ചെന്നൈ; തമിഴ്‌നാട്ടില്‍ ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തില്‍ ഇത്തവണ കമല്‍ ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം സഹകരിക്കും. പക്ഷെ, മത്സരത്തിന് ഇല്ലെന്ന് നടന്‍ വ്യക്തമാക്കി.
മക്കള്‍ നീതി മയ്യത്തിന് 2025ല്‍ ഒരു രാജ്യസഭാ സീറ്റ് വാഗ്ദാനം ലഭിച്ചതോടെയാണ് മത്സര രംഗത്തു നിന്നുള്ള പിന്‍മാറ്റം എന്നാണ് വാര്‍ത്തകള്‍. കമല്‍ ഹാസന്റെ പാര്‍ട്ടി പിന്‍മാറിയതോടെ ലഭിച്ച ലോക് സഭാസീറ്റ് കോണ്‍ഗ്രസിന് കൈമാറാന്‍ കഴിയും എന്നതാണ് സീറ്റ് വിഭജന ചര്‍ച്ചയിലെ ബാലന്‍സ്. ഈ ഒരു സീറ്റ് കോണ്‍ഗ്രസിന് നല്‍കുന്നതില്‍ നിന്നും വിഭജിക്കണം എന്നായിരുന്നു നേരത്തെ ഡി എം കെ നിലപാട് വെച്ചത്.
കഴിഞ്ഞതവണ തമിഴ്നാട്ടില്‍ ഒമ്പതുസീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ഇത്തവണ ഏഴുസീറ്റില്‍ കൂടുതല്‍ നല്‍കാനാകില്ലെന്ന തീരുമാനത്തിലാണ് ഡി.എം.കെ. ഉറച്ചു നിന്നത്. മാത്രമല്ല അനുവദിക്കുന്ന സീറ്റുകളില്‍ ഒന്ന് കമലിന് നല്‍കണമെന്ന ഉപാധിയും വെച്ചു, ഇത് നിലനില്‍ക്കുകയാണെങ്കില്‍ ആറു സീറ്റ് മാത്രമാവും എന്നത് കോണ്‍ഗ്രസുമായുള്ള ചർച്ചകളെ ഉലച്ചിരുന്നു.
ശനിയാഴ് രാവിലെ നടനും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തി. ഇതിനു പിന്നാലെയാണ് തീരുമാനം വന്നത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് തമിഴ്നാട്ടില്‍ ഒന്‍പത് സീറ്റുകള്‍ തന്നെ നല്‍കിയേക്കും. പുതുച്ചേരിയില്‍ ഒരു സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കുന്നുണ്ട്.
രാജ്യസഭാ സീറ്റ് വാഗാദനം ലഭിച്ച കാര്യം മക്കള്‍ നീതി മയ്യം പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണാചലം വെളിപ്പെടുത്തിയിട്ടുണ്ട്. ഡിഎംകെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം. ഇത്തവണ മത്സരത്തിനില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
”താനോ തന്റെ പാര്‍ട്ടിയോ ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, എന്നാല്‍ ഡിഎംകെ സഖ്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. സഹകരണം ഏതെങ്കിലും സ്ഥാനത്തിന് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടിയാണ്” എന്ന് കമല്‍ഹാസന്‍ പ്രതികരിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ സഖ്യത്തിന്റെ താര പ്രചാരകനായിരിക്കും കമല്‍ ഹാസന്‍.
ഡിഎംകെ കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന കരാര്‍ ശനിയാഴ്ച വൈകുന്നേരത്തോടെ അന്തിമമാക്കുമെന്ന് ഡി എം കെ വൃത്തങ്ങള്‍ അറിയിച്ചു.
2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ ഡിഎംകെയും കോണ്‍ഗ്രസും സമാനമായ സീറ്റ് വിഹിതത്തില്‍ ധാരണയുണ്ടാക്കിയിരുന്നു. സംസ്ഥാനത്തെ 39 ലോക്സഭാ സീറ്റുകളില്‍ 38ലും ഭരണ സഖ്യം തൂത്തുവാരി. അന്ന് മത്സരിച്ച 9 സീറ്റില്‍ 8 എണ്ണവും കോണ്‍ഗ്രസ് നേടി.