കൊല്ലം : കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജനായിരുന്ന വന്ദനദാസ് ഡ്യൂട്ടിക്കിടെ അക്രമിയുടെ കുത്തേറ്റ് മരിച്ചിട്ട് വെള്ളിയാഴ്ച ഒരാണ്ട് തികയും. ജാമ്യം ലഭിക്കാതെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി ജി സന്ദീപിന് കടുത്തശിക്ഷ ഉറപ്പാക്കുന്നതിനുള്ള പരിശ്രമത്തിലാണ് പ്രോസിക്യൂഷൻ. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്.
കടുത്തുരുത്തി മുട്ടുചിറ സ്വദേശിനി വന്ദനദാസിനെ 2023 മെയ് 10ന് പുലർച്ചെ 4.30ന് പൊലീസ് ചികിത്സയ്ക്ക് എത്തിച്ച കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി സന്ദീപ് (42) കുത്തിക്കൊല്ലുകയായിരുന്നു. വീടിനുസമീപം പരിക്കേറ്റ നിലയിൽ കണ്ട സന്ദീപിനെ വിവരമറിഞ്ഞെത്തിയ പൊലീസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സംഭവം നടന്ന് 83–-ാം ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം എം ജോസ് 1050 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. 136 സാക്ഷികളാണുള്ളത്. 110 തൊണ്ടിമുതൽ ഹാജരാക്കി. 200 രേഖകളും സമർപ്പിച്ചു. വന്ദനയുടെ അച്ഛനമ്മമാരുടെ അഭിപ്രായംകൂടി പരിഗണിച്ച് അഡ്വ. പ്രതാപ് ജി പടിക്കലിനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. കുടുംബത്തിന് സർക്കാർ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു.”
“കേസ് സിബിഐ അന്വേഷിക്കണമെന്ന വന്ദനയുടെ അച്ഛനമ്മമാരുടെ ഹർജി ഹൈക്കോടതി തള്ളി. അന്വേഷണത്തിൽ പൊലീസ് വീഴ്‌ച വരുത്തിയിട്ടില്ലെന്നും സിബിഐക്ക് വിടേണ്ട സവിശേഷ സാഹചര്യമില്ലെന്നുമാണ് കോടതി വിലയിരുത്തിയത്. പഴുതടച്ച അന്വേഷണത്തിലൂടെ പൊലീസ് തെളിവുകൾ ഹാജരാക്കിയതോടെ കൊല്ലം അഡീഷണൽ സെഷൻസ് ജഡ്‌ജി പി എൻ വിനോദിന്റെ മുമ്പാകെ വിചാരണ നടപടികൾ ആരംഭിച്ചു. കുറ്റപത്രത്തിന്മേലുള്ള വാദം കഴിഞ്ഞയാഴ്‌ച ആരംഭിച്ചു.
പ്രതി ജി സന്ദീപിനെ കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കി. സാക്ഷിവിസ്‌താരം ഉടൻ ആരംഭിക്കും. പ്രതി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും തള്ളി. വിടുതൽ ഹർജി 22ന് പരിഗണിക്കും. സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകിയാൽ എതിർക്കുമെന്നും വിടുതൽ ഹർജിക്കെതിരെ ശക്തമായി നിലകൊള്ളുമെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കൽ പറഞ്ഞു.