Thursday, September 19, 2024
Homeകേരളംമലയാളത്തിലെ ആദ്യത്തെ ടൂർണമെന്റ് ജേർണൽ പ്രകാശനം ചെയ്തു:

മലയാളത്തിലെ ആദ്യത്തെ ടൂർണമെന്റ് ജേർണൽ പ്രകാശനം ചെയ്തു:

സതീഷ് കളത്തിൽ

തൃശ്ശൂർ: കേരളത്തിലെ ആദ്യകാല ചെസ്സ് പരിശീലനകേന്ദ്രങ്ങളിലൊന്നായിരുന്ന തൃശ്ശൂരിലെ ശങ്കരയ്യ റോഡിൽ ഏപ്രിൽ 28നു നടക്കുന്ന ഏകദിന സംസ്ഥാനതല സമ്മർ ചെസ്സ് ടൂർണമെന്റിനോടനുബന്ധിച്ചു തയ്യാറാക്കിയ ജേർണൽ സംഗീത സംവിധായകൻ ഔസേപ്പച്ചൻ പ്രകാശനം ചെയ്തു. ശങ്കരയ്യ റോഡിലെ ആദ്യകാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കൽ വാസുവിന്റെ സ്മരണാർത്ഥം ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റിന്റെ സ്പോർട്സ് വിങ്ങാണ് ടൂർണമെന്റ് ആരംഭിക്കുന്നത്.

ചെറുപ്പത്തിൽ താനുമൊരു ചെസ്സ് കളിക്കാരനായിരുന്നുവെന്നും സംഗീതത്തിന്റെ വഴിയിലേക്കു തിരഞ്ഞപ്പോഴാണു ചെസ്സിനെ കൈവിടേണ്ടി വന്നതെന്നും ഔസേപ്പച്ചൻ പറഞ്ഞു. പ്രാദേശികമായ ഇത്തരം ടൂർണമെന്റുകളാണു ചെസ്സിനെ ജനകീയമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു ടൂർണമെന്റ് നടത്തിപ്പിനുവേണ്ടി ഇത്തരമൊരു പുസ്തക സംരംഭം ആദ്യത്തെ സംഭവമാണെന്ന്, ജേർണൽ ഏറ്റുവാങ്ങികൊണ്ട് ചെസ്സ് അസോസിയേഷൻ കേരളയുടെ ജില്ലാ പ്രസിഡന്റ് വി. ശശീധരൻ പറഞ്ഞു.

ഔസേപ്പച്ചന്റെ വസതിയിൽവെച്ചു നടന്ന ചടങ്ങിൽ, ജേർണലിന്റെ എഡിറ്ററും ട്രസ്റ്റ് ചെയർമാനുമായ സതീഷ് കളത്തിൽ, കേരളകൗമുദി ബ്യൂറോ ചീഫ് ഭാസി പാങ്ങിൽ, ടൂർണമെന്റ് രക്ഷാധികാര സമിതി അംഗം കെ. എം. രവീന്ദ്രൻ, ചീഫ് കോർഡിനേറ്റർ ഗോകുലൻ കളപ്പുരയ്ക്കൽ, കോർഡിനേറ്റർ സാജു പുലിക്കോട്ടിൽ, സംഘാടക സമിതി ചെയർമാൻ വിനോദ് കണ്ടംകുളത്തിൽ, ട്രസ്റ്റ് വൈസ് ചെയർമാൻ കെ. ബി. സുനിൽകുമാർ, ആർബിറ്റർ പ്രസാദ് സുബ്രമണ്യൻ എന്നിവർ പങ്കെടുത്തു.

ഫിഡെ റേറ്റിങ് ബിലോ 1650, അൺറേറ്റഡ്, അണ്ടർ 15 കാറ്റഗറികളിലാണ് ടൂർണമെന്റ്. വുമൺ, വെട്രൻ, ബെസ്റ്റ് ചിൽഡ്രെൻസ് കോച്ച്, ബെസ്റ്റ് തൃശ്ശൂർ എന്നീ വിഭാഗങ്ങളിൽ എക്സലൻസ് അവാർഡുകളുമുണ്ട്. റേറ്റഡ് കാറ്റഗറിയിൽ, ഒന്നര ഗ്രാമിന്റെ ഗോൾഡ് കോയിനും കളപ്പുരയ്ക്കൽ വാസു മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫിയുമാണ് ചമ്പ്യൻഷിപ്പ് അവാർഡ്. റേറ്റഡിലെ സെക്കന്റ് ചമ്പ്യൻഷിപ്പിനും അൺറേറ്റഡ്, അണ്ടർ 15 കാറ്റഗറികളിലെ ചമ്പ്യൻഷിപ്പുകൾക്കുമായി ഓരോ ഗ്രാമിന്റെ ഗോൾഡ് കോയിനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 79 അവാർഡുകളിലായി മൊത്തം ഒരു ലക്ഷത്തി പതിനൊന്നായിരത്തിൽപരം രൂപയുടെ അവാർഡുകളാണുള്ളത്. അണ്ടർ 15 കാറ്റഗറിയിൽ അഡ്മിഷൻ ഫീ 600 രൂപയും മറ്റുള്ളവർക്ക് 700 രൂപയുമാണ്.

ഇന്റർനാഷണൽ ആർബിറ്റർ പീറ്റർ ജോസഫ് എം ചീഫ് ആർബിറ്ററായ ടൂർണമെന്റ്, ഫുട്ബോൾതാരം ഐ.എം. വിജയൻ ഉദ്‌ഘാടനം ചെയ്യും. ചെസ്സ് മാസ്റ്റർ എൻ.ആർ. അനിൽകുമാർ സമ്മാനദാനം നിർവ്വഹിക്കും. ആദ്യകാല ചെസ്സ് കളിക്കാരായിരുന്ന ശങ്കരയ്യ റോഡിലെ എം.എൻ. ശങ്കരനാരായണൻ, സി.കെ. ശ്രീകുമാർ എന്നിവരെ ആദരിക്കും. അച്യുതമേനോൻ റോഡിൽ, കേരളവർമ്മ കോളേജ് ബസ് സ്റ്റോപ്പിന് എതിർവശത്തുള്ള ജ്യോതി കോംപ്ലക്സിലാണു ടൂർണമെന്റ് നടത്തുന്നത്. മൊബ: 7012490551, 9847946914

വാസുവിനെകുറിച്ച്, അന്താരാഷ്ട്ര കറസ്പോണ്ടൻസ് ചെസ്സ് മാസ്റ്റർ എൻ.ആർ. അനിൽകുമാർ തയ്യാറാക്കിയ ലേഖനം, ഏഷ്യൻ ബോഡി ബിൽഡർ താരം ഏ.പി. ജോഷിമായുള്ള അഭിമുഖം ഉൾപ്പെടെ ലേഖനങ്ങളും കവിതകളും കഥയും അടങ്ങുന്നതാണ് ജേർണൽ. ഇങ്ങനൊരു പുസ്തകം ഇറക്കുക വഴി, നടക്കാൻ പോകുന്ന ടൂർണമെന്റിന്റെ വിവരങ്ങൾ വിശദമായി പ്രതിപാദിക്കാനും സ്പോൺസർമാരുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കാനും അതുവഴി ടൂർണമെന്റിനു സാമ്പത്തിക ഭദ്രതയുണ്ടാക്കാനും സാധിക്കുമെന്ന് ജേർണലിന്റെ എഡിറ്റർ സതീഷ് കളത്തിൽ പറഞ്ഞു.

ബി. അശോക് കുമാർ ഡെപ്യൂട്ടി എഡിറ്ററും അഡ്വ. പി.കെ. സജീവ് കുമാർ മാനേജിങ്ങ് എഡിറ്ററുമായ ജേർണലിന്റെ ഡിസൈൻ നവിൻകൃഷ്ണയും ലേ ഔട്ട് അഖിൽകൃഷ്ണയുമാണു ചെയ്തിരിക്കുന്നത്.

സതീഷ് കളത്തിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments