്ക് മകനെ കുറിച്ച് ആവലാതികൾ ഇല്ല, മകൻ കൂടെയുണ്ട്.. “ഞാൻ പോയൽ എന്റെ മോൾക്കാരുമുണ്ടാവില്ല അതോർത്താ എന്റെ ആധി”.. അയൽവക്കത്തെ ചേച്ചിയോട് പറഞ്ഞു കരയുന്ന അമ്മയുടെ മുഖം ഇപ്പഴും കൺമുന്നിൽ തെളിയുന്നുണ്ട്.

” അനു …നീ എവിടെ”. രാത്രി കൂട്ട് കിടക്കാൻ വരുന്ന ചേച്ചിയുടെ വിളി. വേഗം താഴെക്കിറങ്ങി
” എല്ലാരും പോയി അല്ലേ നിന്റെ കുടെ പിറപ്പിന് കുറച്ച് ദിവസം കൂടി നിക്കായിരുന്നു.. ”
അവർക്കാണ് എല്ലാരെക്കാൾ തിരക്ക് എന്ന്
ചേച്ചിയോട് പറയാൻ പറ്റില്ലല്ലോ..

ഇരുട്ടിന് കനം വെച്ച് തുടങ്ങി കാപ്പിപ്പൂവിന്റെ മണം. “കനകചേച്ചി കാപ്പി പൂത്തിട്ടുണ്ട് അല്ലേ! ”

” ഉവ്വ് ..നിറയെ പൂത്തിട്ടുണ്ട്.. ” ഇരുട്ടിലേക്ക് മിഴികൾനട്ട് മനസ്സ് എവിടയോ മേയാൻ പോയിരിക്കുന്നു അറ്റമില്ലാത്ത ചിന്തകൾ..
” അനു.. ” ചേച്ചിയുടെ വിളി
എന്റെ കാര്യത്തിൽ ഒരു തീരുമാനമായി
അവരുടെ മുഖത്തെ നാണം കലർന്ന ചിരി കണ്ടപ്പോൾ എനിക്കും ചിരി വന്നു

” എന്താണ് ചേച്ചി?.. ”

അവർ കല്യാണത്തിന് തിരക്ക് കൂട്ടുന്നു, അപ്പഴാ ഓർത്തത് ചേച്ചി ഒരാളുമായി അടുപ്പത്തിലാണെന്.. 60 വയസ്സ് ഉണ്ട് ചേച്ചിക്ക്
ഒറ്റക്കായതിൽ വലിയ സങ്കടവും പ്രയാസവും ഉണ്ടായിരുന്നവർക്ക്

” നാൽപ്പതുകളുടെ നിറവിൽ നിൽക്കുന്ന
നീ തനിച്ചല്ലേ.. ” ആരോ ചെവിയിൽ മന്ത്രിച്ച പോലേ. ഇരുട്ടിലേക്ക് തുറിച്ചു നോക്കി നെഞ്ചിലെ മിടിപ്പിനെ നിയന്ത്രിച്ചിട്ടും കണ്ണുകൾ പെയ്തിറങ്ങുകയാണ്.. ഒറ്റക്കായി പോയി
ജീവിതം അറ്റമില്ലാതെ നീണ്ടു കിടക്കുന്നു,
മുന്നിൽ നടക്കാനല്ല കൂടെ ചേർന്നു നടക്കാൻ എന്റെതെന്ന് പറയാൻ, സന്തോഷവും സങ്കടവും പങ്കിട്ടെടുക്കാൻ ആരെങ്കിലും വേണ്ടേ…

വരുമോ ഒരാൾ!!.. വരുമായിരിക്കും അല്ലേ?..

കറുത്ത കമ്പളം പുതച്ചുറങ്ങുന്ന രാവിന് കൂട്ടായി ഒരു പിടി നക്ഷത്രങ്ങളും…

അനിത പൈക്കാട്ട്.✍

RELATED ARTICLES

Most Popular

Recent Comments