Saturday, April 27, 2024
HomeWorldആറ് പ്രമുഖ നേതാക്കളെ ഗസ്സയിൽനിന്ന് പുറത്താക്കണമെന്ന് ഇസ്രായേൽ; നടക്കില്ലെന്ന് ഹമാസ്*

ആറ് പ്രമുഖ നേതാക്കളെ ഗസ്സയിൽനിന്ന് പുറത്താക്കണമെന്ന് ഇസ്രായേൽ; നടക്കില്ലെന്ന് ഹമാസ്*

ഗസ്സ/തെൽഅവീവ്:     ബന്ദി മോചനം ആവശ്യപ്പെട്ട് ബന്ധുക്കളും ഗസ്സയിൽ ഇസ്രായേൽ സൈനികരുടെ കൂട്ട മരണം ചൂണ്ടിക്കാട്ടി പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കിയതോടെ കടുത്ത സമ്മർദത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇസ്രായേൽ മുന്നോട്ടുവെച്ച വെടിനിർത്തൽ നിബന്ധനകൾ ഹമാസ് തള്ളിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഒക്‌ടോബർ 7ന് ഇസ്രായേലിന് നേരെ നടന്ന ‘തൂഫാനുൽഅഖ്സ’ ഓപറേഷന്റെ സൂത്രധാരൻമാരായ യഹ്‌യ സിൻവാർ, മുഹമ്മദ് അൽ ദെയ്ഫ് എന്നിവരടക്കം ആറ് പ്രമുഖ ഹമാസ് നേതാക്കളെ ഗസ്സയിൽനിന്ന് പുറത്താക്കണമെന്നാണ് ഇസ്രായേൽ ആവശ്യം. ഇതൊരിക്കലും അംഗീകരിക്കാനാവില്ലെന്ന് ഹമാസ് വ്യക്തമാക്കി.ബന്ദി മോചനം: കടുത്ത സമ്മർദത്തിൽ നെതന്യാഹു
ബന്ദികളുടെ മോചനത്തിന് ഇസ്രായേലിൽ സമ്മർദം അതിശക്തമാണ്. ഗസ്സയിലുടനീളം ഓരോ നാളും തുടരുന്ന ആക്രമണങ്ങളിൽ കൂടുതൽ ബന്ദികൾ കൊല്ലപ്പെടുന്നതായി ബന്ധുക്കൾ ആശങ്കപ്പെടുന്നുണ്ട്. കഴിഞ്ഞദിവസം നിരവധി പേർ ഇതേ പ്രശ്നമുന്നയിച്ച് ഇസ്രായേൽ പാർലമെന്റിലേക്ക് ഇരച്ചുകയറിയിരുന്നു. കഴിഞ്ഞ നവംബറിൽ ഒരാഴ്ച നീണ്ട വെടിനിർത്തലിൽ 100 ബന്ദികളെയും 240 ഫലസ്തീനികളെയും വിട്ടയച്ചശേഷം വെടിനിർത്തൽ ചർച്ചകൾ കാര്യമായി മുന്നോട്ടുപോയിട്ടില്ല.യുദ്ധം സ്ഥിരമായി നിർത്തി അധിനിവേശ സേന ഗസ്സ വിടണമെന്നാണ് ഹമാസ് മുന്നോട്ടുവെക്കുന്ന പ്രധാന നിബന്ധന. ഇസ്രായേൽ പിടികൂടിയ മുഴുവൻ ഫലസ്തീനികളെയും വിട്ടയക്കണമെന്നും ഫലസ്തീൻ വിമോചന പ്രസ്ഥാനം ആവശ്യപ്പെടുന്നു. എന്നാൽ, ഘട്ടംഘട്ടമായി വെടിനിർത്തൽ അംഗീകരിക്കാമെന്നാണ് ഇസ്രായേൽ പറയുന്നത്.

ഇസ്രായേലും ഹമാസും നേരിട്ട് സംസാരിക്കാതെ യുഎസ്, ഖത്തർ, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളുടെ മധ്യസ്ഥതയിലാണ് ചർച്ച നടക്കുന്നത്. ഇതിനായി വൈറ്റ് ഹൗസ് മധ്യേഷ്യ കോഓഡിനേറ്റർ ബ്രറ്റ് മക്ഗർക്ക് കൈറോയിലുണ്ട്. തുടർ ചർച്ചകൾക്കായി അദ്ദേഹം ഖത്തറിലേക്ക് പറക്കും. അതേസമയം, ചർച്ചയുടെ വിശദാംശങ്ങളെ കുറിച്ച് യുഎസും ഖത്തറും ഈജിപ്തും ഇതുവരെ പ്രതികരിച്ചിട്ടില്ല.സമാധാന കരാറിന് സംഘടന തയ്യാറാണെന്നും എന്നാൽ ഇതുവരെ ഒരു കരാറും ഉണ്ടായിട്ടില്ലെന്നും മുതിർന്ന ഹമാസ് നേതാവ് സാമി അബു സുഹ്‌രി റോയിട്ടേഴ്‌സിനോട് പറഞ്ഞു. “ഞങ്ങൾ എല്ലാ ഒത്തുതീർപ്പിനും തയ്യാറാണ്. എന്നാൽ, ആക്രമണം അവസാനിപ്പിക്കുകയും ഗസ്സയിൽനിന്ന് അധിനിവേശ സേന പൂർണ്ണമായും പിൻമാറുകയും ചെയ്യണം’ -അബു സുഹ്‌രി പറഞ്ഞു.

അതേസമയം, ഹമാസിനെതിരെ സമ്പൂർണ വിജയം നേടിയാൽ മാത്രമേ യുദ്ധത്തിന് അറുതി വരുത്തൂവെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം വീണ്ടും ആവർത്തിച്ചു. എന്നാൽ, യുദ്ധം നാല് മാസം പിന്നിട്ടിട്ടും ഹമാസിന്റെ മുതിർന്ന നേതൃത്വത്തെ പിടികൂടാനോ അവരുടെ പോരാട്ടത്തെ ക്ഷയിപ്പിക്കാനോ ഇസ്രായേലിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നുമാത്രമല്ല, കഴിഞ്ഞ ദിവസം 21 ഇസ്രായേൽ സൈനികരെ ഒറ്റയടിക്ക് ഹമാസ് കൊലപ്പെടുത്തുകയും ചെയ്തു.
– – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments