ചൊവ്വയില്‍ ജലത്തിന്റെ സാന്നിധ്യം സംബന്ധിച്ച കൂടുതല്‍ കണ്ടെത്തലുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. നാസയുടെ ചൊവ്വാ ദൗത്യമായ പെര്‍സെവറന്‍സ് റോവറാണ് ഇതുസംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയത്. ചൊവ്വയുടെ ഉപരിതലത്തില്‍ തടാകം നിലനിന്നിരുന്നതിന്റെ അവശിഷ്ടങ്ങള്‍ (ജല സാന്നിധ്യം മൂലം ഉണ്ടാകുന്ന ഊറല്‍) കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച പുറത്തുവിട്ട പഠനത്തിലാണ് ജെറെസോ ഗര്‍ത്തം എന്ന് പേര് നല്‍കിയിരിക്കുന്ന ചൊവ്വയുടെ ഉപരിതലത്തിലെ തടാക സാന്നിധ്യത്തെ കുറിച്ച് വിശദമായ പരാമര്‍ശമുള്ളത്. ‘ചൊവ്വ’യിൽ ജീവിക്കാൻ അവർ നാല് പേർ ()ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെയും (യുസിഎല്‍എ) ഓസ്ലോ സര്‍വകലാശാലയിലെയും സംഘങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണം സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ ആണ് പ്രസിദ്ധീകരിച്ചത്. നിലവില്‍ മൈനസ് 225 ഡിഗ്രി സെല്‍ഷ്യവരെ തണുത്ത കാലാവസ്ഥയും വരണ്ടതും നിര്‍ജീവവുമായ ചൊവ്വ ഒരു കാലത്ത് ഊഷ്മളവും നനഞ്ഞതും ഒരുപക്ഷേ വാസയോഗ്യവുമായിരുന്നു എന്ന നിര്‍ണായമായ കണ്ടെത്തലാണ് പഠനം മുന്നോട്ടുവയ്ക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഭൂമിയിലെ തടാകങ്ങളിലെന്നപോലെ, ജലം വഹിക്കുന്ന മണ്ണിന്റെ അവശിഷ്ടങ്ങള്‍ ജെറെസോ ഗര്‍ത്തത്തിലും അതിന്റെ ഡെല്‍റ്റയിലുമുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ചൊവ്വയുടെ ഉപരിതലം കുഴിച്ച് പെര്‍സിവിയറന്‍സ് റോവര്‍ നടത്തിയ പരീക്ഷങ്ങളും നേരത്തെ പകര്‍ത്തിയ ചിത്രങ്ങളും മറ്റ് വിവരങ്ങളും വിശകലനം ചെയ്താണ് പഠനം നിര്‍ണായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്. ചൊവ്വയുടെ ഉപരിതലത്തില് ഏഴടിയോളം താഴ്ചയില്‍ കുഴിച്ച് സാംപിളുകള്‍ ശേഖരിച്ചാണ് പെര്‍സെവറന്‍സ് റോവര്‍ പരീക്ഷണങ്ങള്‍ നടത്തിയത്. റോവറിന്റെ റിംഫാക്സ് റഡാര്‍ ഉപകരണത്തില്‍ നിന്നുള്ള തരംഗങ്ങള്‍ 65 അടി (20 മീറ്റര്‍) താഴ്ചയുള്ള ശിലാപാളികളെ ഉള്‍പ്പെടെ പരിശോധിച്ചിരുന്നതായി യുസിഎല്‍എയിലെ ശാസ്ത്രജ്ഞനായ ഡേവിഡ് പെയ്ജിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.പെര്‍സെവറന്‍സ് ശേഖരിച്ച സാമ്പിളുകളിലൂടെ ഏകദേശം 3 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ടതായി കരുതപ്പെടുന്ന ജെറേസോയുടെ അവശിഷ്ടങ്ങളുടെ സൂക്ഷ്മ പരിശോധന സാധ്യമാകുമെന്നാണ് ശാസ്ത്രജ്ഞര് കരുതുന്നത്. 2020 ജൂലൈ 30 നാണ് നാസ പെഴ്സെവറന്‍സ് വിക്ഷേപിച്ചത്. അറ്റ്ലസ് 5 റോക്കറ്റ് ഉപയോഗിച്ച നടത്തിയ വിക്ഷേപണത്തിന് ശേഷം ഏഴു മാസം നീണ്ട യാത്രയ്ക്ക് ഒടുവില്‍ പെര്‍സെവറന്‍സ് റോവര്‍ 2021 ഫെബ്രുവരി 19 നാണ് റോവര്‍ ലക്ഷ്യത്തിലെത്തിയത്. ചൊവ്വയില്‍ ജീവന്‍ നിലനിന്നിരുന്നോയെന്ന് പഠനം നടത്തുകയാണ് പേടകത്തിന്റെ ലക്ഷ്യം.
– – –