ന്യൂഡൽഹി; ബിഹാറിലെ സീറ്റുകളിൽ കോൺഗ്രസ് കടുംപിടിത്തം തുടരുന്നതോടെ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനവും സ്ഥാനാർഥിപ്രഖ്യാപനവും വൈകുന്നു. 40 സീറ്റിൽ പത്തിലേറെ സീറ്റ് വേണമെന്നാണ് കോൺഗ്രസ് ആവശ്യം. സിപിഐയുടെ പരമ്പരാഗത സീറ്റായ ബെഗുസെരായിയും ഇതിലുണ്ട്. ഇടതുപാർടികളുടെ പരമ്പരാഗത സീറ്റുകൾ അടക്കം ചോദിച്ചത് ആർജെഡിയെ ചൊടിപ്പിച്ചു. 2020 നിയമസഭാ തെരഞ്ഞെടുപ്പിൽ പിടിച്ചുവാങ്ങി 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ്, പത്തൊമ്പതിടത്തുമാത്രമാണ് വിജയിച്ചത്. പലയിടത്തും സ്ഥാനാർഥികളെ കണ്ടെത്താൻപോലും പ്രയാസപ്പെട്ടു. സമ്മർദം ചെലുത്തി പരമാവധി സീറ്റ് വാങ്ങാമെന്ന കോൺഗ്രസ് തന്ത്രം ഇത്തവണ വിജയിക്കില്ല.
ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കേണ്ട ഗയ, നവാഡ, ജാമുയി, ഔറംഗബാദ് സീറ്റുകളിൽ സ്ഥാനാർഥികളെ ആർജെഡി പ്രഖ്യാപിക്കാനിരിക്കെ പിസിസി അധ്യക്ഷൻ അഖിലേഷ് പ്രസാദ് സിങ്, ലാലു പ്രസാദ് യാദവുമായി ചർച്ച നടത്തി. ബുധനാഴ്‌ച പൂർത്തിയാകേണ്ട സീറ്റ് വിഭജനമാണ് കോൺഗ്രസ് വൈകിപ്പിച്ചത്. ആർജെഡി കുറഞ്ഞത് 25 സീറ്റിൽ മത്സരിക്കും. കോൺഗ്രസ് പത്ത്, ഇടതുപക്ഷം അഞ്ച് എന്നിങ്ങനെയാണ് നിലവിലെ ധാരണ. മുകേഷ് സാഹ്നിയുടെ വിഐപി പാർടി സഖ്യത്തിലെത്തിയാൽ ആർജെഡി അക്കൗണ്ടിൽനിന്ന് ഒരു സീറ്റ് നൽകിയേക്കും.
ജമ്മു > കശ്‌മീരിൽ കത്വ ബലാത്സംഗ കേസിലെ കുറ്റവാളികൾക്കായി പരസ്യമായി രംഗത്തിറങ്ങിയ ചൗധരി ലാൽ സിങ് കോൺഗ്രസിൽ. കത്വയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗംചെയ്‌ത് കൊന്ന പ്രതികൾക്കായി ഹിന്ദുത്വവാദികൾ നടത്തിയ റാലി നയിച്ചത് ലാൽ സിങ്ങായിരുന്നു.
2014ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ലാൽ സിങ്ങ്, പിഡിപി–-ബിജെപി സഖ്യ സർക്കാരിൽ മന്ത്രിയായി. 2018ൽ ബിജെപിയിൽനിന്ന് രാജിവച്ച് ദോഗ്ര സ്വാഭിമാൻ എന്ന സംഘടന രൂപീകരിച്ചു. ഇത്തവണ ഉധംപുർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാകും. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയിലേക്ക് ചൗധരി ലാൽ സിങ്ങിനെ ക്ഷണിച്ചത് വിവാദമായിരുന്നു. ഇതിൽ പ്രതിഷേധിച്ച് പാർടി വക്താവ് ദീപിക പുഷ്‌കർ നാഥ് അന്ന് കോൺഗ്രസ് വിട്ടു.