ആത്മാവിനെ അനുസരിച്ചു നടക്കാം? (റോമ.8: 1 – 14).
“നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നുവെങ്കിൽ മരിക്കും നിശ്ചയം; ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ, നിങ്ങൾ ജീവിക്കും”(വാ.13).
വി.പൗലൊസിന്റെ ഏറെ പ്രധാനപ്പെട്ട ചില ചിന്തകൾ ഉൾക്കൊള്ളുന്ന ഒന്നാണ്, നാം ധ്യാനിക്കുന്ന വേദഭാഗം. എങ്ങനെയാണ് വിജയകരമായ ക്രിസ്തീയ ജീവിതം നയിക്കാൻ കഴിയുക എന്ന അതിപ്രധാന വിഷയമാണ്, അപ്പൊസ്തലൻ റോമർ 8-ാം അദ്ധ്യായത്തിൽ കൈകാര്യം ചെയ്യുന്നത്. മനുഷ്യ ജീവിതത്തെ നിയന്ത്രിക്കുന്ന പരസ്പര വിരുദ്ധങ്ങളായ രണ്ടു തിയന്ത്രണസംവിധാനങ്ങളെക്കുറിച്ചാണ്, അപ്പൊസ്തലൻ ധ്യാനഭാഗത്തു സൂചിപ്പിക്കുന്നത്: ഒന്ന്, ജഡം; രണ്ട്,ആത്മാവ്.
പരസ്പര വിരുദ്ധങ്ങളായ ഈ രണ്ടു നിയന്ത്രണ സംവിധാനങ്ങളുടെ ചൊൽപ്പടിയിൽ ജീവിക്കുന്നവർക്ക് ഉണ്ടാകാൻ സാദ്ധ്യതയുള്ള ജീവിതാനുഭവങ്ങളെക്കുറിച്ചാണ്,
ധ്യാന വാക്യത്തിൽ അപ്പൊസ്തലൻ പ്രതിപാദിക്കുന്നത്. ജഡത്തെ അനുസരിച്ചാണു ഒരാൾ ജീവിക്കുന്നതെങ്കിൽ, അതിന്റെ ആത്യന്തികഫലം “മരണം” ആയിരിക്കും എന്നാണു താൻ സൂചിപ്പിക്കുന്നത്. കേവലം ശരീരത്തിന്റെ മരണത്തെക്കുറിച്ചല്ല ഇവിടത്തെ സൂചന. മനുഷ്യ ആളത്വത്തെ നിത്യ നാശത്തിലേക്കു നയിക്കുന്ന ആത്മീയ മരണത്തെക്കുറിച്ചാണു താൻ സൂചിപ്പിക്കുന്നത്. മറിച്ച്, ആത്മാവിനെ അനുസരിച്ചാണ് ഒരാൾ ജീവിക്കുന്നതെങ്കിൽ, അയാളെ ഭരിക്കുന്ന നിയന്ത്രണ സംവിധാനം “ദൈവാത്മാവായതിനാൽ, അതിന്റെ ആത്യന്തിക ഫലം ജീവൻ” ആകുന്നുവെന്നാണ്, അപ്പൊസ്തലൻ സൂചിപ്പിക്കുന്നത്. “എന്നിൽ വിശ്വസിക്കുന്നവർ മരിച്ചാലും ജീവിക്കും” (യോഹ.11:25) എന്നു പറയുന്നിടത്തു സൂചിപ്പിക്കുന്ന “ജീവൻ” ആണിത്. ഒരാൾ ശാരീരികമായി മരിച്ചാലും, അയാൾ കർത്താവിൽ വിശ്വസിച്ചും, ആശ്രയിച്ചും ആണു ജീവിക്കുന്നതെങ്കിൽ, അയാൾ നിത്യ ജീവനായി ഉയിർത്തെഴുന്നേൽക്കും എന്നാണല്ലോ, ദൈവ വചനം നൽകുന്ന ഉറപ്പ്. അങ്ങനെ ജീവിക്കാതിരിക്കുന്നവരും ഉയിർത്തെഴുന്നേൽക്കുമെങ്കിലും, അതു നിത്യത്തിനായിരിക്കും.
ദൈവ വചനം അനുശാസിക്കുന്ന രീതിയിൽ മാനസാന്തരപ്പെട്ട് യേശുവിനെ കർത്താവും രക്ഷിതാവും ആയി ഏറ്റുപറഞ്ഞ്, അതനുസരിച്ചു ജീവിക്കുന്നവർ, ആത്മാവിന്റെ നിയന്ത്രണത്തിലാണ്. അല്ലാത്തവർ ജഡത്തിന്റെ നിയന്ത്രണത്തിലും. ഇതിൽ ഏതെങ്കിലും ഒരു വിഭാഗത്തിലായിരിക്കും നാം ഓരോരുത്തരും. അതു നിശ്ചയിക്കപ്പെടുന്നതു ഈ ലോകത്തിൽ വെച്ചാണ്. അതു തീരുമാനിക്കുന്നതു നാം തന്നെയാണ്. ആത്മാവിനെ അനുസരിച്ചു നടക്കുന്നവരാണോ നാം? അല്ലെങ്കിൽ, അതിനായി നമുക്കു ദൈവസന്നിധിയിൽ നമ്മെ സമർപ്പിക്കാം.. ദൈവം സഹായിക്കട്ടെ.
ചിന്തയ്ക്ക്: ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവർ മാത്രമാണു ദൈവജനം!