കണ്ണൂർ: ജീവനക്കാരുടെ പണിമുടക്കിനെത്തുടർന്ന് തുടർച്ചയായ രണ്ടാംദിവസവും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി. കണ്ണൂരിൽനിന്നാണ് കൂടുതൽ വിമാനങ്ങൾ റദ്ദാക്കിയിരിക്കുന്നത്. ഷാർജ, അബുദാബി വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. വിമാന ജീവനക്കാർ കൂട്ട അവധിയെടുത്തോടെയാണ് രാജ്യത്തൊട്ടാകെ യാത്രക്കാർ ദുരിതത്തിലായത്. ഇന്നലെ മാത്രം 70ൽ അധികം സർവീസുകൾ റദ്ദാക്കിയിരുന്നു.
ഇന്ന് രാവിലെ 4:20ന് പുറപ്പെടേണ്ട ഷാർജ വിമാനം റദ്ദ് ചെയ്തെന്ന അറിയിപ്പ് അവസാന നിമിഷമാണ് വരുന്നത്. ഇന്ന് ഇതുവരെ നാല് വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1:10 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട വിമാനവും കണ്ണൂരിൽ നിന്ന് മസ്‌കറ്റിലേക്ക് പുലര്‍ച്ചെ പോകേണ്ട വിമാനവും കണ്ണൂരിൽ നിന്ന് ദമാമിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയ മറ്റുള്ളവ. ഇന്നലെ രാത്രി 10:10ന് തിരുവനന്തപുരത്ത് നിന്ന് ദമാമിലേക്ക് പോകേണ്ട വിമാനവും റദ്ദാക്കിയിരുന്നു.കണ്ണൂർ ഷാർജ വിമാനവും റദ്ദാക്കിയതോടെ കണ്ണൂരിൽ നിന്ന് ഇതുവരെ നാല് വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഇന്നലെ പുലർച്ചെയും കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസുകൾ കാൻസൽ ചെയ്തിരുന്നു.
ദമാം, മസ്കറ്റ് വിമാനങ്ങളാണ് ഇന്നലെ സർവീസ് നിർത്തിവെച്ചത്അലവൻസ് വർധന വിഷയം ഉയർത്തിയാണ് എയർ ഇന്ത്യ ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവ് അപ്ലൈ ചെയ്യുകയും മൊബൈൽ ഓഫ് ചെയ്യുകയുമായിരുന്നെന്നാണ് റിപ്പോർട്ട്. ഇതോടെ നിരവധി ആഭ്യന്തര – അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കാൻ കമ്പനി നിർബന്ധിതരാവുകയായിരുന്നു.
റദ്ദാക്കിയത് 70ലധികം സർവീസുകളാണ്.
അപ്രതീക്ഷിത സമരത്തിൽ വിസ കാലാവധി തീരാനിരിക്കുന്നവർ വരെ കുടുങ്ങിപ്പോവുകയായിരുന്നു. ഇന്ന് എത്തില്ലെങ്കിൽ ജോലിയ്ക്ക് കയറേണ്ടെന്നാണ് തൊഴിലുടമ പറയുന്നതെന്ന സങ്കടവും യാത്രക്കാർ ഇന്നലെ പങ്കുവെച്ചിരുന്നു. തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിലെല്ലാ യാത്രക്കാര്‍ ബുദ്ധിമുട്ടിലായിട്ടുണ്ട്.