Saturday, November 23, 2024
HomeUS Newsകോട്ടയംകാരുടെ മീൻ കറി ✍റീന നൈനാൻ വാകത്താനം

കോട്ടയംകാരുടെ മീൻ കറി ✍റീന നൈനാൻ വാകത്താനം

തയാറാക്കിയത്: റീന നൈനാൻ വാകത്താനം✍

കുടംപുളി ഇട്ട് മൺചട്ടിയിൽ വെച്ച
നാവിൽ രുചിയൂറുന്ന മീൻ കറി
————————————————————————

ചേരുവകൾ
****************

1 – കഴുകി വൃത്തിയാക്കിയ മീൻ
( കഷ്ണങ്ങൾ ആക്കിയത് ) 1 kg
2 – കുടം പുളി വെള്ളത്തിൽ കുതിർത്തത്
7 കഷ്ണം
3 – ഉലുവ കാൽ ടീസ്പൂൺ
4 – ഉലുവ പൊടി കാൽ ടീസ്പൂൺ
5 – കടുക് ഒരു ടീസ്പൂൺ
6 – ഇഞ്ചി ഇടത്തരം വലുപ്പമുള്ളത്
( ചെറുതായി അരിഞ്ഞത് )
7 – വെളുത്തുളളി 10 എണ്ണം
(ചെറുതായി അരിഞ്ഞത് )
8 – വെളിച്ചെണ്ണ 4 ടീസ്പൂൺ
9 – ചെറിയ ഉള്ളി 5 എണ്ണം
( കനം കുറച്ച് അരിഞ്ഞത് )
10 – കറിവേപ്പില 5 തണ്ട്
11 – മഞ്ഞൾപ്പൊടി അര ടീസ്പൂൺ
12 – മുളകുപൊടി ഒരു ടീസ്പൂൺ
13 – കാശ്മീരി മുളകുപൊടി മൂന്ന് ടീസ്പൂൺ
14 – ഉപ്പ് ആവശ്യത്തിന്
15 – വെള്ളം ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം
——————————————

കഴുകി വൃത്തിയാക്കിയ മൺചട്ടി അടുപ്പിൽ വെച്ച് തീ കത്തിക്കുക. ചട്ടി ചൂടാകുമ്പോൾ അതിലേക്ക് 3 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ അതിലേക്ക് ഉലുവ ഇട്ട് പൊട്ടി കഴിയുമ്പോൾ കടുക് ഇട്ടു പൊട്ടിക്കുക.
അതിനുശേഷം അരിഞ്ഞുവച്ച ചുമന്നുള്ളിയിട്ട് ചുവപ്പുനിറം ആകുന്നത് വരെ മൂപ്പിക്കുക. ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, 2 തണ്ട് കറിവേപ്പില ഇവ ചേർത്തു വഴറ്റുക. ഗോൾഡൻ കളറാകുമ്പോൾ അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് തീ ഓഫ് ചെയ്യുക. (പൊടികൾ ചേർക്കുമ്പോൾ കരിഞ്ഞു പോകാതെ ഇരിക്കുവാനാണ് തീ ഓഫ് ചെയ്യുന്നത്.) ഇതിലേക്ക് എടുത്തു വെച്ചിരിക്കുന്ന രണ്ടുതരം മുളകുപൊടിയും ചേർത്ത് വഴറ്റുക. ഇനി തീ വീണ്ടും കത്തിക്കുക. വെള്ളത്തിൽ കുതിർത്തു വച്ചിരിക്കുന്ന കുടംപുളിയും ആവശ്യത്തിന് വെള്ളം , ഉപ്പ് എന്നിവയും ചേർത്ത് നല്ലവണ്ണം തിളപ്പിക്കുക. ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ കഷണങ്ങൾ ഇട്ടു കൊടുത്ത് ചെറിയ തീയിൽ വേവിച്ചെടുക്കുക. ( മീൻ കഷ്ണങ്ങൾ ചട്ടിയിൽ ഇട്ടുകൊടുത്തതിനു ശേഷം സ്പൂൺ ഉപയോഗിച്ച് ഇളക്കരുത്. കാരണം മീൻ കഷ്ണങ്ങൾ പൊടിഞ്ഞു പോകാൻ സാദ്ധ്യതയുണ്ട് ) വെന്ത് വെള്ളം വറ്റിവരുന്ന കറിയിലേക്ക് ഉലുവാപ്പൊടി വിതറുക. അതിനു മുകളിലായി മൂന്നു തണ്ട് കറിവേപ്പില ഇട്ട് ഒരു സ്പൂൺ വെളിച്ചെണ്ണയും ഒഴിച്ച് ചട്ടി ചുറ്റിച്ച് വാങ്ങി വെക്കുക.

ഈ മീൻ കറി കുറഞ്ഞത് ഒരു ദിവസം എങ്കിലും വെച്ചതിനുശേഷം മാത്രമേ ഉപയോഗിക്കാവൂ. എങ്കിൽ മാത്രമേ മീൻ കഷ്ണങ്ങളിൽ ഉപ്പും പുളിയും എരിവും കൃത്യമായി പിടിച്ച് കറി നല്ല ഒന്നാന്തരം രുചിയുള്ളതായി തീരുകയുള്ളൂ.

തയാറാക്കിയത്: റീന നൈനാൻ വാകത്താനം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments