Tuesday, January 7, 2025
Homeകായികംചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം.

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം.

മഡ്രിഡ് : ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ തീപാറും ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ചൊവ്വാഴ്ച തുടക്കം. യൂറോപ്പിലെ മികച്ച ക്ലബ്ബ് ടീം എന്ന് ഖ്യാതിയുള്ള നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റർ സിറ്റിയെ നേരിടുന്നത് പതിനാലുതവണ ചാമ്പ്യൻപട്ടം നേടിയ ഗ്ലാമറസ് സ്പാനിഷ് ടീം റയൽ മാഡ്രിഡാണ്. അതേസമയം മറ്റൊരു കടുത്തപോരാട്ടത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സനൽ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിെന നേരിടും. ഇരുമത്സരങ്ങളും ചൊവ്വാഴ്ച രാത്രി 12.30-ന്. ബുധനാഴ്ച രാത്രി ബാഴ്‌സലോണ പി.എസ്.ജി.യെയും അത്‌ലറ്റിക്കോ മഡ്രിഡ് ഡോർട്മുൺഡുമായും ഏറ്റുമുട്ടും.

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്റർ മിലാനെ 1-0ന് തോൽപ്പിച്ച്‌ കപ്പുയർത്തിയ മാഞ്ചെസ്റ്റർ സിറ്റി ഇത്തവണയും കപ്പുനേടുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. എട്ടുവർഷമായി പെപ് ഗാർഡിയോള പലിശീലിപ്പിക്കുന്ന ടീം സന്തുലിതമാണ്.
യൂറോപ്യൻ ഭൂഖണ്ഡത്തിലെ മികച്ച സ്‌ട്രൈക്കർ എന്നു വിശേഷിപ്പിക്കപ്പെടുന്ന എർലിങ് ഹാളണ്ടും അർജന്റീനയുടെ സൂപ്പർ താരം ജൂലിയൻ അൽവാരസും നയിക്കുന്ന ആക്രമണവും െബൽജിയൻ താരങ്ങളായ കെവിൻ ഡി ബ്രുയ്‌ൻ, ജെറമി ഡോകു എന്നിവർ നിറയുന്ന മധ്യനിരയും നഫാൻ ആകെയും റൂബൻ ഡയസും സെർജിയോ ഗോമസും മാനുവൽ അകാഞ്ചിയുമടങ്ങുന്ന പ്രതിരോധവും ഒന്നാന്തരമാണ്.

സിറ്റി കഴിഞ്ഞതവണ ഏൽപ്പിച്ച കനത്തപ്രഹരത്തിന് മറുപടിനൽകാനാവും റയൽ ശ്രമിക്കുക. കഴിഞ്ഞസീസണിലെ ഇരുപാദ സെമിയിൽ 5-1നാണ് റയലിനെ സിറ്റി മുക്കിയത്. ഹോം ഗ്രൗണ്ടായ മഡ്രിഡിൽ 1-1 സമനിലവഴങ്ങിയ സ്പാനിഷ് ടീമിനെ തങ്ങളുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽനടന്ന രണ്ടാംപാദ മത്സരത്തിൽ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് സിറ്റി തകർത്തുവിട്ടു.
വ്യക്തിത്വവും ധൈര്യവും കളഞ്ഞുകുളിച്ച മത്സരമെന്നാണ് റയൽ കോച്ച് കാർലോ ആഞ്ചലോട്ടി തോൽവിയെപ്പറ്റി പരിതപിച്ചത്. വെറ്ററൻ താരം ലൂക്കാ മോഡ്രിച്ച് മിഡ്ഫീൽഡ് നിയന്ത്രിക്കുന്ന ടീമിൽ സ്പാനിഷ്-ബ്രസീലിയൻ കോമ്പിനേഷൻ ഫോർവേർഡുകളാണുള്ളത്.

വിനീഷ്യസ് ജൂനിയർ-റോഡ്രിഗോ ദ്വയവും അൽവാരോ റോഡ്രിഗസും ജോസെലുവും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാംസ്ഥാനത്താണെന്ന ആത്മവിശ്വാസത്തോടെയെത്തുന്ന ആഴ്സനൽ ബയേൺ മ്യൂണിക് പോരാട്ടവും ആവേശകരമാണ്. മൈക്കൽ അർട്ടേറ്റ പരിശീലിപ്പിക്കുന്ന ടീം സീസണിൽ 31 മത്സരങ്ങളിൽ 22 ജയവും അഞ്ചുസമനിലയുമായി കുതിക്കുന്നു. പ്രീക്വാർട്ടറിൽ പോർട്ടോയെ മറികടന്നാണ് ആഴ്സനൽ അവസാന എട്ടിലെത്തിയത്. ഇറ്റാലിയൻ ടീമായ ലാസിയോയെ തോൽപ്പിച്ചാണ് ബയേൺ മ്യൂണിക് ക്വാർട്ടർ ഫൈനലിലെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments