ലഖ്നോ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ മുസ്ലിം പള്ളിയിലെ പതാക മാറ്റി കാവി പതാക സ്ഥാപിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. രാമചന്ദ്ര മിഷൻ പോലീസ് സ്‌റ്റേഷനു കീഴിലുള്ള ലാൽബാഗ് പ്രദേശത്തെ പള്ളിയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അങ്കിത് കതാരിയ, രോഹിത് ജോഷി, രോഹിത് സക്സേന തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പള്ളിയിലേക്ക് രാത്രി അതിക്രമിച്ച് കയറിയ ആക്രമികൾ പള്ളിയിൽ സ്ഥാപിച്ചിരുന്ന പച്ചക്കൊടി മാറ്റി പകരം കാവി പതാക സ്ഥാപിക്കുകയായിരുന്നുവെന്ന് പൊലീസ് സുപ്രണ്ട് അശോക് കുമാർ മീണ പറഞ്ഞു. സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം രാമന്‍റെ പേരെഴുതിയ പതാക നശിപ്പിച്ച സംഭവത്തിൽ തിൽഹാറിൽ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തിരിച്ചറിയാനാകാത്ത 12 പേർക്കെതിരെയും സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും തിൽഹാർ സർക്കിൾ ഓഫീസർ പ്രിയങ്ക് ജെയിൻ അറിയിച്ചു.