Thursday, October 31, 2024
Homeഇന്ത്യവിലപേശൽ തുടങ്ങി: അര ലക്ഷം കോടി വീതം വേണമെന്ന്‌ നിതീഷും നായിഡുവും.

വിലപേശൽ തുടങ്ങി: അര ലക്ഷം കോടി വീതം വേണമെന്ന്‌ നിതീഷും നായിഡുവും.

ന്യൂഡൽഹി; ഒറ്റയ്‌ക്ക്‌ ഭൂരിപക്ഷമില്ലാത്ത ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്‌ പിന്തുണ നൽകുന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാറും വിലപേശൽ ശക്തമാക്കി. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ കേന്ദ്രത്തിൽനിന്ന്‌ അര ലക്ഷം കോടിയോളം രൂപയുടെ പദ്ധതികൾ വീതം വേണമെന്ന്‌ ഇരു നേതാക്കളും ആവശ്യമുന്നയിച്ചു.

ടിഡിപിയുടെയും ജെഡിയുവിന്റെയും പിന്തുണ നിർണായകമായതിനാൽ ആവശ്യങ്ങളോട്‌ പൂർണമായും മുഖംതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിർമല സീതാരാമനും സാധിക്കില്ല. 23 നാണ്‌ ബജറ്റ്‌. ബിജെപിക്ക്‌ 240 എംപിമാർ മാത്രമായതിനാൽ സർക്കാരിന്റെ നിലനിൽപ്പിന് ടിഡിപിയുടെ പതിനാറും ജെഡിയുവിന്റെ പന്ത്രണ്ടും എംപിമാരുടെ പിന്തുണ അനിവാര്യമാണ്‌. ചന്ദ്രബാബു നായിഡു കഴിഞ്ഞയാഴ്‌ച ഡൽഹിയിലെത്തി പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കണ്ട്‌ ആവശ്യങ്ങൾ അറിയിച്ചിരുന്നു.

ബജറ്റിൽ ബിഹാറിനായി എന്തെല്ലാം വേണമെന്ന്‌ നിതീഷ്‌ കുമാർ ധനമന്ത്രിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.  ആന്ധ്രയുടെ പുതിയ തലസ്ഥാനമായി പരിഗണിക്കുന്ന അമരാവതിയുടെ വികസനത്തിനാവശ്യമായ സഹായമാണ്‌ നായിഡു മുഖ്യമായും താൽപ്പര്യപ്പെടുന്നത്‌. പോളവാരം ജലസേചന പദ്ധതി, വിജയവാഡയിലും വിശാഖപട്ടണത്തും മെട്രോ റെയിൽ പദ്ധതികൾ, അമരാവതിയിൽ ലൈറ്റ്‌റെയിൽ പദ്ധതി, വിജയവാഡയിൽനിന്ന്‌ ഡൽഹിയിലേക്കും മുംബൈയിലേക്കും വന്ദേഭാരത്‌ ട്രെയിനുകൾ, പിന്നോക്ക ജില്ലകൾക്ക്‌ പ്രത്യേക ഗ്രാന്റുകൾ, രാമായപട്ടണത്തിൽ പശ്‌ചാത്തലസൗകര്യ പദ്ധതികൾ, കടപ്പയിൽ തുറമുഖം, സ്‌റ്റീൽ പ്ലാന്റ്‌ തുടങ്ങിയവയാണ്‌ നായിഡുവിന്റെ മറ്റാവശ്യങ്ങൾ.”

നായിഡുവിന്റെ മൊത്തം ആവശ്യങ്ങൾക്കായി ഒരു ലക്ഷം കോടിയിലേറെ രൂപ വേണ്ടിവരും. അതിൽ നല്ലൊരു പങ്ക്‌ ആദ്യ ബജറ്റിൽ തന്നെ പ്രഖ്യാപിക്കണമെന്നാണ്‌ നിലപാട്‌.  ഒമ്പത്‌ പുതിയ വിമാനത്താവളങ്ങൾ, രണ്ട്‌ ഊർജ പദ്ധതികൾ, രണ്ട്‌ നദീജല പദ്ധതികൾ, ഏഴ്‌ മെഡിക്കൽ കോളേജുകൾ എന്നിവയാണ്‌ നിതീഷിന്റെ പട്ടികയിലുള്ളത്‌. ജിഎസ്‌ഡിപിയുടെ മൂന്നു ശതമാനമെന്ന സംസ്ഥാനങ്ങളുടെ നിലവിലെ കടമെടുപ്പ്‌ പരിധി ഉയർത്തണമെന്നും രണ്ട്‌ മുഖ്യമന്ത്രിമാരും താൽപ്പര്യപ്പെടുന്നു. ഒപ്പം മൂലധന നിക്ഷേപങ്ങൾക്കായി  സംസ്ഥാനങ്ങൾക്ക്‌ കഴിഞ്ഞ ബജറ്റിൽ അനുവദിച്ച 1.3 ലക്ഷം കോടിരൂപ ഇരട്ടിയാക്കണമെന്നും ആവശ്യമുണ്ട്‌.

ഇടക്കാല ബജറ്റിലെ 5.1 ശതമാനമെന്ന ധനക്കമ്മി പരിധി കുറയ്ക്കാൻ പാടുപ്പെടുന്ന ധനമന്ത്രിക്ക്‌ ചന്ദ്രബാബാബു നായിഡുവിന്റെയും നിതീഷ്‌ കുമാറിന്റെയും വമ്പൻ ആവശ്യങ്ങൾ സമ്മർദമേറ്റും. മാത്രമല്ല, അർഹമായ വിഹിതംപോലും കേന്ദ്രം തടഞ്ഞുവച്ചതിൽ കേരളം നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments