Thursday, December 26, 2024
Homeകഥ/കവിതലാവണ്ടർ വില്ല (ചെറുകഥ) ✍രചന: ഗിരിജാവാര്യർ

ലാവണ്ടർ വില്ല (ചെറുകഥ) ✍രചന: ഗിരിജാവാര്യർ

ഗിരിജാവാര്യർ

തേൻനിറമുള്ള കോട്ടേജുകൾ വരിവരിയായി നിൽക്കുന്ന പാതയിലൂടെ അയാൾ നടന്നു. സ്പ്രിംഗ് സീസണായിട്ടും തണുപ്പിനൊട്ടും കുറവില്ല.ചാഞ്ഞുപെയ്യുന്ന മഴയിൽ വീശിയടിക്കുന്ന കാറ്റ് ചുഴികുത്തി ചെവിയിലേക്കു വീശിയടിച്ചപ്പോൾ അയാൾ തലയിലെ കമ്പിളിത്തൊപ്പി ഒന്ന് വലിച്ചുതാഴ്ത്തി വലിഞ്ഞുനടന്നു. പാതയ്ക്കിരുവശവും കുഞ്ഞുപൂക്കൾ തലയിൽച്ചൂടിയ കുറ്റിച്ചെടികൾ നിരനിരയായി തലയാട്ടുന്നു. വേർഡ്‌സ് വർത്തിന്റെ ഡാഫോഡിൽപ്പൂക്കളെപ്പോലെ.
പട്ടാമ്പിയിലെ ട്യൂട്ടോറിയൽ കോളേജിലെ ഡാഫോഡിൽക്കാലം ഓർമ്മയിലെത്തി. മലർന്നു വിടർന്ന കണ്ണുകൾ പുസ്തകത്തിലാഴ്ത്തി ഇരുനിറത്തിറത്തിൽ മറ്റൊരു ഡാഫോഡിൽപ്പൂ മുന്നിൽ വിരിഞ്ഞപോലെ!

“സർ, വൈ ഡിഡ് ഹി യൂസ് ദാറ്റ്‌ പർട്ടികുലർ വേർഡ് “ക്രൗഡ് “? ഹി കുഡ് ഹാവ് യൂസ്ഡ് അ ബഞ്ച് ഓഫ് ഡാഫോഡിൽസ്? “

അത്ഭുതത്തോടെ, ഒരല്പം കൗതുകത്തോടെ നോക്കി. മലർന്ന കണ്ണുകളിൽ ചോദ്യഭാവം നിറച്ച് അവൾ! ആത്മജ!

കൂട്ടുകാർക്കെല്ലാം അവൾ ആമിയാണ്. ഒരല്പം മൗനിയായ, ബുദ്ധിജീവിയായ ചിത്രകാരി. അന്നു ക്ലാസ്സ്‌ ടൈം കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോൾ അവളെനിക്കായി ഒരു സമ്മാനം കരുതിയിരുന്നു. തടാകക്കരയിൽ നൃത്തംചെയ്യുന്ന സ്വർണ്ണനിറത്തിലുള്ള ഡാഫോഡിൽക്കാടുകളുടെ! നീലവാനിലലയുന്ന മേഘക്കീറും, താഴ്‌വരയ്ക്ക് പച്ചപുതപ്പിക്കുന്ന മരങ്ങളും അതിനു താഴെ മഞ്ഞക്കണിയായി ഡാഫോഡിൽപ്പൂക്കളുമെല്ലാമെല്ലാം അവളുടെ ചിത്രത്തിനു മിഴിവേകി.

അവളുടെ അപ്പൂപ്പൻ പണ്ട്‌ ലണ്ടൻനിവാസിയായിരുന്നു. പണ്ട്‌ കേരളത്തിലെത്തിയ ഇംഗ്ലീഷുകാരിയായ അവളുടെ അമ്മൂമ്മ, മലയാളിയായ അവളുടെ അപ്പൂപ്പനെ പ്രണയത്തിൽ കൊരുത്ത്, ലണ്ടനിലേക്ക് കൂട്ടിക്കൊണ്ടുപോയി. അഗാതാ സാംസൺ ഫിലിപ്പ് എന്നാണ് അവളുടെ അമ്മൂമ്മയുടെ പേര്. അവർക്ക് ലണ്ടനിൽ വലിയൊരു ഫാം ഉണ്ട്. ഏക്കറുകൾ പരന്നുകിടക്കുന്ന ലാവൻഡർപ്പാടങ്ങളും. അപ്പൂപ്പൻ ഫാമിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ അമ്മൂമ്മ ഫ്രീയായി. അവരുടെ മകൾ,അതായത് ആത്മജയുടെ അമ്മയ്ക്ക് അപ്പൂപ്പന്റെ നിറമാണ് കിട്ടിയത്. എന്നാൽ കണ്ണുകൾ അഗാതയുടേതും. കേരളത്തിന്റെ മാധവൻ നായർ തന്റെ ശീലങ്ങളൊക്കെ മദാമ്മക്കുട്ടിക്കുവേണ്ടി മാറ്റി. നിൽപ്പിലും നടപ്പിലും, ഇരിപ്പിലുമെല്ലാം ഒരൊത്ത ഇംഗ്ലീഷുകാരനായി. അപ്പൂപ്പന്റെ വീട്ടുകാരും സങ്കടപ്പെട്ടു.

“എന്നാലും അവനിതെങ്ങനെ തോന്നി? നാടും വീടും ഏതാന്നുപോലുമറിയാത്ത ഒരു മദാമ്മയെ.. ഛീ.. അവണക്കെണ്ണേം അട്ടക്കരീം കൂട്ടി വാരിത്തേച്ചു, അമ്മടെ മോത്ത്, അച്ഛന്റെ മോത്ത്, തറവാട്ടിന്റെ മോത്ത്! കീഴ്ക്കെടെ ല്ല്യാത്ത കാര്യം! നാലാള്ടെ മുമ്പില് തലയുയർത്തി നിൽക്കാൻ പറ്റാണ്ടായി. ഇനീപ്പോ പൊകഞ്ഞ കൊള്ളി പൊറത്ത്!അല്ലാണ്ടെന്താ?”

പക്ഷേ,മാധവൻനായർ അതൊന്നും കാര്യമാക്കിയില്ല. അയാളുടെ ജീവിതം അഗാതയിലും ലാവണ്ടർ പാടങ്ങളിലുമൊതുങ്ങി. അവരുടെ മകൾ അമീലിയ ലാവണ്ടർപ്പൂക്കളുടെ സുഗന്ധമേറ്റുവാങ്ങി വളർന്നു.മാധവൻ നായർ അവളോട് ഭാരതപ്പുഴയുടെ തീരത്തുള്ള, തെങ്ങുകൾ പീലിനിവർത്തിയാടുന്ന പട്ടാമ്പിക്കരയെപ്പറ്റി പറഞ്ഞു. അവിടെ മേഞ്ഞുനടക്കുന്ന കറുമ്പിപ്പൈയ്ക്കളെപ്പറ്റി പറഞ്ഞു.അമ്പലങ്ങളിൽ നിന്നുമുയരുന്ന ഓട്ടുമണികളുടെ സംഗീതത്തെപ്പറ്റി പറഞ്ഞു!

പപ്പായുടെ കഥകൾ കേട്ടുകേട്ട് അമീലിയ കാക്കപ്പൂ വിരിഞ്ഞുനിൽക്കുന്ന കുന്നിൻപുറങ്ങൾ സ്വപ്നം കണ്ടു. അവയ്ക്ക് ലാവണ്ടർപ്പൂക്കളേക്കാൾ ഭംഗിയുണ്ടെന്ന് അവൾക്കുതോന്നി. അവളുടെ ഉള്ളിൽ മുറുക്കാൻ ചവച്ചുകൊണ്ടു തത്തക്കൂട് കൈയിലെടുത്ത കാക്കാത്തികൾ വിരുന്നുവന്നു. പറയെടുക്കാൻ വന്ന കോമരം ചിലമ്പിട്ട് ഉറഞ്ഞുതുള്ളി!തുറിച്ച കണ്ണുകളോടെ പൂതനും വലിയ മുടി വച്ച് ഉറച്ച പദങ്ങളോടെ നീങ്ങുന്ന തിറയും നിറഞ്ഞുനിന്നു.

അവരുടെ ഫാംഹൗസിൽ നിലാവുള്ള ഒരു രാത്രിയിൽ ഷാംപെയ്ൻ നുണഞ്ഞിരിക്കുന്ന വേളയിൽ അഗാത മാധവനോട് ആ സത്യം പറഞ്ഞു. താനൊരു ഹൃദ്രോഗിയാണെന്നും ഇനി അധികം നാള് ഈടുണ്ടെന്നു തോന്നുന്നില്ലെന്നും. അമീലിയയെ ഓർത്താണ് അവളുടെ വേവലാതി മുഴുവനും. താൻകൂടി പോയാൽ മാധവ് എന്തുചെയ്യും എന്ന അവളുടെ ചോദ്യം അയാൾ മുഖവിലയ്ക്കെടുത്തില്ല. അവളെപ്പോഴും ഇങ്ങനെ,തന്നെ പറ്റിക്കാൻ നോക്കും. ഈ രോഗവും അത്തരത്തിലൊരു കള്ളക്കഥ!

“നോ മാധവ്.. നെവർ.. അയാം സീരിയസ്. ഡോക്ടർ സെഡ്.. “

മാധവൻ നായർ അവളുടെ ചുണ്ടിൽ വിരലമർത്തി, അവളെ പൂർത്തിയാക്കാൻ സമ്മതിച്ചില്ല. അങ്ങനെ ഒരു വിധിക്കും പൂച്ചക്കണ്ണുള്ള തന്റെ മദാമ്മക്കുട്ടിയെ വിട്ടുകൊടുക്കാൻ അയാൾ തയ്യാറല്ലായിരുന്നു.

എന്നാൽ സിറ്റി ഓഫ് ലണ്ടൻ സിമട്റി ആൻഡ് ക്രിമറ്റോറിയം അഗാതയുടെ സ്വപ്നങ്ങൾക്കുള്ള പരിധി നിശ്ചയിച്ചിരുന്നു. അതു മാധവൻനായർക്കുള്ള മറുപടിയുമായി.

അമീലിയയേയും കൊണ്ടു മാധവൻനായർ കേരളത്തിലെത്തി. വർഷങ്ങൾക്കുശേഷം ഭാരതപ്പുഴയുടെ തീരത്ത് അയാൾ സ്വന്തമായി ഒരു താവളം ഒരുക്കി. അതിനു “ലാവണ്ടർ വില്ല”യെന്നു പേരിട്ടു. ലാവണ്ടർ വില്ലയുടെ അകത്തളങ്ങളിൽ അമീലിയയുടെ കളിച്ചിരികൾ മുഴങ്ങി. അമീലിയയെ റെയിൽവേയിൽ ജോലിയുള്ള ഒരു ഉദ്യോഗസ്ഥനെ കൊണ്ട് അയാൾ വിവാഹം കഴിപ്പിച്ചു. ആത്മജയുടെ ജനനത്തോടെ ആ ബന്ധവും താറുമാറായി.അമീലിയ അമ്മയില്ലാത്ത കുഞ്ഞായിട്ടാണ് വളർന്നതെങ്കിൽ, ആത്മജയുടെ വിധി അച്ഛനുണ്ടെങ്കിലും ഇല്ലാത്ത കുഞ്ഞായി വളരാനായിരുന്നു.

അഗാതയുടെ ലണ്ടനിലെ ഫാം ഹൗസും ലാവണ്ടർപ്പാടങ്ങളും നോക്കി നടത്തുന്നത് അവളുടെ സുഹൃത്ത് ഹാരി ക്രിസ്റ്റഫർ എന്നൊരാളാണ്. അയാളുടെ കള്ളക്കളികൾ മാധവൻനായരെ വീണ്ടും ലണ്ടനിലെത്തിച്ചു.ഫാം ഹൗസിലേക്ക് ക്ഷണിച്ചുവരുത്തിയ മാധവൻനായരെ അവിടെവച്ചുതന്നെ അയാൾ ഇല്ലായ്മ ചെയ്തു . ആത്മഹത്യയെന്നു വരുത്തിത്തീർക്കാനുള്ള ശ്രമവും നടന്നു. കഴിഞ്ഞ ഡിസംബറിലെ ക്രിസ്മസ് രാത്രിയിലാണ് മാധവൻനായർ മരണപ്പെട്ടത്!

അയാൾ ആലോചിച്ചു. എന്തേ തനിക്കു ഈ കുടുംബവുമായി ബന്ധം വരാൻ കാരണം? കേവലം കുടുംബസുഹൃത്ത് എന്നതിലുമുപരി മാധവൻ നായർ ഇപ്പോൾ ഒരച്ഛന്റെയോ അമ്മാമന്റെയോ സ്ഥാനത്താണ്. ചില വ്യക്തികൾ ജീവിച്ചിരിക്കുന്നതിനേക്കാൾ അവരുടെ സ്വാധീനം നമുക്ക് അനുഭവവേദ്യമാകുന്നത് അവർ മരിച്ചാലാകും. മാധവൻ നായർകൊലപാതകക്കേസിൽ, ആ അമ്മയെയും മകളെയും സഹായിക്കാനായി ഈ ലണ്ടൻ വരെ വരുക,കേസിന്റെ കാണാപ്പുറങ്ങളിലെ കുടിപ്പക കണ്ടെത്താൻ കഴിയുക,ഹാരി എന്ന സ്നേഹപ്രഭാവത്തിന് മറ്റൊരു ക്രൂരമായ മുഖം കൂടിയുണ്ടെന്നു മനസ്സിലാക്കുക ഇതെല്ലാം ഈശ്വരന്റെ നിയോഗങ്ങളായിരിക്കാം. അഗാതയെ സ്വന്തമാക്കാൻ, മില്ല്യനർ ആയി ആഡംബരത്തോടെ ജീവിക്കാൻ,കൊതിച്ച ഹാരി, അവളെ കിട്ടിയില്ലെന്നറിഞ്ഞപ്പോൾ നെഞ്ചേറ്റിയ പക, അവളുടെ രോഗത്തിലും മരണത്തിലും തീരാതെ കൊണ്ടുനടന്നു എന്നതും അയാളെ അത്ഭുതപ്പെടുത്തി. അതു മാധവൻ നായരെ മദ്യത്തിൽ വിഷം കൊടുത്തു കൊല്ലുന്നതുവരെയെത്തിച്ചു.പകയുടെ നേർഭാഷ്യങ്ങൾക്കു വ്യക്തമായ തിരക്കഥ തയ്യാറാക്കിയപ്പോൾ, തന്നെ കാത്തിരിക്കുന്ന തടവറയെക്കുറിച്ച് അയാൾ ഓർക്കാതെപോയത് എന്തുകൊണ്ടാവാം?
തെരുവിലൂടൊഴുകുന്ന മേഴ്‌സിഡസ്, റേഞ്ചോവർ, ബി. എം. ഡബ്ളിയു കാറുകൾക്കൊപ്പം അയാളുടെ ചിന്തകളും പായുകയാണ്.

സ്പ്രിംഗ് സീസണിൽ ഇവിടെ സർവത്ര കാണുന്ന പോളൺ അലർജി അയാളെയും പിടികൂടിയിരിക്കുന്നു. ഈ ഇരുപത്തഞ്ചിനു നാട്ടിലെത്തേണ്ടതാണ്, അമീലിയയെയും, ആത്മജയെയും കൂട്ടി.

അപ്പോഴേക്കെങ്കിലും ഈ ചുമയൊന്നു മാറിയിരുന്നുവെങ്കിൽ!വഴിയോരത്തു കാറ്റിലുലയുന്ന കുഞ്ഞുപൂക്കളെനോക്കി അയാൾ ചോദിച്ചു, “ നിങ്ങൾക്കും ഈ മനുഷ്യരോട് പകയാണോ? ചിരിച്ചു മയക്കി,സ്നേഹഭാവത്തിൽ രോഗം നൽകുന്നവരാണോ നിങ്ങളും?

✍രചന: ഗിരിജാവാര്യർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments