ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന സൂചനകൾ ശക്തമായിരിക്കെ നിർണായകമായ ആറാംഘട്ട വോട്ടെടുപ്പ് 25ന്. ഏഴ് സംസ്ഥാനത്തും ജമ്മു-കശ്‌മീരിലെ അനന്ത്‌നാഗ്–-രജൗരിയിലുമായി 58 മണ്ഡലമാണ് ആറാംഘട്ടത്തിൽ. 889 സ്ഥാനാർഥികളുണ്ട്. കഴിഞ്ഞതവണ 58ൽ 45 ഇടത്തും ജയിച്ചത് ബിജെപിയും സഖ്യകക്ഷികളുമാണ്. യുപിഎക്ക് ഒരു സീറ്റ് കിട്ടിയപ്പോൾ 12 മണ്ഡലത്തിൽ ഇതര കക്ഷികൾ ജയിച്ചു.
ഹരിയാനയിലെ പത്തും ഡൽഹിയിലെ ഏഴും മണ്ഡലത്തിൽ 25ന് ഒറ്റഘട്ടമായി പോളിങ് നടക്കും. 2019ൽ ഈ 17 സീറ്റും ബിജെപി നേടി. ഇത്തവണ രണ്ടു സംസ്ഥാനത്തും ഇന്ത്യ കൂട്ടായ്‌മ ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയർത്തുകയാണ്. ഉത്തർപ്രദേശിൽ 14, ബംഗാളിലും ബിഹാറിലും എട്ടുവീതം, ഒഡിഷയിൽ ആറ്, ജാർഖണ്ഡിൽ നാലു മണ്ഡലത്തിലും വോട്ടെടുപ്പ് നടക്കും. ഇവിടെയും സിറ്റിങ് സീറ്റുകൾ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ബിജെപി”
“ജമ്മു -കശ്‌മീർ മുൻ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തി (അനന്ത്‌നാഗ്–-രജൗരി), ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ (കർണാൽ), കോൺഗ്രസ് നേതാവ് ദീപേന്ദ്രസിങ് ഹൂഡ (റോത്തക്ക്), മുൻ കേന്ദ്രമന്ത്രി മനേക ഗാന്ധി (സുൽത്താൻപുർ, യുപി), കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ (സാംബൽപുർ, ഒഡിഷ), സോമനാഥ് ഭാരതി, ബൻസൂരി സ്വരാജ് (ന്യൂഡൽഹി), കനയ്യകുമാർ (വടക്കുകിഴക്കൻ ഡൽഹി) എന്നിവരാണ് ഈ ഘട്ടത്തിലെ പ്രധാനികൾ.
ബംഗാളിൽ ഇടതുമുന്നണി സ്ഥാനാർഥികളായ സയൺ ബാനർജി (തംലൂക്ക്), നീലാഞ്ജൻ ദാസ്‌ഗുപ്‌ത (ബാങ്കുര), ശീതൽ ചന്ദ്ര (ബിഷ്‌ണുപുർ), സോനാമണി മുർമു (ജാർഗ്രാം) എന്നിവർ പ്രചാരണത്തിൽ മുന്നേറിയിട്ടുണ്ട്. സംസ്ഥാനത്ത് കാന്തി, ഘട്ടാൽ, മേദിനിപുർ, പുരുളിയ എന്നീ മണ്ഡലങ്ങളിലും 25നാണ് വോട്ടെടുപ്പ്. ജൂൺ ഒന്നിന് അവസാനഘട്ടത്തിൽ 57 മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കും. നാലിന് വോട്ടെണ്ണൽ.