Saturday, November 2, 2024
Homeഅമേരിക്കആർട്ടിഫിഷ്യൽ ഇന്റലിജൻസും കലാസാഹിത്യവും. ✍ വൈക്കം സുനീഷ് ആചാര്യ

ആർട്ടിഫിഷ്യൽ ഇന്റലിജൻസും കലാസാഹിത്യവും. ✍ വൈക്കം സുനീഷ് ആചാര്യ

കാലം മാറിക്കൊണ്ടേയിരിക്കുന്നു. എന്നാൽ വരുംകാലങ്ങളിൽ നമ്മളെ കാത്തിരിക്കുന്നത് നാളിതുവരെ നമ്മൾ ചിന്തിക്കാത്ത വിസ്മയങ്ങളാണ്. സാങ്കേതികവിദ്യ മനുഷ്യരുടെ ജീവിതത്തിലെ സമസ്തമേഖലകളിലും പിടിമുറുക്കാൻ പോകുന്നു.

കവികളില്ലാതെ കവിതകളും കഥാകൃത്തുക്കളില്ലാതെ കഥകളും ചിത്രകാരന്മാരില്ലാതെ ചിത്രങ്ങളും സംവിധായകരില്ലാതെ സിനിമകളും സംഗീതസംവിധായകരില്ലാതെ മനോഹരമായ ഗാനങ്ങളും വന്നാൽ അദ്ഭുതപ്പെടേണ്ടതില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യരുടെ
സർഗ്ഗാത്മകകലകളിലും കുത്തക സ്ഥാപിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കാം അല്ലെങ്കിൽ മനുഷ്യരിൽ അവശേഷിച്ചിരുന്ന സർഗ്ഗാത്മകമായ കഴിവുകളും മരിച്ചുവെന്ന് മനസ്സിലാക്കാം.

ഗവേഷകരംഗത്തെ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ 2024 ൽ ഭാഷകൾ തർജ്ജമ ചെയ്യുവാനും സ്കൂളുപന്യാസങ്ങൾ രചിക്കാൻ 2026 ലും ഉത്പന്നങ്ങൾ കച്ചവടം ചെയ്യുവാൻ 2031ലും ഏറ്റവും കൂടുതൽ വിറ്റഴിക്കാൻ കഴിയുന്ന പുസ്തകങ്ങൾ 2049 ലും മനുഷ്യശരീരത്തിൽ ശസ്ത്രക്രിയകൾ 2053 ലും നിർവ്വഹിക്കാൻതക്കവിധം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനു കഴിയുമെന്നാണ്.

അറിഞ്ഞോ അറിയാതെയോ നമ്മൾ സോഷ്യൽമീഡിയകളിലും മാർക്കെറ്റിങ്, ബാങ്കിംഗ് തുടങ്ങിയ സേവനങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രയോജനം അനുഭവിക്കുന്നുണ്ട്. ചാറ്റ്ബോട്ടുകൾ അതിനുദാഹരണമാണ്.
അതിൽനിന്നു വ്യത്യസ്തമായി കൃത്യമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെ പ്രവർത്തിക്കാൻ കഴിയുന്ന GPT,-3 (ജിപിറ്റി തേർഡ്/ഫോർത് ജനറേഷൻ )സജ്ജമായിക്കൊണ്ടിരിക്കുന്നു.

എല്ലാവിധകലകളും സമ്മേളിക്കുന്ന ദൃശ്യകലാരൂപമാണ് സിനിമ. ആർട്ടിഫിഷ്യൽ ഇന്റർലിജൻസ് പ്രാവർത്തികമാകുന്നതോടെ തിരക്കഥ,എഡിറ്റിംഗ്,മിക്സിങ്, ഡബ്ബിങ് കൊറിയോഗ്രാഫി, സംഗീതംതുടങ്ങി വിവിധമേഖലകളും കീഴടക്കും. ഇതോടെ വലിയൊരുവിഭാഗം കലാകാരന്മാർ പുറന്തള്ളപ്പെടും.ഇരുപതുശതമാനം മാനുഷികശേഷിയും എൺപതുശതമാനം ആർട്ടിഫിഷ്യൽ ഇന്റലിജൻസും എന്നരീതിയിൽ സിനിമാരംഗവും മാറും. അഭിനയരംഗത്തും ഇതിന്റെ സ്വാധീനമുണ്ടാകും. കഥാപാത്രങ്ങളുടെ ഇമോഷൻസ് വേണ്ടവിധം ക്രമീകരിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതോടെ സ്വഭാവികമായ അഭിനയം നഷ്ടമാകുന്നു.

സാഹിത്യരംഗത്തും പ്രസിദ്ധീകരണ മേഖലകളിലും വലിയമാറ്റങ്ങൾ വരുത്തും.
ഷേക്സ്പിയർഎഴുതിയതു പോലെ മനോഹരമായ ഒരുകവിത ആവശ്യപ്പെട്ടാൽ അഞ്ചുനിമിഷങ്ങൾക്കകം കവിത ലഭിക്കും. രാജാരവിവർമ്മയുടെ ചിത്രങ്ങൾപോലെ മനോഹരമായ ചിത്രങ്ങളും വയലാറിന്റെ രചനകൾപോലെ അർത്ഥസമ്പുഷ്ടമായ വരികളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സമ്മാനിക്കാൻ കഴിയും. പ്രസ്സിദ്ധീകരണരംഗത്തെ എഡിറ്റിംഗ് പ്രിന്റിംഗ് ജോലികളും ഒരുപക്ഷേ എഴുത്തുകാരുടെ രചനകളില്ലാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ സൃഷ്ടിക്കുന്ന രചനകളുമായി പ്രസിദ്ധീകരണങ്ങൾ ഇറങ്ങുവാനും സാധ്യതകാണുന്നു.

മാറ്റങ്ങളെ ഉൾക്കൊള്ളാൻ ലോകം തയ്യാറായിക്കഴിഞ്ഞു.
നാലാംവിപ്ലവമെന്ന് വിശേഷിപ്പിക്കാവുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവ് ചികത്സാരംഗത്തുൾപ്പെടെ വലിയ മാറ്റങ്ങൾക്ക് സഹായിക്കുമെങ്കിലും എന്റെമനസ്സിൽ ചിലചോദ്യങ്ങൾ അവശേഷിക്കുന്നു. മാനുഷിക മൂല്യങ്ങളും ആർദ്രമായ മനസ്സുമുള്ള ഒരുതലമുറ ഇനിയുണ്ടാകുമോ?
കലകളുംസാഹിത്യങ്ങളും പോലുള്ള സർഗ്ഗശേഷികൾ മനുഷ്യരിലുണ്ടാവുമോ? ഹൃദയമുള്ള മനുഷ്യരുണ്ടാകുമോ? കാലം തെളിയിക്കട്ടെ.

✍വൈക്കം സുനീഷ് ആചാര്യ

RELATED ARTICLES

Most Popular

Recent Comments