നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവിതം തിരികെ ലഭിച്ചുകൊണ്ടിരിക്കുന്ന സന്തോഷത്തിലാണ് ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്ക് എന്ന സ്ഥാപനം വികസിപ്പിച്ച ബ്രയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫേയ്‌സ് ആദ്യമായി മസ്തിഷ്‌കത്തില്‍ ഘടിപ്പിച്ച നോളണ്ട് ആര്‍ബോ എന്ന വ്യക്തി. അത്യാധുനികമായ ഈ സാങ്കേതികയുമൊത്തുള്ള തന്റെ പുതുജീവിതത്തിന്റെ വിശേഷങ്ങള്‍ എക്‌സിലൂടെ പങ്കുവെക്കുകയാണ് ആര്‍ബോ.
2016 ല്‍ വിദ്യാര്‍ഥി ആയിരിക്കുമ്പോഴാണ് ഒരു അപകടത്തില്‍ നോളണ്ട് ആര്‍ബോയുടെ കഴുത്തിന് താഴെ ശരീരം തളര്‍ന്നുപോയത്. നല്ലൊരു അത് ലറ്റ് കൂടിയായിരുന്നു ആര്‍ബോ.
കഴിഞ്ഞ വര്‍ഷമാണ് ന്യൂറാലിങ്ക് ഉപകരണം മനുഷ്യരില്‍ പരീക്ഷിക്കാന്‍ യുഎസ് അധികൃതര്‍ അനുമതി നല്‍കിയത്. ഏഴ് മാസം മുമ്പ് ജനുവരിയിലാണ് ആര്‍ബോയുടെ മസ്തിഷ്‌കത്തില്‍ ശസ്ത്രക്രിയയിലൂടെ ന്യൂറാലിങ്ക് ഉപകരണം (ഇംപ്ലാന്റ് ) സ്ഥാപിച്ചത്. ഉപകരണത്തിന്റെ സഹായത്തോടെ ഇപ്പോള്‍ പലതും ചെയ്യാനാകുന്നുണ്ട് ആര്‍ബോയ്ക്ക്. ഈ ഉപകരണത്തിന് സ്‌നേഹത്തോടെ ‘ ഈവ്’ എന്ന് ഒരു പേരും നല്‍കിയിട്ടുണ്ട് ആര്‍ബോ.
“മുമ്പത്തേക്കാള്‍ സജീവമാണ് ഇപ്പോള്‍ ആര്‍ബോയുടെ ജീവിതം. ദിവസേന നാല് മണിക്കൂറോളം ന്യൂറാലിങ്ക് കേന്ദ്രങ്ങളില്‍ ചെലവഴിക്കും. ഇംപ്ലാന്റ് ഉപയോഗിച്ച് വിവിധ പ്രവൃത്തികള്‍ ചെയ്യും. കംപ്യൂട്ടറില്‍ ക്ലിക്ക് ചെയ്യുക, ടൈപ്പ് ചെയ്യുക പോലുള്ള ജോലികള്‍ ഇംപ്ലാന്റിന്റെ സഹായത്തോടെ ചെയ്യാനുള്ള പരിശീലനവും ആര്‍ബോയ്ക്ക് ഇവിടെ ലഭിക്കുന്നു. ഈ സാങ്കേതിക വിദ്യയുടെ കഴിവ് മെച്ചപ്പെടുത്തുന്നതിനുള്ള പിന്തുണയും ആര്‍ബോ നല്‍കുന്നുണ്ട്.
തന്റെ മുടങ്ങിപ്പോയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനുള്ള ലക്ഷ്യത്തിലാണ് ആര്‍ബോ ഇപ്പോള്‍. ന്യൂറാലിങ്ക് ഉപകരണം അതിന് സഹായിക്കുമെന്ന് ആര്‍ബോ വിശ്വസിക്കുന്നു. ഫ്രഞ്ച്, ജാപ്പനീസ് ഭാഷകള്‍ പരിശീലിക്കുന്നുണ്ട്. ഗണിതശാസ്ത്രം ഉള്‍പ്പടെയുള്ള വിഷയങ്ങളും പഠിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ബ്രണ്ടണ്‍ സാന്റേഴ്‌സണ്‍, സ്റ്റീഗ് ലാര്‍സണ്‍, ജെആര്‍ആര്‍ ടോള്‍കീന്‍, വിക്ടര്‍ ഹ്യൂഗോ പോലുള്ളവരുടെ സൃഷ്ടികളും വായിക്കുന്നുണ്ട്. സ്വന്തമായി എഴുതാനും അത് ഭാവിയില്‍ പ്രസിദ്ധീകരിക്കാനും ആര്‍ബോ ലക്ഷ്യമിടുന്നു.”
“വിദ്യാഭ്യാസത്തിനും എഴുത്തിനും പുറമെ ബൈബിളും ഇംപ്ലാന്റിന്റെ സഹായത്തോടെ അദ്ദേഹം പഠിക്കുന്നുണ്ട്. ന്യൂറോസയന്‍സുമായി ബന്ധപ്പെട്ട് പഠനം തുടരാന്‍ ആര്‍ബോ ആലോചിക്കുന്നുണ്ട്. ഭാവിയില്‍ ഒരു ജോലി കണ്ടെത്താനും മാതാപിതാക്കള്‍ക്കായി ഒരു വീട് നിര്‍മിച്ച് നല്‍കാനും ആര്‍ബോ ആഗ്രഹിക്കുന്നു. ഒപ്പം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും താല്‍പര്യമുണ്ട്.
നോളണ്ട് ആര്‍ബോയ്ക്ക് ശേഷം രണ്ടാമതൊരാളില്‍ കൂടി ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സ് സ്ഥാപിച്ചതായി ഇലോണ്‍മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ വ്യക്തി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആര്‍ബോയെ പോലെ തന്നെ നട്ടെല്ലിന് പരിക്കേറ്റയാളിലാണ് വീണ്ടും ഇംപ്ലാന്റ് ഘടിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം എട്ട് പേരില്‍ കൂടി ന്യൂറാലിങ്ക് സ്ഥാപിക്കാനാണ് ന്യൂറാലിങ്കിന്റെ ലക്ഷ്യം.