Wednesday, December 25, 2024
Homeലോകവാർത്തആരെയും പീഡിപ്പിച്ച് കൊന്നില്ല, എന്നിട്ടും 37 കൊല്ലം ജയിലില്‍, ഒടുവില്‍ 116 കോടി നഷ്ടപരിഹാരം.

ആരെയും പീഡിപ്പിച്ച് കൊന്നില്ല, എന്നിട്ടും 37 കൊല്ലം ജയിലില്‍, ഒടുവില്‍ 116 കോടി നഷ്ടപരിഹാരം.

ന്യൂയോര്‍ക്ക്; ഫ്ളോറിഡയില്‍ നിന്നുള്ള റോബര്‍ട്ട് ഡുബോയ്സ് തന്റേതല്ലാത്ത കുറ്റത്തിന് ജീവിതത്തിലെ നല്ല പ്രായമെല്ലാം ് ജയിലഴികള്‍ക്കുള്ളില്‍ ജീവിച്ച് തീര്‍ത്തു. 18 -ാമത്തെ വയസ്സിലാണ് ബലാത്സംഗം ചെയ്ത് ഒരു യുവതിയെ കൊലപ്പെടുത്തി എന്ന കുറ്റം ചാര്‍ത്തി റോബര്‍ട്ടിനെ കോടതി ശിക്ഷിക്കുന്നത്. അയാള്‍ പുറത്തിറങ്ങിയതാവട്ടെ തന്റെ 56 -ാമത്തെ വയസ്സിലും.

ടാംബയിലുള്ള ബാര്‍ബറ ഗ്രാംസ് എന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി എന്നായിരുന്നു റോബര്‍ട്ടിനെതിരെയുള്ള കുറ്റം. 1983 ഓഗസ്റ്റ് 19 -നാണ് റെസ്റ്റോറന്റിലെ തന്റെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടക്കവെ ഗ്രാംസ് എന്ന യുവതിയെ ആരോ കൊലപ്പെടുത്തുന്നത്. അന്ന് സംശയം തോന്നിയവരെയെല്ലാം പരിശോധിച്ച കൂട്ടത്തില്‍ റോബര്‍ട്ടും ഉണ്ടായിരുന്നു.

ഗ്രാംസിന്റെ കവിളിലെ കടിയേറ്റ പല്ലുകളുടെ ഉടമയെയാണ് കേസില്‍ ആദ്യം അന്വേഷിച്ചത്. അതിന് റോബര്‍ട്ടിന്റെ പല്ലുകളുമായി സാമ്യമുണ്ട് എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരും ഡെന്റിസ്റ്റുമടക്കം അന്ന് സാക്ഷ്യപ്പെടുത്തിയത്. അതോടെ റോബര്‍ട്ട് വിചാരണ ചെയ്യപ്പെട്ടു. ഡെന്റിസ്റ്റിന്റെ സാക്ഷ്യത്തില്‍ അയാള്‍ക്ക് ശിക്ഷയും കിട്ടി. ആദ്യം വിധിച്ചത് വധശിക്ഷയായിരുന്നു. പിന്നീടാണ് ജീവപര്യന്തമാക്കിയത്.
എന്നാല്‍, ആ കേസില്‍ പരിശോധിക്കാതെ കിടന്ന ഒരു റേപ്പ്കിറ്റ് ഉണ്ടായിരുന്നു. 2020 -ലാണ് അത് പരിശോധിച്ചത്. ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് റോബര്‍ട്ടിന് ആ ബലാത്സംഗത്തിലോ കൊലയിലോ പങ്കില്ല എന്ന് തെളിയുന്നത്.

അതോടെ നീണ്ട കാലത്തെ ജയില്‍വാസത്തിന് ശേഷം അയാളെ കോടതി വെറുതെ വിട്ടു. അപ്പോഴും തന്റെ ജീവിതം മുഴുവനും ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ തീര്‍ത്തതിന്റെ വേദനയിലായിരുന്നു റോബര്‍ട്ട്.
ഇയാള്‍ പിന്നീട്, ടാംബ സിറ്റി, അന്വേഷണ ഉദ്യോഗസ്ഥര്‍, ഫോറന്‍സിക് ഡെന്റിസ്റ്റ് എന്നിവര്‍ക്കെതിരെ കേസ് കൊടുത്തു. ഒടുവിലാണ് റോബര്‍ട്ടിന് 14 മില്യന്‍ ഡോളര്‍ (ഏകദേശം 116 കോടി) നഷ്ടപരിഹാരം നല്‍കാന്‍ വിധി വന്നിരിക്കുന്നത്. ടാംപ സിറ്റി കൗണ്‍സില്‍ ഏകകണ്ഠേനയാണ് ഇത് പാസാക്കിയത്. റോബര്‍ട്ടിനോട് ചെയ്ത തെറ്റിനുള്ള ഏറ്റവും കുറഞ്ഞ പരിഹാരമാണിത് എന്നാണ് കൗണ്‍സില്‍ പറഞ്ഞത്.

RELATED ARTICLES

Most Popular

Recent Comments