തൃശ്ശൂർ : തൃശൂർ പൂരത്തോടനുബന്ധിച്ച് ആന എഴുന്നള്ളത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ തിരുത്തലിന് നടപടി. വനംമന്ത്രി എ കെ ശശീന്ദ്രൻ ആണ് പൂരത്തിന്റെ ആന എഴുന്നുള്ളിപ്പുമായി ബന്ധപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറത്തിറക്കിയ സർക്കുലർ തിരുത്താൻ നിർദ്ദേശം നൽകിയത്. ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി പുതിയ സർക്കുലർ ഇറക്കുമെന്ന് അധികൃതർ അറിയിച്ചു.
തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട ആന എഴുന്നള്ളത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് സർക്കാരിൽ നിന്നുമുള്ള നടപടി. പൂരം കൊടിയേറുന്നതിന് മണിക്കൂറുകൾക്കു മുൻപ് മാത്രമാണ് വിവാദമായ നിർദ്ദേശങ്ങളുടെ ഉത്തരവ് ദേവസ്വങ്ങൾക്ക് ലഭിച്ചിരുന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ അപ്രായോഗികമായതിനെ തുടർന്ന് പൂരം നടത്തിപ്പ് തന്നെ പ്രതിസന്ധിയിലായിരുന്നു.