Saturday, July 27, 2024
Homeകേരളംഎ ++ ഗ്രേഡ്: വിപുലീകരണ പദ്ധതികളുമായി എംജി സർവകലാശാല.

എ ++ ഗ്രേഡ്: വിപുലീകരണ പദ്ധതികളുമായി എംജി സർവകലാശാല.

കോട്ടയം; നാഷണൽ അസസ്‌മെന്റ്‌ ആൻഡ്‌ അക്രഡിറ്റേഷൻ കൗൺസിലിന്റെ(നാക്) നാലാം സൈക്കിൾ റീ അക്രഡിറ്റേഷനിൽ എ++ ഗ്രേഡ് ലഭിച്ചതിനെത്തുടർന്ന് അക്കാദമിക്, ഗവേഷണ, സംരംഭകത്വവികസന മേഖലകളിൽ പ്രവർത്തനം വിപുലീകരിക്കാൻ എംജി സർവകലാശാല. പത്തുവർഷത്തിനുള്ളിൽ വിദേശ രാജ്യങ്ങളിൽനിന്നുൾപ്പെടെ പരമാവധി വിദ്യാർഥികളെ ആകർഷിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വൈസ് ചാൻസലർ ഡോ. സി ടി അരവിന്ദകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിദേശരാജ്യങ്ങളിൽ കാമ്പസുകൾ തുടങ്ങാനും മികച്ച വിദേശ സർവകലാശാലകളുമായി ചേർന്ന് ജോയിന്റ്‌ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾക്കും നടപടി ആരംഭിച്ചിട്ടുണ്ട്. രണ്ടുവർഷത്തിനുള്ളിൽ എട്ട് ഓൺലൈൻ പിജി പ്രോഗ്രാമുകളും മൂന്ന് യുജി പ്രോഗ്രാമുകളും തുടങ്ങാൻ ഉദ്ദേശിക്കുന്നു.
രാജ്യാന്തര തലത്തിലുള്ള വിദ്യാർഥികൾക്കായി ഇന്റർനാഷണൽ സെന്റർ നിർമിക്കാൻ പ്രോജക്ട് സമർപ്പിച്ചിട്ടുണ്ട്. നിലവിലുള്ള യുജി പ്രോഗ്രാമുകൾക്കുപുറമെ സർവകലാശാലാ കാമ്പസിൽ നാലുവർഷ ബിരുദവും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളും ആരംഭിക്കും. വിവിധ മേഖലകളിൽനിന്നുള്ള സാമ്പത്തിക സഹായത്തോടെ സംരംഭകത്വ വികസനത്തിനുള്ള ക്രമീകരണങ്ങൾ വിപുലീകരിക്കും. സർവകലാശാലയിൽ 2016ൽ പ്രവർത്തനമാരംഭിച്ച ബിസിനസ് ഇന്നൊവേഷൻ ആൻഡ്‌ ഇൻകുബേഷൻ സെന്റർ ഇതുവരെ വിദ്യാർഥികളുടെ 121 സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ ലഭ്യമാക്കി.

എംജിയു ഇന്നൊവേഷൻ ഫൗണ്ടേഷൻ സ്റ്റാർട്ടപ്പുകൾക്ക് ലഭ്യമാക്കുന്ന കോവർക്കിങ്‌ സൗകര്യങ്ങളും പൈലറ്റ് പ്ലാന്റ്‌ സൗകര്യങ്ങളും വിപുലീകരിക്കും. സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും വ്യവസായ ആവശ്യങ്ങൾക്കുമായി എംജിയുഐഎഫ് വികസിപ്പിച്ച ഹൈ പെർഫോമൻസ് കംപ്യൂട്ടിങ്‌ സംവിധാനമായ പരമാസ്ത്ര വ്യവസായ മേഖലയ്ക്കായി വിപുലീകരിക്കും. പത്തു വർഷത്തിനുള്ളിൽ 500 സ്റ്റാർട്ടപ്പുകളാണ് സർവകലാശാല ലക്ഷ്യമിടുന്നതെന്നും വി സി പറഞ്ഞു.

സിൻഡിക്കറ്റ് അംഗം എ ജോസ്, രജിസ്‌ട്രാർ ഡോ. കെ ജയചന്ദ്രൻ, ഐക്യുഎസി ഡയറക്ടർ ഡോ. റോബിനെറ്റ് ജേക്കബ്, ജോയിന്റ്‌ ഡയറക്ടർ ഡോ. വി പി സൈലസ് എന്നിവരും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments