ദുബാരെ എലിഫൻ്റ് ക്യാംപ് (Dubare elephant camp) കൂർഗ്
‘ ക്യൂ ‘ എന്ന് പറയുമ്പോൾ അതിനൊരു മര്യാദയും അച്ചടക്കവുമൊക്കെയില്ലേ? ഒരാൾ ക്യൂവിൽ നിൽക്കുകയും അയാൾക്ക് ചുറ്റും അയാളുടെ കൂടെ വന്നവർ. അതിനു ശേഷം അടുത്തയാൾ അയാൾക്ക് ചുറ്റും അതേ ചുറ്റുപാടു തന്നെയാണ് .
ഇതിനിടയ്ക്ക് ‘ ഞാനൊന്നും അറിഞ്ഞില്ലേ’ എന്ന മട്ടിൽ ക്യൂവിൽ ഇടയക്ക് കയറുന്നവർ.ഇതിനെല്ലാം എതിരായി അത്യാവശ്യത്തിന് വാക്ക് പോരാട്ടത്തിന് തയ്യാറായി നിൽക്കുന്ന NRI കുട്ടിയെ കണ്ടപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഇതൊക്കെ തന്നെയാണ് ക്യൂ നിൽക്കുമ്പോഴുള്ള നേരം മ്പോക്കുകളും.
കൂർഗിലെ കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ‘ ദുബാരെ എലിഫൻ്റ് ക്യാമ്പ്’, കൂർഗിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ്. അടുത്തുള്ള നാളുകളിലുണ്ടായ മഴ കാരണം നദിയുടെ മറുകരയിലുള്ള ‘ദുബാരെ എലിഫൻ്റ് ക്യാമ്പിലേക്ക് ബോട്ട് യാത്രയിലൂടെയാണ് എത്തിച്ചേരേണ്ടത്. ബോട്ട് യാത്രക്ക് ‘ലൈഫ് ജാക്കറ്റ്’ ഇല്ലാത്ത ആധിയിലാണ് നമ്മുടെ NRI കുട്ടി. ക്യൂ വിലെ ബഹളം കഴിഞ്ഞപ്പോൾ ‘ ലൈഫ് ജാക്കറ്റ്’! എന്നാൽ ഇതൊന്നും ഒരു പ്രശ്നമേയല്ല എന്ന മട്ടിലാണ് ഞാനടക്കം ബാക്കിയുള്ളവർ. എന്നാൽ വേനൽക്കാലത്ത് ജലനിരപ്പ് കുറയുമ്പോൾ കാൽനടയായി പുഴ കടന്ന് വേണം ക്യാമ്പിലെത്താൻ, ചെളിയും പാറകളിലെ വഴുവഴുപ്പും നടന്നിട്ടുള്ള യാത്ര ദുഷ്ക്കരമാണെന്നാണ് ബോട്ട് ഡ്രൈവർ.
ഭീമാകാരമായ ഈ ജീവികളെ അടുത്തറിയാനുള്ള അവസരമാണ് ഈ സ്ഥലം ഒരുക്കുന്നത്. ഒരു പ്രദേശത്ത് ഏതാനും ആനകളെ ചങ്ങലകൾ കൊണ്ട് തളച്ചിട്ടുണ്ട്. ആനകൾ ഭക്ഷണം കഴിക്കുകയും കൂട്ടത്തിൽ ആകെ ഒരു കുലുക്കവുമൊക്കെയായി കാണാൻ നല്ല കാഴ്ച.
തൃശൂർ പൂരത്തിൻ്റെ നാട്ടുകാരിയായ, ഞാൻ ഇത്തരം കാഴ്ചകൾ ധാരാളം കണ്ടിട്ടുള്ളതാണ്. പൂരത്തിൻ്റെ തലേ ദിവസം ആനകളെ കാണാനായി പൂരപ്പറമ്പിൽ പോകാറുണ്ടായിരുന്നു. അപ്പോഴാണ് അവിടെയുള്ള ഒരു ഉദ്യോഗസ്ഥൻ പറയുന്നത്. ഇവരെ ‘മെരുക്കി’ കൊണ്ടു വരുകയാണ്. ഇവരെല്ലാം മനുഷ്യക്കൊല്ലികളാണത്രേ! ഇപ്പോൾ കിടുങ്ങിയത് ഞാൻ.
ഭക്ഷണത്തിൽ ഉപ്പിട്ട ചോറു കൊടുത്താണ് അവരെ മെരുക്കുന്നത്. പകൽ ഒരു സമയം ആകുമ്പോൾ അവരെ പുറകിലുള്ള കാട്ടിലോട്ട് പറഞ്ഞു വിടും. ഉപ്പിട്ട ചോറിന്റെ ആ രുചി തേടി അവർ തിരിച്ചു വരും! ഇപ്പോൾ അവിടുത്തെ ഏറ്റവും പൊക്കമുള്ള ആനക്ക് 42 വയസ്സുണ്ട്. അവിടെയുള്ള ഓരോ ആനകളുടെ പേരും വയസ്സും ….. എല്ലാം എഴുതിയിട്ടുള്ള ബോർഡുകളുമുണ്ട്.
നിലവിൽ കാട്ടിൽ താമസിക്കുന്ന ആന 70 വയസ്സ് വരെയൊക്കെ ജീവിക്കാം. മനുഷ്യരെ പോലെകരയിലെ സസ്തനികളിൽ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന ഒന്നാണ് ആനകൾ.
മറ്റൊരു ഭാഗത്ത് ധാരാളം ആനകളെ ചങ്ങലകളാൽ തളച്ചിട്ടുണ്ട്. അവിടെ വിനോദ സഞ്ചാരികൾക്ക് അവരുമായി അടുത്തിടപഴകാനും ഭക്ഷണം കൊടുക്കാനുമൊക്കെ സാധിക്കും.
ഭക്ഷണത്തിനായി പ്രത്യേക ഫീസ് ആ ജോലിക്കാർ ഈടാക്കി. വൈക്കോലിനകത്ത് വേവിച്ച ചോറു പോലെയെന്തോ വച്ച് ഒരു കെട്ട് ആക്കിയാണ് തന്നത്. ഇഷ്ടമുള്ള ആനക്ക് കൊടുക്കാം. ഭക്ഷണം നമ്മൾ നീട്ടി കാണിക്കുന്നതും തുമ്പിക്കൈ കൊണ്ട് വാങ്ങിക്കുന്നതും വായിലിടുന്നതുമെല്ലാം ‘എല്ലാം വളരെ പെട്ടെന്നായിരുന്നു’ എന്ന മട്ടിലാണ് അവരുടെ രീതി. അതു കൊണ്ടു തന്നെ ഫോട്ടോയും വീഡിയോയ്ക്കുമായി രണ്ടു – മൂന്നു പ്രാവശ്യം ഭക്ഷണം വാങ്ങിക്കേണ്ടി വന്നു. അവരോടൊപ്പം അവിസ്മരണീയമായ ചില നിമിഷങ്ങൾ ചെലവഴിക്കാനുള്ള അസാധാരണമായ അവസരമാണിത്. .
മറ്റൊരു സ്ഥലത്ത് നമ്മുടെ ധോണി ആനയെ കൊണ്ടുപോയ പോലത്തെ കൂട്, _ യൂക്കാലിപ്റ്റസ് മരത്തടികൾ കൊണ്ട് നിർമ്മിച്ച ഏകദേശം ജയിൽ പോലെ തോന്നുന്ന കൂട്ടിനകത്തുള്ള ആനയെ പുറത്ത് നിന്ന് രണ്ടു പേർ ‘ ട്രെയിൻ’ ചെയ്യിപ്പിക്കുകയാണ്. ഭക്ഷണത്തിൻ്റെ കെട്ട് കൂടിൻ്റെ പല ഭാഗത്ത് കാണിച്ച് ആനക്ക് കൊടുക്കുകയാണ്. മനുഷ്യരെപ്പോലെ ആനകൾക്കും അവരുടേതായ വ്യക്തിത്വങ്ങൾ ഉണ്ടെന്നാണ് പറയുന്നത്. കൂട് കണ്ടപ്പോൾ ആനയെ ‘ ബാർബി ക്യു’ ചെയ്യാനാണോയെന്നാണ് NRI കുട്ടിയുടെ സംശയം! പേടിയോടെയാണ് ആ കൂടിന്റെ യവിടെ നിന്നതെങ്കിലും സംശയം കേട്ടപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
ഓരോ നാട്ടിലെയും ജീവിത രീതിയിലുള്ള ആ വ്യത്യാസം എടുത്തു കാണിക്കുന്നതായിരുന്നു അവന്റെ ഓരോ പ്രവൃത്തികളും.
വേറിട്ട അനുഭവങ്ങളുടെ ലോകമായിരുന്നു ഞങ്ങൾക്ക് രണ്ടു കൂട്ടർക്കും.
മൈസൂർ ദസറയ്ക്ക് ആനകളെ പരിശീലിപ്പിച്ചിരുന്ന ഒരു സ്ഥലമാണിത്. വനം വകുപ്പും ജംഗിൾ ലോഡ്ജുകളും റിസോർട്ടുകളും ചേർന്ന് ഏറ്റെടുത്ത ഒരു പദ്ധതിയാണിത്.
നമ്മുടെ ഉള്ളിലുള്ള ആ കുട്ടിയെ , ഒരു കുട്ടിയുടെ ഉത്സാഹത്തോടെ വിശേഷങ്ങളും കാഴ്ചകളും ആസ്വദിക്കാൻ പറ്റിയ ഒരു സ്ഥലമാണിത്.
Thanks