അവസാന ലീഗ് മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തത്. അവസാനം കളിച്ച ആറ് മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ജയമാണിത്. മുഹമ്മദ് അയ്മന്‍, ഡൈസുകെ സകായി, നിഹാല്‍ സുധീഷ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്. ലീഗ് റൗണ്ടിലെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 10 ജയവും 9 തോല്‍വിയും മൂന്ന് സമനിലയും ഉള്‍പ്പെടെ 33 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് നിലവില്‍ അഞ്ചാം സ്ഥാനത്താണ്. അവസാന മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തോടെ തന്നെ ഇനി ബ്ലാസ്‌റ്റേഴ്‌സിന് പ്ലേ ഓഫ് പോരാട്ടത്തിനിറങ്ങാം.
കളിയുടെ 34-ാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഗോള്‍ സ്വന്തമാക്കുന്നത്. മുഹമ്മദ് അയ്മാന്റെ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ നേടിയ ഗോളിന്റെ ആത്മവിശ്വാസം കളിയിലുടനീളം മഞ്ഞപ്പട നിലനിര്‍ത്തി. 51-ാം മിനിറ്റില്‍ ഡെയ്‌സുകി വലകുലുക്കി. നിഹാല്‍ സുധീഷിന്റെ അവസാന ഗോളോടെ മഞ്ഞപ്പട ലീഡ് വീണ്ടുമുയര്‍ത്തി. കളിയുടെ 88-ാം മിനിറ്റിലാണ് ജാവോ വിക്ടര്‍ ഹൈദരാബാദിന് ആശ്വാസഗോള്‍ നല്‍കിയത്.