Monday, December 23, 2024
HomeKeralaകുറ്റവാളികളും മോഷ്ടാക്കളും കുടുങ്ങും; കണ്ണൂരിൽ ‘ആയിരം കണ്ണുമായി’ പോലീസ്.

കുറ്റവാളികളും മോഷ്ടാക്കളും കുടുങ്ങും; കണ്ണൂരിൽ ‘ആയിരം കണ്ണുമായി’ പോലീസ്.

കണ്ണൂർ:കുറ്റകൃത്യങ്ങളും മോഷണവും വർധിക്കുന്ന സാഹചര്യത്തിൽ പുതിയ പദ്ധതിയുമായി കണ്ണൂർ പോലീസ്. പൊതു സുരക്ഷയ്ക്കും സ്വയം രക്ഷയ്ക്കുമായി സിറ്റി പോലീസ് പരിധിയിൽ 1000 സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ‘ആയിരം കണ്ണുമായി’ എന്ന്‌ പേരിട്ട പദ്ധതി കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത്ത് കുമാറിന്റെ നിർദേശത്തിൽ എസിപി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതിനകം 456 ക്യാമറകൾ സ്ഥാപിച്ചു. സ്ഥാപനങ്ങൾ, വീടുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ വീടുകളിലും സ്ഥാപനങ്ങളിലും എത്തി പൊതു ജനങ്ങളെ ബോധവത്കരിച്ചാണ് ക്യാമറ സ്ഥാപിക്കാൻ നിർദേശിക്കുന്നത്.
അതതിടങ്ങളിലെ വീട്ടുകാരുടെയും സ്ഥാപന ഉടമകളുടെയും സഹായത്തോടെ ആണ് ക്യാമറകൾ ‌സ്ഥാപിക്കുന്നത്. ജനങ്ങൾക്കും പോലീസിനും സഹായകമാകുന്ന രീതിയിൽ ക്യാമറകളിൽ ഒരെണ്ണം റോഡിലേക്ക് കാണും വിധം വെക്കാനും നിർദേശം നൽകിയിട്ടുണ്ട്.

മുൻകാലങ്ങളിൽ സ്ഥാപിച്ച ക്യാമറകൾ പരിചരണമില്ലാതെ പ്രവർത്തന രഹിതമാകുന്നത് പതിവായിരുന്നു. എന്നാൽ അതിൽ നിന്ന്‌ വ്യത്യസ്തമായി ക്യാമറയുടെ പരിചരണവും അറ്റകുറ്റ പണികളും ക്യാമറ നൽകുന്നവരുടെ ഉത്തരവാദിത്വത്തിലാണ് നടത്തുന്നത്.
സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ ചെലവ് വ്യക്തികളോ സ്ഥാപനങ്ങളോ ആണ് നൽകുന്നത്. ക്യാമറ നൽകുന്നവരുടെ പേരും ഫോൺ നമ്പറും അതത് പോലീസ് സ്റ്റേഷനുകളിൽ സുക്ഷിക്കും.

വീടുകൾ, ക്ഷേത്രങ്ങൾ, പള്ളികൾ, ചർച്ചുകൾ, ആശുപത്രി, പെട്രോൾ പമ്പ്, സ്കൂളുകൾ, പൊതു ഇടങ്ങൾ, പ്രധാന റോഡുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ക്യാമറകൾ സ്ഥാപിക്കുന്നത്.
ചക്കരക്കല്ല് പോലീസ് സ്റ്റേഷൻ പരിധിയിൽ -35, എടക്കാട് -24, കണ്ണപുരം -130, വളപട്ടണം -37, കണ്ണൂർ ടൗൺ -175, കണ്ണൂർ സിറ്റി -36, മയ്യിൽ -19 എന്നിവിടങ്ങളിലായി 456 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments