കോട്ടയത്തെ മീനച്ചിലാർ – മീനന്തറയാർ – കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മലരിക്കൽ ജലടൂറിസം കേന്ദ്രത്തിൽ ഈ വർഷത്തെ ടൂറിസം മേള 26ന് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.
തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ അധ്യക്ഷത വഹിക്കും. നദീ പുനർസംയോജന പദ്ധതി കോഓർഡിനേറ്റർ കെ.അനിൽകുമാർ പ്രസംഗിക്കും.
തിരുവാർപ്പ് പഞ്ചായത്ത്, നദി പുനർസംയോജന പദ്ധതി ജനകീയ കൂട്ടായ്മ, മലരിക്കൽ ടൂറിസം സൊസൈറ്റി, ജെ–ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ, കാഞ്ഞിരം, തിരുവാർപ്പ് സർവീസ് സഹകരണ ബാങ്കുകൾ, തിരുവാർപ്പ് മത്സ്യത്തൊഴിലാളി സഹകരണ സംഘം എന്നിവർ ചേർന്നാണു പരിപാടി നടത്തുന്നത്.
ഫെസ്റ്റിനോടനുബന്ധിച്ച് യന്ത്രം ഘടിപ്പിച്ച വള്ളങ്ങളുടെ ഘോഷയാത്ര, ചെറുവള്ളങ്ങളുടെ മത്സര വള്ളംകളി എന്നിവ 27നും വടംവലി മത്സരം 28നും നടത്തും. കുറത്തിയാട്ടം, ഗാനമാലിക, നാടൻപാട്ട്, നൃത്തനൃത്യങ്ങൾ, തിരുവാതിരക്കളി, കൈകൊട്ടിക്കളി തുടങ്ങി വിവിധ പരിപാടികൾ നടത്തും. ഭക്ഷ്യമേളയും മൂന്നു ദിവസവും ഉണ്ടാകും.
തോമസ് ചാഴികാടൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു തുടങ്ങിയവർ വിവിധ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും. മീനച്ചിലാറിനെപ്പറ്റി പുസ്തക രചന നടത്തിയ തിരുവല്ല മാർത്തോമ്മാ കോളജിലെ പ്രഫസർ ഡോ. ലതാ പി.ചെറിയാനെ സിപിഐ ജില്ലാ സെക്രട്ടറി വി.ബി.ബിനു ആദരിക്കും.