ഇസ്രയേല്‍ പൗരന്മാർക്ക് മാലദ്വീപ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് വിനോദ സഞ്ചാരത്തിനായി ഇന്ത്യൻ ബീച്ചുകള്‍ സന്ദർശിക്കാൻ പൗരന്മാരോട് ആവശ്യപ്പെട്ട് ഇസ്രായേല്‍ എംബസി.
ജൂൺ 2 നാണ് പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇസ്രയേല്‍ പൗരന്മാർക്ക് രാജ്യത്ത് പ്രവേശന വിലക്കേർപ്പെടുത്തുമെന്ന് മാലദ്വീപ് പ്രഖ്യാപിച്ചത്. ഈ അപ്രതീക്ഷത നീക്കം ഇപ്പോൾ ഇന്ത്യക്ക് ഗുണകരമായി മാറിയിരിക്കുകയാണ്.
ലക്ഷദ്വീപ്, ഗോവ, കേരളം, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ തുടങ്ങി ഇന്ത്യൻ ബീച്ചുകൾ സന്ദർശിക്കാൻ വിനോദസഞ്ചാരികളോട് ചെയ്തിരിക്കുകയാണ് ഇസ്രയേല്‍. ഇത് സംബന്ധിച്ച് ഇന്ത്യയിലെ ഇസ്രായേല്‍ എംബസി ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. “മാലദ്വീപ് ഇപ്പോള്‍ ഇസ്രായേലികളെ സ്വീകരിക്കുന്നില്ല. അതിനാൽ ഇസ്രയേലി വിനോദസഞ്ചാരികള്‍ക്ക് ഹൃദ്യമായ സ്വീകരണം ലഭിക്കുന്ന മനോഹരമായ കുറച്ച് ഇന്ത്യന്‍ ബീച്ചുകള്‍ ഇതാ” ഇന്ത്യയിലെ ഇസ്രയേല്‍ എംബസി എക്സില്‍ കുറിച്ചു.
അതേസമയം മാലദ്വീപിന് നന്ദിയുണ്ടെന്നും ഇസ്രയേലികള്‍ക്ക് ഇനി ലക്ഷദ്വീപിലെയും കേരളത്തിലെയും മനോഹര ബീച്ചുകള്‍ കാണാമെന്നും ഇന്ത്യയിലെ ഇസ്രായേൽ കോൺസൽ ജനറൽ പ്രതികരിച്ചു. ഗാസക്കെതിരായ ഇസ്രായേൽ സേനയുടെ യുദ്ധ പശ്ചാത്തലത്തിലാണ് ഇസ്രയേലിനെതിരെ മാലദ്വീപ് സർക്കാർ കടുത്ത നടപടിയിലേക്ക് കടന്നത്. ഇസ്രയേലി പാസ്‌പോർട്ടുള്ളവർ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കാൻ എത്രയും വേഗം ഇമിഗ്രേഷൻ നിയമങ്ങളില്‍ ഭേദഗതി വരുത്താൻ തീരുമാനിച്ചതായി മാലദ്വീപ് ആഭ്യന്തര മന്ത്രി അലി ഇഹുസാനാണ് അറിയിച്ചത്.
കൂടാതെ ഇതിനായുള്ള നടപടികൾ വേഗത്തിലാക്കാൻ മന്ത്രിമാരുടെ പ്രത്യേക സമിതിയെ മന്ത്രിസഭ രൂപീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. മാലിദ്വീപിൽ 10 ലക്ഷത്തോളം വിനോദ സഞ്ചാരികളാണ് പ്രതിവർഷം എത്തുന്നത്. ഇതിൽ 15,000 ലധികം പേര്‍ ഇസ്രായേലില്‍ നിന്നുള്ളവരാണ്. പലസ്തീന്‍ ജനതയുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനും യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി (യുഎൻആർഡബ്ല്യുഎ) മുഖേന അവർക്ക് വേണ്ട ആവശ്യങ്ങള്‍ ചെയ്ത് നല്‍കുന്നതിനും ധനസമാഹരണ പരിപാടികൾ സംഘടിപ്പിക്കാൻ പ്രത്യേക അംബാസഡറെ നിയമിക്കുമെന്നും മാലദ്വീപ് ഭരണകൂടം അറിയിച്ചു.