ഒരു കുഴപ്പമില്ലാതെ മിടിച്ചു കൊണ്ടിരുന്ന ഹൃദയം പെട്ടെന്ന് നിലയ്ക്കുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം. അലസമായ ജീവിതശൈലിയുടെ ഭാഗമായി ഇന്ത്യയിലെ യുവാക്കളില്‍ ഹൃദയസ്തംഭനത്തിന്റെ തോത് വര്‍ധിച്ചു വരികയാണെന്ന് പല പഠനങ്ങളും മുന്നറിയിപ്പ് നല്‍കുന്നു.
ഹൃദയം സ്തംഭിക്കുന്നത് പെട്ടെന്നായിരിക്കുമെങ്കിലും ഇതിന്റെ ചില സൂചനകള്‍ ശരീരം നമുക്ക് നല്‍കുന്നതാണ്. പ്രത്യേകിച്ച് ശാരീരിക അധ്വാനമൊന്നും ചെയ്യാതെ തന്നെ ശരീരം ക്ഷീണിക്കുന്നത് ഹൃദയസ്തംഭനം വരാന്‍ പോകുന്നതിന്റെ സൂചനയാണ്. നന്നായി വിശ്രമിച്ചാലും ഈ ക്ഷീണം മാറിയെന്ന് വരില്ല. നിരവധി ദിവസങ്ങളോ ആഴ്ചകളോ ഈ ക്ഷീണം നീണ്ടു നില്‍ക്കാം.
വെറുതേ ഇരിക്കുമ്പോള്‍ പോലും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതും ഹൃദയം തകരാറിലാണെന്നതിന്റെ സൂചനയാണ്. ഈ ശ്വാസംമുട്ടല്‍ പെട്ടെന്ന് വരുന്നതോ പതിയെ പതിയെ വര്‍ധിക്കുന്നതോ ആകാം. നെഞ്ചിന് പിടുത്തം, നെഞ്ചിന് മുകളില്‍ ഭാരമെടുത്ത് വച്ച തോന്നല്‍, വേദന എന്നിവയെല്ലാം ഹൃദയസ്തംഭനത്തിന് മുന്നോടിയായി കാണപ്പെടുന്ന ലക്ഷണങ്ങളാണ്.
ശാരീരിക അധ്വാനമുള്ള കാര്യങ്ങളൊന്നും ചെയ്യാത്തപ്പോള്‍ പോലും ഈ അസ്വസ്ഥത തോന്നുകയാണെങ്കില്‍ ഡോക്ടറെ കാണേണ്ടതും ഇസിജി പോലുള്ള പരിശോധനകള്‍ നടത്തേണ്ടതുമാണ്. തലയ്ക്ക് ഭാരം കുറഞ്ഞ തോന്നല്‍, തല കറക്കം എന്നിവയും ഹൃദയസ്തംഭനത്തോട് അനുബന്ധിച്ച് അനുഭവപ്പെടാം.
അകാരണമായ അമിത വിയര്‍പ്പ്, ഇടയ്ക്കിടെ ബോധം കെടല്‍ എന്നിവയും ഇതിന്റെ ലക്ഷണങ്ങളാകാം. ത്വരിത ഗതിയിലുള്ള ഹൃദയമിടിപ്പ്, ഇടയ്ക്ക് മിടിപ്പ് നിന്നു പോകല്‍ എന്നിവയെല്ലാം ഹൃദയസ്തംഭനത്തിന് തൊട്ടു മുന്‍പ് വരുന്ന ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആശുപത്രിയിലെത്താനോ പ്രഥമചികിത്സ തേടാനോ ഉള്ള സാധ്യതകള്‍ വേഗം ആരായേണ്ടതാണ്.
നാലു മുതല്‍ ആറ് മിനിറ്റിനുള്ളിലാണ് ഹൃദയസ്തംഭനങ്ങള്‍ സംഭവിക്കാറുള്ളത്. ഈ സമയം സിപിആര്‍ കൊടുത്ത് രോഗിയുടെ അതിജീവന സാധ്യത വര്‍ധിപ്പിക്കാനും ശ്രമിക്കേണ്ടതാണ്.