കാഞ്ചിപുരം സിൽക്ക് സാരിയും തലയിൽ പൂവും അത്യാവശ്യം സ്വർണ്ണാഭരണഭൂഷിതയായി കൈയ്യിൽ ക്ഷേത്ര പൂജക്കായുള്ള സാമഗ്രികളുമായി ആ ക്ഷേത്ര ദർശനം നടത്തുന്നവരേ കാണാനും പ്രത്യേക അഴക്.
മൈസൂരിൻ്റെ ദേവതയാണ്, ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം. ചാമുണ്ഡി അല്ലെങ്കിൽ ദുർഗ്ഗ ശക്തിയുടെ ഉഗ്രരൂപമാണ്.
ദേവിയുടെ വലിയ ഭക്തരും ആരാധകരുമായ മൈസൂർ മഹാരാജാക്കന്മാരായ വോഡയാർ , ചാമുണ്ഡേശ്വരി അവരുടെ വീട്ടു ദൈവമായി മാറുകയും അങ്ങനെ മതപരമായ പ്രാധാന്യം ഏറ്റെടുക്കുകയും ചെയ്തു. 1000 വർഷത്തിലേറെ പഴക്കമുള്ള ഇത് ആദ്യം ചെറിയ ഒരു ക്ഷേത്രമായിരുന്നു. നൂറ്റാണ്ടുകൾ കടന്നു പോകുമ്പോൾ ഇന്ന് കാണുന്നതു പോല ഒരു വലിയ ക്ഷേത്രമായി മാറി. ക്ഷേത്രത്തിന് പുറത്തായി കൃത്രിമമായിട്ടുള്ള മുടിക്കെട്ട് ധരിച്ച ഏതാനും പേരെ കണ്ടു. അവർ ആ മുടിക്കെട്ട് ഞങ്ങളുടെ തലയിൽ വെച്ചു തരാനും തയ്യാർ.
അവരുടെ ഫോട്ടോ എടുത്തപ്പോൾ ആകെ അതൃപ്തി. ആ ഫോട്ടോ വെച്ച് ഞങ്ങൾ പൈസ ഉണ്ടാക്കുമെന്നാണ് അവർ വിചാരിച്ചിരിക്കുന്നത്. ഭക്തിയും ടൂറിസ്സവും കൂടി കലർന്നതാണ് ആ നിരത്തുകൾ.
കേരളവും തമിഴ്നാടും അടുത്താണെന്ന് പറഞ്ഞിട്ട് കാര്യമില്ല ‘കന്നഡ’ ഭാഷയറിയാത്തത് വലിയൊരു കീറാമുട്ടി തന്നെയാണ്. പ്രാദേശിക ജനത കന്നഡ ഭാഷയിൽ തന്നെ പിടിച്ചു നിന്നു. പിന്നെയും യുവതലമുറക്ക് ഹിന്ദി & ഇംഗ്ലീഷിൽ പിടിച്ചു നിൽക്കാമെന്ന് മാത്രം.
മൈസൂരിലെ ചാമുണ്ഡി കുന്നുകളിലുള്ള 350 വർഷത്തിലേറെ പഴക്കമുള്ള ഭീമാകാരമായ മൈസൂരിലെ ഏറ്റവും പഴയ ഐക്കണുകളിൽ ഒന്നായ ‘ ന ന്തി’ കാണുന്നതിനായി 1000 പടികൾ , കയറിയിറങ്ങേതുണ്ട് എന്നാണ് ആദ്യം മനസ്സിലായത്. പിന്നീട് ഓരോരുത്തരുടെ അഭിപ്രായത്തിൽ പടികളുടെ എണ്ണം 800….. 300…. അര മണിക്കൂർ…… അതോടെ ട്രെക്ക് പാതയിലുള്ള ആ നടത്തം, കാലുകളുടെ വേദന കൂടിയും കുറഞ്ഞും കൊണ്ടിരുന്നു.
ഏകദേശം 16 അടി ഉയരവും 24 അടി നീളവുമുള്ള ചാമുണ്ഡി മലനിരകളിലെ ഈ നന്തി ഇന്ത്യയിലെ മൂന്നാമത്തെ വലിയ ‘നന്തി’യാണ്. എഴുന്നേൽക്കാൻ പോകുന്ന ഭാവത്തിൽ ഇടതു മുൻകാല് മടക്കി ഇരിക്കുന്ന അവസ്ഥയിലാണ് നന്തിയെ ചിത്രീകരിച്ചിരിക്കുന്നത്. നന്തിയുടെ മുകളിൽ സമർത്ഥമായി കൊത്തിയ മണികളും മാലകളും കാണാവുന്നതാണ്. മുഴുവൻ രൂപവും നാലു അടിയോ അതിൽ കൂടുതലോ ഉയരമുള്ള പ്ലാറ്റ് ഫോമിൽ ഇരിക്കുന്നു. പ്രൗഢഗംഭീരമായ നന്തി എന്ന ഒറ്റവാക്കിൽ പറയാം. നന്തിയുടെ പുറകിലായി ശിവന് സമർപ്പിച്ചിരിക്കുന്ന ഒരു ചെറിയ ഗുഹാക്ഷേത്രവുമുണ്ട്.
ക്ഷീണമകറ്റാനായി ഏതാനും കരിമ്പിൻ ജ്യൂസ് കടകൾ അടുത്തുണ്ട്. അവിടേക്ക് ശല്യമായി എത്തുന്ന കുരങ്ങന്മാരെ , കവണ വെച്ച് ഓടിക്കുന്നത് കാണുമ്പോൾ ,
കുസൃതി കാണിക്കുന്ന കുട്ടികളെ പുറകിലൂടെ പോയി അടിക്കുന്ന അധ്യാപകരെയാണ് ഓർമ്മ വന്നത്.
പട്ടണത്തിൽ നിന്ന് വരുകയാണെങ്കിൽ മലമുകളിലേക്കുള്ള വഴിയിൽ ഏതാണ്ട് മുക്കാൽ ഭാഗത്തായിട്ടാണ് നന്തി സ്ഥിതി ചെയ്യുന്നത്. പട്ടണത്തിൽ നിന്ന് വരുമ്പോഴാണ് 1000 പടികൾ. പലരും നേർച്ച എന്ന പോലെ എല്ലാ പടികളും കുങ്കമം ചാർത്തി മന്ത്രങ്ങൾ ഉരുവിട്ടു കൊണ്ട് മല കയറി വരുന്നവരുമുണ്ട്. അത് ചാമുണ്ഡേശ്വരിയുടെ പ്രധാന ക്ഷേത്രത്തിലേക്ക് നയിക്കുന്നു. അതൊരു നേർച്ച പോലെ ചെയ്യുന്ന പലരേയും മടക്ക യാത്രയിൽ കണ്ടു. ഞങ്ങളുടെ യാത്ര ക്ഷേത്രത്തിൽ നിന്നായതിനാലാണ് പടികളുടെ എണ്ണത്തിൽ വ്യത്യാസം വന്നത്.
മലമുകളിലേക്കുള്ള മറ്റൊരു പ്രധാന റോഡ് ഒരു വ്യു പോയിൻ്റ് ജംഗ്ഷനിൽ എത്തിച്ചേരുന്നു.
. ട്രെക്കിംഗ് ചെയ്യാനായി ആദ്യം മടി തോന്നിയെങ്കിലും യഥാർത്ഥത്തിൽ ഇതൊരു കൂറ്റൻ പാറയായിരുന്നു. ഈ പാറക്കെട്ടിൽ നിന്നാണ് നന്തിയുടെ ചിത്രം കൊത്തിയെടുത്തിരിക്കുന്നത് .
1659 – 1673 ലാണ് ഈ ഭീമാകാരമായ പ്രതിമ സൃഷ്ടിച്ചിരിക്കുന്നത്. നന്തി യുടെ ചരിത്രവും അതിൻ്റെ രൂപഭംഗിയും കാണുമ്പോൾ, കാണാതെ പോയിരുന്നെങ്കിൽ അതൊരു വലിയ നഷ്ടമായേനെ എന്നതിൽ യാതൊരു സംശയവുമില്ല.
Thanks