യു എസ് —ലോകത്തിൽ കുടുംബാംഗങ്ങള്‍ ബിസിനസ് പങ്കാളിയായി ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കുന്ന ധാരാളം കമ്പനികളുണ്ട് എന്നാൽ പലപ്പോഴും ഇത്തരം പങ്കാളിത്തങ്ങൾ വലിയ വഴക്കുകൾക്കും കാരണമാകാറുണ്ട്. ചിലപ്പോള്‍ ഇത്തരം കേസുകള്‍ കോടതിലെത്താറുമുണ്ട്. യുഎസിലും സമാനമായ ഒരു സംഭവമാണ് നടന്നത്.
ഇന്തോ-അമേരിക്കന്‍ വ്യവസായിയായ ഹരേഷ് ജോഗാനിയോട് 20,000 കോടി രൂപ സഹോദരന്മാര്‍ക്ക് നഷ്ട പരിഹാരമായി നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് യുഎസ് കോടതി. 20 വര്‍ഷത്തോളമായി തര്‍ക്കം നടന്നുകൊണ്ടിരിക്കുന്ന കേസിലാണ് കോടതിയുടെ സുപ്രധാനമായ വിധി വന്നിരിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ യുഎസ് കോടതി പുറപ്പെടുവിച്ച ഏറ്റവും വലിയ നഷ്ടപരിഹാര തുക അടങ്ങിയ വിധിയാണിതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
യുഎസിലെ ലോസ് ആഞ്ചെലെസിലെ തങ്ങളുടെ വജ്രവ്യാപാരത്തെയും റിയല്‍ എസ്റ്റേറ്റ് ബിസിനസിനെയും ചൊല്ലി അഞ്ച് സഹോദരന്മാര്‍ തമ്മിലുള്ള നിയമ യുദ്ധത്തിന്റെ വിധിയാണ് കഴിഞ്ഞ ദിവസം കോടതി പുറപ്പെടുവിച്ചത്. നിയമ പോരാട്ടത്തിൽ സഹോദരന്മാരിലൊരാളായ ഹരേഷ് ജോഗാനിക്കാണ് പരാജയമേറ്റു വാങ്ങേണ്ടി വന്നത്. ഇദ്ദേഹം സഹോദരന്മാര്‍ക്ക് 2.5 ബില്ല്യണ്‍ ഡോളര്‍ (20000 കോടി രൂപ) നഷ്ടപരിഹാരമായി നല്‍കാനും സ്വത്തുവകകള്‍ വിഭജിച്ച് നല്‍കാനും കോടതി ഉത്തരവിട്ടു