Friday, September 20, 2024
Homeഅമേരിക്കബലിപെരുന്നാൾ ❤️ ✍ ആസിഫ അഫ്രോസ്. ബാംഗ്ലൂർ.

ബലിപെരുന്നാൾ ❤️ ✍ ആസിഫ അഫ്രോസ്. ബാംഗ്ലൂർ.

ആസിഫ അഫ്രോസ്. ബാംഗ്ലൂർ.

വിശുദ്ധ ഇസ്ലാമിലെ രണ്ടു പ്രധാനപ്പെട്ട പെരുന്നാളുകളിൽ ഒന്നാണ് ബലിപെരുന്നാൾ. ദുൽഹജ്ജ് മാസത്തിലാണ് ഈദുൽ അദ്ഹ അഥവാ ബക്രീദ് അഥവാ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. വിശുദ്ധ ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തി.

ഒരു ദിവസത്തിന്റെ വിശാലതയാണെങ്കിലും ഒരായിരം ദിവസങ്ങളുടെ പവിത്രതയാണ് ഓരോ പെരുന്നാളിനും.

നിരന്തരമായ ദൈവിക പരീക്ഷണങ്ങൾക്കു മുൻപിൽ വിജയം വരിച്ച ഒരു പ്രവാചകന്റെ വിജയാഘോഷമാണിത്.

ജീവിതത്തിന്റെ സായംസന്ധ്യയിൽ ഇബ്രാഹിം നബി(അ) ക്കും ഹാജറ ബീവി (റ) ക്കും ജനിച്ച ഏക മകൻ ഇസ്മായിൽ(അ) നെ അല്ലാഹുവിന്റെ കല്പനപ്രകാരം ബലിയറുക്കാൻ തയ്യാറായതിന്റെ സ്മരണയിലാണ് ഇന്ന് ലോക മുസ്ലിംകൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്.

ബലിപെരുന്നാളിന്റെ പ്രധാന സന്ദേശം സമർപ്പണമാണ്. ചരിത്രത്തിൽ സമർപ്പണത്തിന്റെ അനേകം ഉദാഹരണങ്ങൾ കാണാം. ശരീരം സമർപ്പിച്ച യോദ്ധാക്കൾ, സമ്പത്ത് സമർപ്പിച്ച ദാനശീലർ, രാഷ്ട്രവും അധികാരവും സമർപ്പിച്ച ത്യാഗീ വര്യന്മാർ…  പക്ഷേ സ്വന്തം മകനെ ബലിക്കായി സമർപ്പിച്ച മറ്റൊരു സംഭവം ചരിത്രത്തിൽ ഇല്ല.ഇവിടെയാണ് ഇബ്രാഹിം നബി(അ)യുടെ സമർപ്പണം അതുല്യമാകുന്നത്.

ഇബ്രാഹിം നബി(അ ) തന്റെ മകനെ അല്ലാഹുവിനു വേണ്ടി സമർപ്പിക്കാൻ തയ്യാറായപ്പോൾ, മകനായ ഇസ്മായിൽ(അ ) തന്റെ ശരീരം ഒരു മടിയും കൂടാതെ അല്ലാഹുവിനു മുൻപിൽ സമർപ്പിക്കാൻ സന്നദ്ധനായി.

ഇബ്രാഹിം നബി(അ )യുടെ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും കറകളഞ്ഞ വിശ്വാസത്തിന്റെയും പ്രതീകമായി ലോകം മുഴുവനും ഉള്ള മുസ്ലിംകൾ ബലിപെരുന്നാൾ ദിവസത്തിൽ മൃഗബലി നടത്തുന്നു. ഓരോ ദിവസവും ഓരോ നമസ്കാരത്തിലും നമ്മൾ ഇബ്രാഹിം നബി(അ)യെ ഓർത്തുകൊണ്ടിരിക്കുന്നുണ്ട്.

അറവു മൃഗത്തിന്റെ മാംസം ഭക്ഷിക്കുന്നതല്ല ബലിപെരുന്നാൾ. നമ്മുടെ അഹങ്കാരവും കുശുമ്പും പ്രാർത്ഥിക്കുവാനുള്ള മടിയും ആലസ്യവും അനാവശ്യമായ ദേഷ്യവും എല്ലാം ബലി അർപ്പിക്കുക എന്നാണ് നാം ബലിയിലൂടെ മനസ്സിലാക്കേണ്ടത്.

ബലിപെരുന്നാളിന്റെ മുന്നോടിയായി അനുഷ്ഠിക്കുന്ന ഹജ്ജ് തീർഥാടനത്തിൽ പ്രധാനമായും മൂന്ന് കർമ്മങ്ങളാണ് ഉള്ളത്.
1) ജംറകളിലുള്ള കല്ലേറ് 2) ബലികർമ്മം 3) തലമുണ്ഡനം.
മനുഷ്യനെ തിന്മകളിലേക്ക് നയിക്കുന്ന പൈശാചികതയോടുള്ള പോരാട്ടമാണ് കല്ലേറിലൂടെ അർത്ഥമാക്കുന്നത്.

സ്വന്തം ആഗ്രഹങ്ങളുടെയും അത്യാർത്തിയുടെയും കഴുത്തിൽ കത്തി വെക്കണം. സ്വാർത്ഥതയും അഹങ്കാരവും രക്തം വാർന്നൊഴുകി നശിക്കണം എന്നാണ് മൃഗബലി കൊണ്ട് ഉദ്ദേശിക്കുന്നത്.

ശാരീരിക ഇച്ഛകളോടുള്ള പോരാട്ടമാണ് മുണ്ഡനത്തിലൂടെ വിവക്ഷിക്കുന്നത്.

കേവലം അനാചാരങ്ങളുടെയും ചടങ്ങുകളുടെയും ലാഘവത്തോടെ കൊണ്ടാടപ്പെടേണ്ടതല്ല പെരുന്നാളുകൾ. ഒരു വിശ്വാസി അതിന്റെ അർത്ഥവും ആത്മാവും ഗ്രഹിക്കേണ്ടതുണ്ട്.

നമ്മുടെ സമയം അല്ലാഹുവിനുവേണ്ടി ബലി അർപ്പിക്കുവാനും നമ്മുടെ കുടുംബം അല്ലാഹുവിനെ അനുസരിക്കുന്നവരായി ജീവിക്കുവാനും നബി (സ) അറഫ പ്രഭാഷണത്തിൽ പറഞ്ഞ ഇസ്ലാമിന്റെ അന്തസത്തകൾ- നിങ്ങൾ സഹോദരിമാരെ സംരക്ഷിക്കണം , പലിശ തിന്നരുത്, തമ്മിലടിക്കരുത്, നിങ്ങൾ ഒന്നാണ് ഒരുമിച്ച് ജീവിക്കണം എന്ന സദുപദേശം പെരുന്നാൾ സന്ദേശമായി ഉൾകൊണ്ടുകൊണ്ട് പെരുന്നാൾ രാവ് മുതൽ പെരുന്നാൾ നമസ്കാരം വരെ നിരന്തരം തക്ബീറിന്റെ ധ്വനികൾ മുഴക്കുന്നത് ഏറെ പുണ്യകരമാണ്.

സുകൃതങ്ങളുടെയും തിരിച്ചറിവുകളുടെയും വഴിത്തിരിവുകൾ ആകണം പെരുന്നാളുകൾ.. ആഘോഷങ്ങളിൽ മിതത്വം പാലിക്കുക, പുതുവസ്ത്രം ധരിക്കുമ്പോൾ മാറ്റിയുടുക്കാൻ വസ്ത്രം ഇല്ലാത്തവരെ ഓർക്കുകയും അവരിലേക്ക് ഒരു കൈത്താങ്ങായി എത്തുകയും ചെയ്യുക, കുടുംബ ബന്ധം ചേർക്കുക… ഇത്തരം വിശാലമായ സ്നേഹവായ്പ്പാണ് ഇസ്ലാം നമ്മെ പഠിപ്പിച്ചിട്ടുള്ളത്.

പട്ടിണി കിടക്കുന്നവന്റെ പട്ടിണി മാറ്റിയും വേദനയനുഭവിക്കുന്നവന്റെ വേദന മാറ്റിയും നല്ലൊരു മനുഷ്യനായി പെരുന്നാൾ ആഘോഷിക്കാൻ നമുക്കേവർക്കും സാധിക്കുമാറാകട്ടെ. (ആമീൻ )

എല്ലാ പ്രിയ സഹോദരങ്ങൾക്കും ഹൃദയം നിറഞ്ഞ
ബലിപെരുന്നാൾ ആശംസകൾ.❤️

ആസിഫ അഫ്രോസ്. ബാംഗ്ലൂർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments