തായ്‌ലൻഡിൽ 44 പേരുമായി പോയ ബസിനു തീപിടിച്ച് 25 വിദ്യാർഥികൾ മരിച്ചതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. 33 കുട്ടികളും 6 ടീച്ചർമാരുമടക്കം 44 പേരാണ് അപകടം നടക്കുമ്പോൾ ബസ്സിൽ ഉണ്ടായിരുന്നത്. തീപ്പിടുത്തത്തിൽ കൂടുതൽ ജീവൻ നഷ്ടപ്പെട്ടേക്കാമെന്ന് സൂചന. തലസ്ഥാനമായ ബാങ്കോക്കിന് ഏകദേശം 250 കിലോമീറ്റർ (155 മൈൽ) വടക്കുള്ള ഉതൈ താനിയിൽ നിന്നും ഫീൽഡ് ട്രിപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികളും അധ്യാപകരും സഞ്ചരിച്ചിരുന്ന മൂന്ന് ബസുകളിൽ ഒന്നിനാണ് തീപ്പിടിച്ചത്.
സംഭവത്തിൽ എത്രപേർ മരിച്ചെന്നോ പരിക്കുപറ്റിയവരുടെ എണ്ണത്തെക്കുറിച്ചോ ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. സംഭവത്തിൽ 16 വിദ്യാർത്ഥികളെയും മൂന്ന് അധ്യാപകരെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് ഗതാഗത മന്ത്രി സൂര്യ ജുവാങ്‌റൂങ്‌ഗ്രുവാങ്‌കിറ്റ് പറഞ്ഞു.
സംഭവത്തിൽ ബസ് പൂർണമായും കത്തി നശിച്ചു. അതിനാൽ തന്നെ പല മൃതദേഹങ്ങളും ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അപകടത്തിൽ രക്ഷപ്പെട്ടവരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. അതേസമയം, അപകടത്തിൽ പരിക്കേറ്റവരുടെ എല്ലാ ചികിത്സാ ചെലവുകളും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കുള്ള നഷ്ടപരിഹാരവും നൽകുമെന്ന് പ്രധാനമന്ത്രി പറ്റോങ്‌ടർൻ ഷിനവത്ര പറഞ്ഞു.