സ്റ്റോക്ക്‌ഹോം: ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. വിക്ടർ ആമ്പ്രോസിനും ഗാരി റുവ്കുനിനുമാണ് 2024 ലെ നൊബേൽ പുരസ്കാരം ലഭിച്ചത്. മൈക്രോ ആർ എൻ എയുടെ കണ്ടെത്തലിലും പോസ്റ്റ് ട്രാന്‍സ്‌ക്രിപ്ഷണല്‍ ജീന്‍ റെഗുലേഷനില്‍ അത് വഹിക്കുന്ന പങ്കിനെക്കുറിച്ചുമുള്ള പഠനമാണ് ഇരുവർക്കും അംഗീകാരം നേടിക്കൊടുത്തത്. ഇരുവരും അമേരിക്കയിൽ നിന്നുള്ള ഗവേഷകരാണ്. വിക്ടർ ആമ്പ്രോസ് നിലവിൽ മസാച്ചുസെറ്റ്സ് മെഡിക്കൽ സ്കൂളിൽ നാച്ചുറൽ സയൻസ് പ്രൊഫസറാണ്. ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ ജനറ്റിക്സ് പ്രൊഫസറാണ് ഗാരി റുവ്കുൻ.
സ്വീഡനിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ യൂണിവേഴ്‌സിറ്റിയുടെ നൊബേൽ അസംബ്ലിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരത്തിന് 1.1 മില്യൺ ഡോളർ (9.2 കോടി) സമ്മാനമായി ലഭിക്കും. മറ്റ് നൊബേൽ പുരസ്കാരങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ പ്രഖ്യാപിക്കും.ആൽഫ്രഡ് നൊബേലിൻ്റെ ചരമവാർഷിക ദിനമായ ഡിസംബർ 10 ന് നടക്കുന്ന ചടങ്ങിലാകും ജേതാക്കൾക്ക് പുരസ്കാരം സമ്മാനിക്കുക.