Monday, December 23, 2024
Homeമതംപുണ്യ ദേവാലയങ്ങളിലൂടെ - (56) ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തിഡ്രൽ പള്ളി

പുണ്യ ദേവാലയങ്ങളിലൂടെ – (56) ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തിഡ്രൽ പള്ളി

ലൗലി ബാബു തെക്കെത്തല

കുന്നംകുളത്തെ ആദ്യത്തേയും, ഏറ്റവും വലിയ ക്രിസ്തീയ ദേവാലയമാണ് ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തിഡ്രൽ പള്ളി. കുന്നംകുളം നഗരസഭയിലെ ആർത്താറ്റ് ഭാഗത്ത് ഈ പള്ളി സ്ഥിതി ചെയ്യുന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നാണ് ആർത്താറ്റിലെ പള്ളി.ഉദയംപേരൂർ സുന്നഹദോസിൽ നിന്ന് ഇറങ്ങി പോന്ന പള്ളി “അയർത്ത(എതിർത്ത )അറ്റ പള്ളി” നവീകരണത്തെ എതിർത്ത പള്ളി, എന്നെല്ലാം ആർത്താറ്റ് പള്ളി അറിയപ്പെടുന്നു

🌻ചരിത്രം

കേരളത്തിന്റെ ആദ്യകാലത്തിലെ വ്യാപാര കേന്ദ്രങ്ങളിലെ പ്രധാനിയായിരുന്നു ചാ‍ട്ടുകുളങ്ങര. ചാ‍ട്ടുകുളങ്ങര കമ്പോളത്തിൽ നിന്നും ചരക്കുകൾ മുസ്സിരീസ്സ്, പൊന്നാനി തുടങ്ങിയ തുറമുഖങ്ങളിലേക്ക് ജലമാർഗ്ഗം ചാട്ടുകൾ (ചെറുവള്ളങ്ങൾ) വഴി എത്തിച്ചിരുന്നു. ചാ‍ട്ടുകുളങ്ങര പ്രദേശത്ത് ജൂതന്മാർ വസിച്ചിരുന്നു. പിന്നീട് തോമാശ്ലീഹാ‍യുടെ വരവിൽ ഈ പ്രദേശത്ത് ക്രൈസ്തവ സമൂഹത്തെ രൂപപ്പെടുത്തി എന്നാണ് പറയപ്പെടുന്നത്.

1789ലെ ടിപ്പു പടയോട്ടത്തിൽ ഓലമേഞ്ഞ ഈ പള്ളി തീവെയ്ക്കപ്പെട്ടു. കൂടാതെ പള്ളിയുടെ മദ്ബഹായിൽ വച്ച് വൈദികനെയും മറ്റ് 19 പേരെ വധിക്കുകയും ചെയ്തു എന്നു പറയുന്നു. പിന്നീട് അൾത്താര ഭാഗം കൊല നടന്ന സ്ഥലത്ത് നിന്നും അൽപ്പം മാറി പുതുക്കിപണിതു. അതിനാൽ ഈ പള്ളിയെ വെട്ടി മുറിച്ച പള്ളി എന്നും വിളിക്കുന്നു.

🌻അനീദ തിരുന്നാൾ

ആർത്താറ്റ് ഓർത്തഡോക്സ് പള്ളിയിൽ ടിപ്പു സുൽത്താൻ ചെയ്ത ക്രൂരകൃത്യങ്ങളുടെ ഓർമ്മയായി അനീദാ തിരുന്നാൾ ആചരിക്കുന്ന പതിവ് ഉണ്ട്. ടിപ്പു സുൽത്താന്റെ പടയോട്ട കാലത്ത് കുന്നംകുളം ആർത്താറ്റ് പള്ളിമുറ്റത്ത് തേക്കിൻ മരങ്ങളിൽ കെട്ടിത്തൂക്കിയ 19 നസ്രാണി യുവാക്കളുടെയും പരിശുദ്ധ മദ്ബഹായിൽ വച്ച് കൊലചെയ്യപ്പെട്ട ഒരു വൈദികന്റേയും ഓർമ്മ എല്ലാ വർഷവും നവംബർ 14, 15 തിയതികളിൽ പള്ളിയിൽ അന്നീദാ തിരുനാളായി ആചരിക്കാറുണ്ട്.

പുലിക്കോട്ടില്‍ യൌസേഫ് കത്തനാരായിരുന്നു (പുലിക്കോട്ടില്‍ ഒന്നാമന്‍ തിരുമേനി) അന്ന് ആര്‍ത്താറ്റ് പള്ളി വികാരി. 1789 ലാണ് ടിപ്പുസുല്‍ത്താന്‍ കൊച്ചി രാജ്യത്തേക്ക് ആക്രമിച്ച് കയറിയത്. 1789 ആണ്ട് ഒക്ടോബര്‍ മാസത്തിൽ കോയമ്പത്തൂരില്‍ നിന്നും പുറപ്പെട്ട് 29000 പദാതികളോടും , 10000 കുന്തക്കാരു മുതലായവരോടും 5000 കുതിരപ്പട്ടാളത്തോടും 20 പീരങ്കികളോടും കൂടി തെക്കോട്ടേക്ക് വന്ന് നവംബർ മാസത്തിൽ കൊച്ചി രാജ്യത്തു കടന്നു.

ഡിസംബര്‍ മാസം 14 തിയ്യതി സുല്‍ത്താന്‍ തൃശ്ശിവപേരൂര്‍ എത്തി. അയാളുടെ അശ്വസൈന്യം തിരുവിതാംകോട്ടെ അതിര്‍ത്തിക്ക് ഒരു നാഴികയ്ക്കകത്തുള്ള ദേശങ്ങളെ കൊള്ളയിട്ടു, ഇതിനുള്ളില്‍ കൊച്ചി തമ്പുരാന്റെ വക രാജ്യത്തു വളരെ നാശങ്ങള്‍ ചെയ്ത് 24 തിയ്യതി തലക്കാട്ടില്‍ പാളയമടിച്ചു.

ആര്‍ത്താറ്റ് എത്തിയ സൈന്യം ക്രിസ്ത്യാനികളെ മുസ്‌ലീം മതസ്ഥരാക്കാന്‍ നിര്‍ബന്ധിച്ചു. വഴങ്ങാതെ വന്നവരെ അരിഞ്ഞു വീഴ്ത്തി. സ്വയരക്ഷയോര്‍ത്ത് ക്രിസ്ത്യാനികള്‍ പള്ളിയിലേക്ക് ഓടിക്കയറി, ടിപ്പുസുല്‍ത്താന്‍റെ സൈന്യങ്ങള്‍ പിന്തുടര്‍ന്ന് അവരെ വെട്ടി വീഴ്ത്തുവാന്‍ തുടങ്ങി. ക്രൂരമായ നരഹത്യ കണ്ട് പരിഭ്രാന്തനായ അന്നത്തെ വൃദ്ധപുരോഹിതന്‍ വി.മദ്ബഹയിലേക്ക് ഓടിക്കയറി. അവിടെ ഒരു സ്വര്‍ണ്ണ ചെപ്പിലടച്ച് വി.കുര്‍ബ്ബാന സുക്ഷിച്ചിരുന്നു. പട അവിടെ കയറി. കുര്‍ബ്ബാന നശിപ്പിച്ചു കളയുമോയെന്ന് ആ സാധു പുരോഹിതന്‍ ന്യായമായും സംശയിച്ചു. അധികം താമസിച്ചില്ല, സ്വയരക്ഷ പോലും കണക്കാക്കാതെ ആ വിശ്വാസ പരിപാലകന്‍ വി.വസ്തുകളെ വിഴുങ്ങി. വി.മദ്ബഹയില്‍ നിന്നും ഇറങ്ങി വരുന്ന പുരോഹിതനെ കണ്ട് “ആ കത്തനാരെ കൊല്ലു”എന്ന് ആക്രോശിച്ച് മതഭ്രാന്തനായ ടിപ്പു മദ്ബഹയിലേക്ക് ഓടിക്കയറി. നിമിഷനേരംകൊണ്ട്‌ ആ പിതാവിന്റെ ശിരസ്സ് നിലത്തു വീണുരുണ്ടു. രക്തം വീണ വിശുദ്ധ സ്ഥലം ദിവ്യബലി നടത്തുവാന്‍ നല്ലതല്ലെന്നു അന്നത്തെ മത പണ്ഡിതന്മാര്‍ വിധിയെഴുതി. അതിനാല്‍ ആ അഭി. പുരോഹിതന്‍ രക്തസാക്ഷിത്വം വരിച്ച സ്ഥലംമുതല്‍ വി. മദ്ബഹ ഛേദിച്ചു കളഞ്ഞു. ഇപ്പോളത്തെ മദ്ബഹയുടെ തൊട്ടു മുന്‍പില്‍ സാധാരണ പള്ളികളില്‍ നിന്നു വ്യത്യസ്തമായ ആകൃതി കാണുന്നത് ഇതുകൊണ്ടാണ് .

വി.മദ്ബഹയുടെ നീളം ‘29.3’ആയിരുന്നു, അതില്‍നിന്നും ‘ 9.11’ ഛേദിച്ചുകളഞ്ഞു ,ഇപ്പോളത്തെ നീളം ‘ 19.4 ‘ ആണ് .
ടിപ്പുസുല്‍ത്താന്‍റെ പടനായകര്‍ ആര്‍ത്താറ്റ് പള്ളിക്കും,വടക്കെ പടിപുര മാളികക്കും,വടക്കോട്ടുള്ള അങ്ങാടിക്കും,ചാട്ടുകുളങ്ങര അങ്ങാടിക്കും തീ വെച്ചു.

ഇതിനെപ്പറ്റി ആര്‍ത്താറ്റ് പള്ളിപ്പാട്ടില്‍ പറയുന്നത് ഇങ്ങനെ:

“ദുഷ്ടരില്‍ ദുര്‍ഘട മുഖ്യശാന്‍
മഹമ്മദുവേദശ്രേഷ്ഠനാം നൃപന്‍
ദുഷ്ടന്‍ പട്ടാണി വന്നു
പന്തം കത്തിച്ചു ചുട്ടു പള്ളിയും”

അന്ന് രക്തസാക്ഷിത്വം വരിച്ച നസ്രാണി വീരന്മാരുടെ ഓര്‍മ്മ വൃശ്ചികം 2-ാം തിയ്യതി ആര്‍ത്താറ്റ് പള്ളിയില്‍ ആനീദോ (അന്നിച്ചാത്തം) ആയി ആചരിക്കുന്നു. അന്നേദിവസം 5 തരത്തിലുള്ള പലഹാരങ്ങള്‍ പള്ളിയില്‍ വഴിപാടായി വിശ്വാസികള് കൊണ്ടുവരുന്നു. 1. കായ വറുത്തത്, 2. ചീപ്പപ്പം, 3. ഉഴുന്നപ്പം, 4. എട്ടപ്പം, 5. ചക്കരപ്പം. ഈ പലഹാരങ്ങള്‍ അന്ന് പടയാളികള്‍ എങ്ങിനെയെല്ലാം നസ്രാണികളെ ദ്രോഹിച്ചു എന്നതിനെ സൂചിപ്പിക്കുന്നു. മാത്രമല്ല സന്ധ്യയ്ക്ക് വിളക്കുമണിയായി 19 ഒറ്റമണിയും ഒരു ഇരട്ടമണിയും അങ്ങനെ 21 മണി മുഴക്കണമെന്നും പൂര്‍വ്വീകര്‍ നിശ്ചയിച്ചു. അത് ഇന്നും തുടര്‍ന്നു വരുന്നു. അന്നേ ദിവസം വി. കുര്‍ബാനയ്ക്കു ശേഷം ശവക്കോട്ടയിലേക്ക് കൊടിയും കുരിശും പുറപ്പെടുകയും ശവക്കോട്ടയിലും ആദ്യകാലങ്ങളില്‍ മൃതദേഹം സംസ്ക്കരിച്ചിരുന്ന സ്ഥലങ്ങളിലും വാഴ്ത്തിയ വെള്ളം തളിക്കുകയും ചെയ്യുന്നു

🌻ദുഃഖവെള്ളിയാഴ്ചയിലെ കടുമാങ്ങ നേർച്ച

ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ദുഃഖവെള്ളിയാഴ്ച്ച വിശ്വാസികൾക്ക് നേർച്ചയായി കടുമാങ്ങ കൊടുക്കുന്നതിനു വേണ്ടി 3500 കിലോയിലേറെ മാങ്ങ പള്ളിയില്‍ എത്തി. പെസഹ വ്യാഴം രാവിലെ മുതല്‍ വികാരി വിഎം സാമുവേൽ സഹവികാരി ജോസഫ് ജോർജ്ജ് ,ട്രസ്റ്റി ഡിക്സൺ സി ചെറിയാൻ ,സെക്രട്ടറി കുഞ്ഞുമോൻ ജേക്കബ് ,മാനേജിങ് കമ്മിറ്റി അംഗങ്ങൾ ,പള്ളിയിലെ എല്ലാ ആത്മീയ സംഘടനകളുടെ സഹകരണത്താലും വിശ്വാസികളുടെ പൂർണ പങ്കാളിത്തതാലും കടുമാങ്ങ ഉണ്ടാക്കി .ദുഖവെള്ളിയുടെ ശുശ്രുഷകൾക്കു ശേഷം 4000 ന് പുറമെ വിശ്വാസികൾക്കുള്ള കഞ്ഞിയും കാടുമാങ്ങയുമാണ് തയാറാക്കിയത്

🌻ആര്‍ത്താറ്റ് പള്ളി പെരുന്നാള്‍ വിശേഷങ്ങള്‍ ;

പള്ളിനടയിലെ വേലകളി

വി. ദൈവമാതാവിന്റെ ജനനപെരുന്നാളിന്റെ പ്രധാന ദിവസമായ എട്ടംതിയതി ഉച്ചതിരിഞ്ഞ് പള്ളിയിലെ ചടങ്ങുകള്‍ കഴിഞ്ഞാല്‍ പള്ളിയുടെ മുന്‍ഭാഗത് തോട്ടപുറത്തു കുടുംബക്കാര്‍ വേല, മൂക്കാന്‍, ചാത്തന്‍ വേഷങ്ങള്‍ കെട്ടി ആര്‍ത്താറ്റ് പള്ളിക്ക് സമീപമുള്ള സെമിത്തേരി മതിലിനോട് ചേര്‍ന്നുള്ള വഴിയിലൂടെ വന്ന് നില്‍ക്കും.വികാരിയുടെ അനുവാദം വാങ്ങി, പള്ളിപടിപ്പുര മാളികയുടെ മുറ്റത്തെത്തി അവകാശം വങ്ങും. അതിനു ശേഷം പള്ളിയുടെ പിന്‍ഭാഗത്തുള്ള അമ്പലത്തില്‍ പോയി ഉത്സവം ആഘോഷിക്കുന്നു. പള്ളിയുടെ പിന്‍ഭാഗത്തുള്ള തെക്കിനി കളരിവാരമ്പലം എന്ന ഈ അമ്പലം തോട്ടപുറത്തു കുടുംബക്കാരുടെ വകയാണ്. മതസൗഹാര്‍ദ്ദം വിളിച്ചോതുന്ന ഈ ചടങ്ങുകള്‍ മുടക്കംകൂടാതെ ഇന്നും നടന്നു വരുന്നു

🌻ആര്‍ത്താറ്റ്‌ പള്ളിയുടെ പാരമ്പര്യം – സംക്ഷിപ്ത ചരിത്രം

മാര്‍ത്തോമ്മാശ്ലീഹായുടെ സുവിശേഷം കേട്ട പാലൂരിലെ യഹൂദരും ബുദ്ധ–ജൈന മതക്കാരും അവിടെയുണ്ടായിരുന്ന സിനഗോഗ്‌ ക്രൈസ്‌തവ ദേവാലയമായി ഉപയോഗിച്ചു ദൈവമാതാവിന്റെ നാമത്തില്‍ പ്രതിഷ്‌ഠിച്ചു. പാലൂരിലെ പുരാതന പാരമ്പര്യമനുസരിച്ച്‌ ബുദ്ധസന്യാസപാരമ്പര്യമുള്ള ചീവരധാരികളെ – അവര്‍ പിന്നീട്‌ ചീരന്‍ കുടുംബപ്പേരായി – പുരോഹിതവൃത്തി ഏല്‌പിച്ചു.
യഹൂദക്രിസ്‌ത്യാനികള്‍ക്കായിരുന്നു ഇവിടെ മുന്‍തൂക്കം. ക്രിസ്‌തുവര്‍ഷാരംഭത്തില്‍ പ്രബലമായിരുന്ന വിദേശവ്യാപാരത്തിന്റെ കേരളത്തിലെ തുറമുഖമായിരുന്ന പൊന്നാനിയുടെ തുറമുഖ പട്ടണമായ പാലോറ – പാലൂര്‍ – കേരള ക്രിസ്‌തുമതത്തിന്റെ പിള്ളത്തൊട്ടിലാണ്‌. തന്മൂലം ഇവിടത്തെ പള്ളി തലപ്പള്ളി എന്ന്‌ അറിയപ്പെട്ടു. ഈ പള്ളി ഉള്‍പ്പെട്ട താലൂക്ക്‌ തലപ്പള്ളി താലൂക്ക്‌ എന്നും ഈ പ്രദേശം ഉള്‍പ്പെട്ട രാജവംശം തലപ്പള്ളി രാജവംശം എന്നും അറിയപ്പെട്ടു.

വിദേശ വ്യാപാരകേന്ദ്രമായിരുന്നതിനാല്‍ തുറമുഖം കൈവശപ്പെടുത്തുവാന്‍ ചേര–ചോള–പാണ്ഡ്യത്താര്‍ തമ്മില്‍ ഈ പ്രദേശത്ത്‌ യുദ്ധപരമ്പരകള്‍ അഴിച്ചുവിട്ടു. യുദ്ധക്കളം എന്നും പോര്‍ക്കളം’ എന്നുമുള്ള പേരില്‍ പാലൂര്‍ പ്രദേശത്തെ അറിയപ്പെടുന്നു. യുദ്ധങ്ങള്‍ മൂലം പാലൂര്‍ നിവാസികള്‍ തെക്കോട്ട്‌ പലായനം ചെയ്‌തതോടെ പാലൂര്‍ നസ്രാണികള്‍ അവരുടെ പാരമ്പര്യവുമായി കേരളത്തിലെങ്ങും വ്യാപിച്ചു.

അങ്കമാലി, പറവൂര്‍, കുറുപ്പമ്പടി, കുറവിലങ്ങാട്‌, നിരണം, ഓമല്ലൂര്‍, കോട്ടയം, പത്തനംതിട്ട, കോഴഞ്ചേരി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന്‌ പ്രസിദ്ധപ്പെടുത്തിയ കുടുംബചരിത്രങ്ങളില്‍ അവര്‍ വടക്ക്‌ കുന്നംകുളം, ചാവക്കാട്‌ പ്രദേശങ്ങളില്‍ നിന്ന്‌ കുടിയേറിപ്പാര്‍ത്തവരാണെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. പലവട്ടം പുതുക്കിപ്പണിത പള്ളി – തലപ്പള്ളി – ആദ്യകാലത്ത്‌ മലങ്കരസഭയുടെ ആസ്ഥാനമായിരുന്നു.

ടിപ്പു സുല്‍ത്താന്‍ 1789–ല്‍ പള്ളി തീവച്ചു നശിപ്പിച്ചു. അങ്ങാടി കൊള്ളയടിക്കുകയും ചെയ്‌തു. കുറേക്കാലമായി റോമ്മാക്കാരുമായുള്ള തര്‍ക്കങ്ങളില്‍ പെട്ട്‌ പൂട്ടിക്കിടന്ന പള്ളി ശക്തന്‍തമ്പുരാന്റെ സഹായത്തോടെ നറുക്കെടുപ്പ്‌ നടത്തി തര്‍ക്കമൊഴിഞ്ഞ്‌ ലഭിക്കുവാന്‍ പുലിക്കോട്ടില്‍ ഇട്ടൂപ്പ്‌ മല്‌പാന്‍ (കോട്ടയം പഴയസെമിനാരി സ്ഥാപകന്‍) സഫലമായി നേതൃത്വം നല്‍കി.

ഇന്ന്‌ കാണുന്ന ബൃഹത്‌രൂപത്തില്‍ അതിന്റെ പുനര്‍ നിര്‍മ്മാണത്തിനും അദ്ദേഹം നേതൃത്വം നല്‍കി. 1808 ജനുവരി 14 –ന്‌ ക്ലോഡിയസ്‌ ബുക്കാനന്‍ ഈ പള്ളി സന്ദര്‍ശിച്ച്‌ മലങ്കരയിലുള്ള എല്ലാ പള്ളികള്‍ക്കും വേണ്ടി വിപുലമായ ഒരു സുവര്‍ണ്ണ മെഡല്‍ സമ്മാനിച്ചു. നവീകരണകാലത്ത്‌ പഴയസെമിനാരി നവീകരണക്കാരുടെ കൈവശമായപ്പോള്‍ സ്‌തേഫാനോസ്‌ അത്താനാസ്യോസ്‌, ശെമവൂന്‍ റമ്പാന്‍ (പിന്നീട്‌ മാര്‍ അത്താനാസ്യോസ്‌) എന്നിവരുടെ നേതൃത്വത്തില്‍ ഈ പള്ളിയില്‍ ഉണ്ടായിരുന്ന സെഹിയോന്‍ ബംഗ്ലാവ്‌ മലങ്കരസഭയുടെ സെമിനാരി ആയി പ്രവര്‍ത്തിച്ചു. കാട്ടുമങ്ങാട്ട്‌ മെത്രാത്താര്‍ക്ക്‌ അഭയം നല്‍കിയതും തൊഴിയൂരിലേക്ക്‌ മെത്രാത്താരാവാനുള്ള വൈദികരെ തിരഞ്ഞെടുത്ത്‌ നല്‍കി അവരെ സംരക്ഷിച്ചിരുന്നതും ഈ പള്ളിയാണ്‌. ആർത്താറ്റ് പള്ളിയുടെ ചരിത്രം പി. സി. കുഞ്ഞാത്തു രചിച്ചിട്ടുണ്ട്‌. ആര്‍ത്താറ്റ്‌ പള്ളിപ്പാട്ട്‌, ആര്‍ത്താറ്റ്‌ പടിയോല എന്നിവ പ്രസിദ്ധം.

കുന്നംകുളം മെത്രാസനം സ്ഥാപിച്ചപ്പോള്‍ ആസ്ഥാനം താല്‌ക്കാലികമായി ഇവിടെയാണ്‌ ക്രമീകരിച്ചത്‌. നൂറുകണക്കിനാളുകള്‍ നോമ്പുകാലത്ത്‌ പള്ളിയില്‍ താമസിച്ച്‌ നോമ്പാചരിക്കുന്നു. കോട്ടയം സെമിനാരി സ്ഥാപകനായ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌,പരുമല സെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌, എന്നിവര്‍ ഈ ഇടവകക്കാരാണ്‌. മാര്‍ മാത്യൂസ്‌ ക ബാവാ ഇതിനെ കത്തീഡ്രല്‍ ആയി പ്രഖ്യാപിച്ചു.

🌻ചരിത്ര മുഹൂർത്തങ്ങൾ÷

* 1789- ല്‍ ഉണ്ടായ പടയോട്ടക്കാലത്ത് ഓലമേഞ്ഞ ദേവാലയം തീ വെച്ച് നശിപ്പിക്കുകയും ഒരു പുരോഹിതനെ ക്രൂരമായി വധിക്കുകയും അന്ന് അനവധി വിശ്വാസികള്‍ രക്ത സാക്ഷികളാവുകയും ചെയ്തു. പിന്നീട് മദ്ബഹാ പുനര്‍നിര്‍മ്മാണം നടത്തി.
* 1804 – ല്‍ ശക്തന്‍ തമ്പുരാന്‍ മഹാരാജാവ് വിശുദ്ധ ദേവാലയത്തില്‍ എഴുന്നളളുകയും സഭകള്‍ തമ്മിലുളള തര്‍ക്കങ്ങള്‍ പരിഹരിച്ച് സന്തോഷത്തോടെ അദ്ദേഹം തിരിച്ച് പോവുകയും ചെയ്തു.
ദേവാലയം പുനര്‍നിര്‍മ്മിക്കുന്നതിന് ശക്തന്‍തമ്പുരാന്‍ മഹാരാജാവ് വളരെയധികം പണവും മരവും സംഭാവനയായി നല്‍കിയത് വിസ്മരിക്കാനാവില്ല.
ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണം ഉട്ടൂപ്പ് റമ്പാന്‍ 1805 – ല്‍ ( പുലിക്കോട്ടില്‍ ജോസഫ് വലിയ മാര്‍ ദിവന്നാസിയോസ് ഒന്നാമന്‍ തിരുമേനി) തുടങ്ങിവെയ്ക്കുകയും 1807 – ല്‍ ദേവാലയം പണി പൂര്‍ത്തിയാക്കുകയും വലിയ മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത (മാര്‍ത്തോമ്മാ 6 -ാമന്‍) പളളിയുടെ കൂദാശ കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു.
1806 ഡിസംബര്‍ 9 – ന് ഡോ. ക്ളോഡിയസ് ബുക്കാനന്‍ ആര്‍ത്താറ്റ് ദേവാലയം സന്ദര്‍ശിക്കുകയും ദേവാലയത്തോടുളള ബഹുമാനാര്‍ത്ഥം ഒരു സ്വര്‍ണ്ണ പതക്കം (പത്താക്ക്) ദേവാലയത്തിന് സമ്മാനിക്കുകയും ചെയ്തു.
* വലിയ മാര്‍ ദിവന്നാസിയോസ് മുന്‍പാകെ ആര്‍ത്താറ്റ് ദേവാലയത്തില്‍ 1806 -ല്‍ കൂടിയ യോഗത്തില്‍ വികാരി അച്ചനും പന്ത്രണ്ട് ഇടവക പ്രതിനിധികളും ഒപ്പിട്ടതാണ് പടിയോല. വിദേശ മെത്രാന്‍മാരുടെ ഉപദേശവും അവരുടെ പാതയും പിന്‍തുടരുകയില്ലാ എന്ന ദൃഢപ്രതിജ്ഞയാണ് ആര്‍ത്താറ്റ് പടിയോല.

* 1899 – ല്‍ മലങ്കരയുടെ മഹാപരിശുദ്ധന്‍ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനി ഭാരതത്തിലെ ഏറ്റവും വലിയ സെമിത്തേരിയുടെ മതില്‍ നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു. മതില്‍ പണിയുന്നതിന് മേല്‍നോട്ടം വഹിച്ചത് ചെമ്മണൂര് ചേറുകുട്ടി അയ്പുവാണ്.
* 1921 – ല്‍ വി: ഗീവര്‍ഗ്ഗീസ് സഹദായുടെ നാമത്തില്‍ സെമിത്തേരി പളളിസ്ഥാപിച്ചു.
* 1945 – ല്‍ വിശുദ്ധ മാര്‍ത്തോമ്മാശ്ളീഹായുടെ നാമത്തില്‍ കുരിയാക്കോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി (പാമ്പാടി തിരുമേനി) കുരിശിന്‍ തൊട്ടി സ്ഥാപിച്ചു.
* മലങ്കരയിലെ എല്ലാ പരിശുദ്ധ പിതാക്കന്മാരും ഈ വിശുദ്ധ ദേവാലയത്തില്‍ താമസിച്ച് ദിവ്യ ബലിയര്‍പ്പിച്ചിട്ടുളളത് ഒരു സവിശേഷതയാണ്.
* ജോസഫ് മാര്‍ ദിവന്നാസിയോസ് ഒന്നാമന്‍ ( പഴയ സെമിനാരി സ്ഥാപകന്‍) ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ (പരുമല സെമിനാരി സ്ഥാപകന്‍) ഈ വിശുദ്ധ ദേവാലയത്തില്‍ വികാരിമാരായി സേവനം അനുഷ്ഠിച്ചിട്ടുളളതാണ്.
* 1985 – കുന്നംകുളം ഭദ്രാസനം നിലവില്‍ വന്നു. പ്രഥമ മെത്രാപ്പോലീത്ത അഭിവന്ദ്യ പൌലോസ് മാര്‍ മിലിത്തിയോസ്. തുടര്‍ന്ന് പരിശുദ്ധ കാതോലിക്ക ബാവാ (മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍) ആര്‍ത്താറ്റ് ദേവാലയം കത്തീഡ്രലായി ഉയര്‍ത്തി.
* ദേവാലയത്തിലെ പ്രധാന പെരുന്നാള്‍ സെപ്തംബര്‍ 8 – ന് (വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാള്‍)
* സെമിത്തേരി പളളി പെരുന്നാള്‍ ഏപ്രില്‍ 23 – ന് (വി: ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ ദിവസം)
* കുരിശിന്‍തൊട്ടിയുടെ പെരുന്നാള്‍ ജൂലായ് 3 – ന് (ദുക്റോനാ ദിവസമായി ആഘോഷിക്കുന്നു)
* നവംബര്‍ 15- തിയ്യതി ഓര്‍മ്മ പെരുന്നാള്‍ ( ആനീദാ പെരുന്നാള്‍ നടത്തി വരുന്നു)
* ശിലാഫലകം നിയുക്ത കാതോലിക്ക ബാവയും കുന്നംകുളം മെത്രാസനാധിപനുമായ അഭിവന്ദ്യ പൌലോസ് മാര്‍ മിലിത്തിയോസ് (പ: ബസ്സേലിയോസ് മാര്‍ത്തോമാ പൌലോസ് ദ്വീതിയന്‍ ബാവാ) തിരുമനസ്സുകൊണ്ട് 15-3-2009 – ല്‍ സ്ഥാപിച്ചു

. 🌻ആര്‍ത്താറ്റ്‌ പള്ളിയുടെ പ്രാധാന്യം

* അനവധി വിശ്വാസികള്‍ പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയില്‍ ഈ ദേവാലയത്തില്‍ അനുഗ്രഹം പ്രാപിച്ചുവരുന്നു.

.ഉദയംപേരൂർ സുന്നഹദോസിൽ നിന്ന് ഇറങ്ങി പോന്ന പള്ളി(അയർത്ത അറ്റ പള്ളി)

നവീകരണത്തെ എതിർത്ത പള്ളി മലങ്കര സഭയ്ക്ക് നിരവധി ഇടയന്മാരെ നൽകിയ പള്ളി

കുന്ദംകുളം ഭദ്രാസന അധിപന്റെ കത്തീഡ്രൽ ശെമ്മാശന്മാരെ പഠിപ്പിച്ചിരുന്ന പഠിത്തവീട്

സഹദേന്മാരുടെ പട്ടണം (മ്ദീത്തൊ ദ് സൊഹദെ)

ഇങ്ങനെ ധാരളം ബഹുമതികളാൽ അലങ്കരിക്കപ്പെടുന്ന മലങ്കര സഭയുടെ തലപള്ളിയാണ് ആർത്താറ്റ് പള്ളി…

ചരിത്രത്തിൽ ഏറെ പ്രാധാന്യം നിറഞ്ഞ ആര്‍ത്താറ്റ്‌പള്ളി സന്ദർശിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

ലൗലി ബാബു തെക്കെത്തല ✍️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments