Thursday, December 26, 2024
HomeKeralaകടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ആധാര്‍കാര്‍ഡ് കൈവശം വെക്കണം; ഇല്ലെങ്കിൽ പിഴയൊടുക്കേണ്ടിവരും

കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ആധാര്‍കാര്‍ഡ് കൈവശം വെക്കണം; ഇല്ലെങ്കിൽ പിഴയൊടുക്കേണ്ടിവരും

കോഴിക്കോട്: —കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ആധാർകാർഡ് കൈവശം വെക്കണമെന്ന വ്യവസ്ഥ കർശനമായി നടപ്പാക്കും. തീരദേശ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാ​ഗമായാണ് 2018-ൽ കൊണ്ടുവന്ന വ്യവസ്ഥ കർശനമായി നടപ്പാക്കാനൊരുങ്ങുന്നത്. ആധാർ കാർഡ് കൈവശം സൂക്ഷിക്കാതെ മത്ത്യബന്ധനത്തിനായി കടലിൽ പോകുന്നവരിൽ നിന്നും 1000 രൂപ പിഴ ഈടാക്കും.

സംസ്ഥാന പോലീസ് ഇന്റലിജൻസ് വിങ്ങും സ്‌പെഷ്യൽ ബ്രാഞ്ചും നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തരസുരക്ഷ കണക്കിലെടുത്താണ് കടലിൽ പരിശോധന ശക്തമാക്കുന്നത്. കടൽവഴി ലഹരിക്കടത്തു നടക്കുന്നതായും തീവ്രവാദ സംഘടനയിൽപ്പെട്ടവർ നുഴഞ്ഞുകയറുന്നതായും ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിലാണ് നിയമം കർശനമാക്കുന്നത്.

വഞ്ചികളിലും ബോട്ടുകളിലും മീൻപിടിക്കാൻ പോകുന്നവർ ആരെല്ലാമാണെന്ന് അതിന്റെ ഉടമകൾക്കുതന്നെ അറിയാത്ത സ്ഥിതിയുണ്ട്. ബംഗാളിൽനിന്നും ഒഡിഷയിൽനിന്നും ഉള്ളവരാണ് തീരദേശങ്ങളിൽ തമ്പടിച്ച് ഈ ജോലിയിൽ ഏർപ്പെടുന്നത്. വ്യാജ തിരിച്ചറിയൽ കാർഡുകൾ സംഘടിപ്പിച്ചാണ് ഇവരിൽ പലരും മത്സ്യത്തൊഴിലാളികൾ എന്ന പേരിൽ പണിയെടുക്കുന്നത്.

മീൻപിടിക്കാൻ പോവുമ്പോൾ ആധാർ കാർഡ് കൈവശം വെക്കാൻ നിർബന്ധിക്കുന്നതിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച പ്രായോഗിക ബുദ്ധിമുട്ടുകളാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. കടൽക്ഷോഭവും മറ്റും ഉണ്ടാകുന്ന അവസരങ്ങളിൽ യഥാർഥ രേഖകൾ കൈവശംവെക്കുന്നത് സുരക്ഷിതമല്ലെന്നും ഇവർ പറയുന്നു. രേഖകളുടെ പകർപ്പ് കൈവശം വെക്കാൻ അനുവദിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

ഇതിന്റെ പ്രായോഗിക വശം ഉൾക്കൊണ്ട് ഭേദഗതി നിർദേശിക്കുമെന്ന് ഫിഷറീസ് അധികൃതർ പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കിടയിൽ ഇതുസംബന്ധിച്ച ബോധവത്കരണ പരിപാടികൾ ഊർജിതപ്പെടുത്തും. അതിനുശേഷം പരിശോധന വ്യാപകമാക്കുമെന്നാണ് അധികൃതർ പറയുന്നത്.
– – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments