മണ്ഡലകാലത്ത് തീർത്ഥാടനത്തിന് സ്പെഷ്യൽ ട്രെയിനുമായി റെയിൽവെ. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (IRCTC) നടത്തുന്ന സ്വദേശ് ദർശൻ (Swadesh Darshan) പ്രത്യേക ടൂറിസ്റ്റ് ട്രെയിനുകൾ കേരളത്തിൽ നിന്നും രാജ്യത്തെ വിവിധ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തും. സീസണിൽ, ഈ ട്രെയിനുകൾ കാശി, അയോദ്യ, അലഹബാദ്, മറ്റ് തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കാണ് സർവീസ്. ഒഡീഷ, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ വിവിധ മതകേന്ദ്രങ്ങളും സ്മാരകങ്ങളും വിനോദസഞ്ചാരികൾക്ക് സന്ദർശിക്കാം.
ഡിസംബർ 10-ന് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിച്ച് ഡിസംബർ 20-ന് തിരികെയെത്തും. യാത്രക്കാർക്ക് കൊണാർക്ക് സൂര്യക്ഷേത്രം, പുരി ജഗന്നാഥ ക്ഷേത്രം, ഗയയിലെ വിഷ്ണുപാദ ക്ഷേത്രം, വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം, അയോധ്യയിലെ ക്ഷേത്രങ്ങൾ, പ്രയാഗ്‌രാജിലെ (അലഹബാദ്) ത്രിവേണി സംഗമം എന്നിവ കാണാം.
പാക്കേജ് 20,500 രൂപയിൽ തുടങ്ങുന്നു
ടൂർ പാക്കേജ് നിരക്കുകൾ ആരംഭിക്കുന്നത് 20,500 രൂപ മുതലാണ്. പാക്കേജിൽ സ്ലീപ്പർ ക്ലാസ് അല്ലെങ്കിൽ തേർഡ് AC ടിക്കറ്റുകൾ, വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനുള്ള വാഹനങ്ങൾ, യാത്രക്കാരുടെ ബജറ്റ് അനുസരിച്ച് രാത്രി താമസത്തിനുള്ള താമസസൗകര്യം, പ്രതിദിനം മൂന്ന് നേരം ഭക്ഷണം, സുരക്ഷാ അകമ്പടി സേവനം, യാത്രാ ഇൻഷുറൻസ് എന്നിവ ഉൾപ്പെടുന്നു.
ഇതുകൂടാതെ, ഡൽഹി, ആഗ്ര, ജയ്പൂർ എന്നിവിടങ്ങൾ സന്ദർശിക്കുന്ന ഒരു ഫ്ലൈറ്റ് പാക്കേജുമുണ്ട്. ഗോൾഡൻ ട്രയാംഗിൾ പാക്കേജ് നവംബർ 19 ന് കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് നിന്ന് ഡിസംബർ 3 നും പുറപ്പെടും. പാക്കേജിൽ ഫ്ലൈറ്റ് ടിക്കറ്റുകൾ, ഭക്ഷണത്തോടുകൂടിയ ഹോട്ടൽ താമസം, ഒരു വാഹനം, IRCTC ടൂർ മാനേജരുടെ സേവനം യാത്രാ ഇൻഷുറൻസ് തുടങ്ങിയവ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കും വിശദാംശങ്ങൾക്കും ഫോൺ: തിരുവനന്തപുരം-8287932095, എറണാകുളം-8287932082, കോഴിക്കോട്-8287932098. കൂടുതലറിയാൻ വെബ്സൈറ്റ്: www.irctctourism.com സന്ദർശിക്കുക.