1996ൽ ഐക്യരാഷ്ട്ര സഭയില്‍ ആദ്യമായി ടെലിവിഷന്‍ ഫോറം നടത്തിയതിന്‍റെ ഓര്‍മ്മയ്ക്കാണ് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി എല്ലാ വർഷവും നവംബർ 21 ലോക ടെലിവിഷൻ ദിനമായി . ആചരിക്കാൻ ആഹ്വാനം ചെയ്തത് . ആഗോളസുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് ലോകത്തെ ജാഗരൂകരാക്കാനും തീരുമാനങ്ങളെടുക്കാനും ടെലിവിഷന്റെ വര്‍ധിത സ്വാധീനം ഉപകരിക്കുമെന്ന് മനസ്സിലാക്കിയായിരുന്നു ഈ ദിനംആചരിക്കാൻ ആഹ്വാനം ചെയ്തത്. ഐക്യരാഷ്ട്ര സഭ ഇതിനോട് സമാനമായ വേൾഡ് പ്രസ് ഫ്രീഡം ദിനം , വേൾഡ് ടെലി കമ്യൂണിക്കേഷൻസ് ദിനം , വേൾഡ് ഡവലപ്മെന്റ്റ് ഇൻഫർമേഷൻ ദിനം തുടങ്ങി മറ്റു മൂന്ന് ദിനങ്ങൾ ആചരിക്കുന്നുണ്ട്. അതുകൊണ്ട് ജർമ്മനി ഉൾപ്പടെ പതിനൊന്ന് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നത് ചരിത്രം .അന്ന് അവർ മുൻപോട്ടു വെച്ച വാദം ധനികരുടെ ദിനമായി ഇത് മാറും എന്നത് വർത്തമാന കാലത്തു കൗതുകമായി തോന്നാം.
1884 ൽ പോൾ നിപ്കോ,നിപ്കോ ഡിസ്ക് കണ്ടു പിടിച്ചതിന്റെ ചുവടുപിടിച്ചു 1925 ൽ സ്കോട്ടിഷ് എഞ്ചിനീയർ ആയ ജോൺ ലോഗി ബേർഡ് ടെലിവിഷൻ മാതൃക നിർമ്മിക്കുകയുണ്ടായി.ഫോട്ടോ ഇലക്ട്രിക് സെല്ലുകൾ ഉപയോഗിച്ച് നിപ്കോ ഡിസ്കിനെ പരിഷ്കരിച്ചാണ് അദ്ദേഹം അത് സാധ്യമാക്കിയത് .1925 ഒക്ടോബർ 2 ന് ഒരു പാവയുടെ പ്രതിബിംബം തന്റെ താമസസ്ഥലത്തിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്ക് അയച്ചതാണ് ടെലി വിഷന്റെ ചരിത്രം ആരംഭിക്കുന്നത്
1927 ൽ ടെലിഫോൺ ലൈനിൽകൂടി വിവിധ സ്ഥലങ്ങളിലേക്ക് അദ്ദേഹം ടെലിവിഷൻ സംപ്രേഷണം നടത്തുകയും 1929 ൽ ചിത്രവും ശബ്ദവും സംപ്രേക്ഷണം ചെയ്യുന്നതിൽ വിജയിച്ചതോടെ ലോകത്തു പുത്തൻ സാങ്കേതിക വിദ്യ പിറക്കുകയായിരുന്നു. മെഴുകുപൂശിയ കാന്തികത്തകിടുകളിൽ ടി.വി. സിഗ്നലുകൾ വൈദ്യുതി ഉപയോഗിച്ച് ആലേഖനം ചെയ്യുന്ന രീതിയും പിന്നീട് അദ്ദേഹം വികസിപ്പിച്ചെടുത്തു.1929 സപ്തംബർ 30 നു ബി.ബി.സി , അദ്ദേഹത്തിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് സംപ്രേക്ഷണം പരീക്ഷിച്ചു.തുടർന്ന് 1930ൽ ഫിലൊ ടി ട്രാൻസ്‌വർത്ത് എന്ന ശാസ്ത്രജ്ഞനാണ് സീഷിയം തകിടുകൾ ഉപയോഗിച്ച് ടെലിവിഷൻ നിർമ്മിച്ചതാണ് ഇന്ന് കാണുന്ന ടെലിവിഷൻ രൂപപ്പെട്ടു വന്നത് .
ഒരു ടെലിവിഷൻ സംപ്രേഷണ കേന്ദ്രത്തിൽ നിന്നും വിദ്യുത് കാന്ത തരംഗ രൂപത്തിൽ പ്രക്ഷേപണം ചെയ്യുന്ന വിവരങ്ങളെ സ്വീകരിച്ച് അവയെ വീണ്ടും ചിത്രങ്ങളും ശബ്ദങ്ങളും ആയി മാറ്റാനുപയോഗിക്കുന്ന ഉപകരണമാണ് ടെലിവിഷൻ എന്ന് സാമാന്യമായി പറയാം .
1934 ൽ ജർമനിയിൽ കാഥോഡ് റേ ട്യൂബ് ലോകത്തു ആദ്യമായി ബ്ലാക്ക് ആന്റ് വൈറ്റ് ടെലിവിഷൻ വിപണനം നടത്തി. 1936 ൽ ഫ്രാൻസിലും 1938 ൽ അമേരിക്കയിലും വ്യാവസായിക അടിസ്ഥാനത്തിൽ ടെലിവിഷനുകൾ വിറ്റഴിക്കാൻ ആരംഭിച്ചു.
1950 ലാണ് ഇന്ത്യയിൽ ആദ്യമായി ടെലിവിഷൻ വരുന്നത്. ചെന്നൈയിലെ തെയ്നാംപേട്ടിൽ ബി.ശിവകുമാരൻ എന്ന ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർഥി ടെലിവിഷൻ പ്രദർശിപ്പിച്ചിരുന്നുവെന്ന് പറയപ്പെടുന്നുണ്ട് .ബ്രിട്ടണിൽ ബിബിസി ആദ്യത്തെ സംപ്രേഷണം തുടങ്ങി 23 വർഷത്തിന് ശേഷമാണ് ഇന്ത്യയിൽ ആദ്യത്തെ ടെലിവിഷൻ കേന്ദ്രം ആരംഭിക്കുന്നത് .1959 സെപ്തംബർ പതിനഞ്ചിനാണ് ഡൽഹിയിൽ ദൂരദർശന്റെ പരീക്ഷണ സംപ്രേഷണം ആരംഭിച്ചത് . പിന്നീട് തുടർ പ്രക്ഷേപണം വിദ്യാഭ്യാസ പരിപാടികളും വാർത്തയും മാത്രം ഉൾക്കൊള്ളിച്ചു 1965 ൽ മാത്രമാണ് ദൂരദർശന് ആരംഭിച്ചത്. ഓൾ ഇന്ത്യ റേഡിയോയുടെ ഭാഗമായിരുന്നു അത്. പിന്നീട് 1985 ദൂരദർശൻ തിരുവനന്തപുരത്തു നിന്നും പ്രക്ഷേപണം ആരംഭിച്ചതോടെ മലയാളികൾക്കും ആസ്വാദനത്തിന് പുതിയമാനങ്ങൾ കൈവന്നു .1993 ൽ മലയാളത്തിലെ ആദ്യ സ്വകാര്യ ടി വി ചാനലായ ഏഷ്യാനെറ്റ് സംപ്രേഷണം ആരംഭിച്ചു.
വാര്‍ത്താ വിനിമയ രംഗത്തും മറ്റുമുള്ള പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ ടെലിവിഷന്‍ വഹിക്കുന്ന പങ്കിനെ എടുത്തു കാട്ടാനാണ് ഈ ദിനം ആചരിക്കുന്നത് . വിവര സാങ്കേതിക വിദ്യ വളർന്നു ഓരോ കയ്യിലും സ്വയം ചര യന്ത്ര ഫോണുകൾ വിജ്ഞാനകോശങ്ങളായി മാറുമ്പോഴും വിനോദോപാധിയായിയും സമൂഹ മാധ്യമ ഭ്രമങ്ങൾ നിലനിൽക്കുമ്പോഴും ടെലിവിഷൻ നാം മറന്നിട്ടില്ല എന്ന് മാത്രമല്ല നമ്മുടെ
ദൈനംദിന ജീവിതത്തിന്റെ ഭാഗം കൂടിയാണ് ടെലിവിഷൻ. അത് കൊണ്ടാണ് മാര്‍ഷല്‍ മാക് ലുഹാന്‍ കഴിഞ്ഞ നാറ്റാണ്ടിൽ പറഞ്ഞത് ടെലിവിഷന്‍ നമ്മെ ആഗോള ഗ്രാമമാക്കി മാറ്റുമെന്ന്. ഇന്ന് സാറ്റലൈറ്റുകളുടെയും മറ്റ് സാങ്കേതിക വിദ്യകളുടെയും സഹായത്താല്‍ അദ്ദേഹം ചിന്തിച്ചതിന്റെ അപ്പുറം കടന്നിരിക്കുന്നു .
ടെലിവിഷൻ ഇല്ലാതെ ജീവിക്കാൻ കഴിയാത്ത നിരവധി ആളുകൾ പോലുമുണ്ട് . കൃത്യമായ ഉപയോഗത്തിലൂടെ എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് അത് വിദ്യാഭ്യാസപരമാകും കൂടാതെ നമുക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാക്കുകയും ചെയ്യുന്നു.മാത്രമല്ല ലോകത്തെ ദൈനം ദിനമറിയാനും ടെലിവിഷന്റെ സംഭാവന ചെറുതല്ല എന്നാൽ ടെലിവിഷൻ കാണുന്നതു മൂലം അമിതവണ്ണവും, ഉറക്കത്തിലെ ബുദ്ധിമുട്ടുകൾ, പെരുമാറ്റ പ്രശ്നങ്ങൾ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കും കാരണമാകും. ലോകത്തു നേത്ര രോഗികളുടെ എണ്ണം
ഗണ്യമായി വർധിച്ചത് ടെലിവിഷന്റെ വരവ് മൂലമാണ് എന്നത് വസ്തുതയാണ്
എന്തായാലും രൂപത്തിലും ഭാവത്തിലും വലിയ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്ന ടെലിവിഷനുകളെ മറന്നൊരു ലോകം തത്കാലം സ്വപ്നം കാണാൻ കഴിയില്ല. .
ആഗോള ടെലിവിഷൻ ദിനാശംസകൾ ...