Monday, September 16, 2024
Homeകേരളംജന്മനാടിന്റെ സ‍നേഹമേറ്റുവാങ്ങി യഹിയ യാത്രയായി.

ജന്മനാടിന്റെ സ‍നേഹമേറ്റുവാങ്ങി യഹിയ യാത്രയായി.

എറണാകുളം മഹാരാജാസ്‌ കോളേജിലെ പഠനം യഹിയയുടെ സ്വപ്‌നമായിരുന്നു. പ്ലസ്‌ ടു പൂർത്തിയാക്കി മഹാരാജാസിൽ ബിഎസ്‌സി ബോട്ടണി കോഴ്‌സിന്‌ ചേർന്നത്‌ അങ്ങനെയാണ്‌. കോഴ്‌സ്‌ പൂർത്തിയാക്കിയിട്ടും എസ്‌എഫ്‌ഐയുടെ പ്രവർത്തനത്തിന്റെ ഭാഗമായി എറണാകുളത്ത്‌ തുടർന്നു. പിന്നീട്‌ എംഎസ്‌സിക്ക്‌ ചേർന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാട്ടിൽ വന്ന്‌ തിരിച്ചുപോയതാണ്‌. കോവിഡ് കാലത്ത്‌ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർക്കൊപ്പം വീടുകൾ അണുനശീകരണത്തിനും  ഭക്ഷ്യക്കിറ്റ് നൽകാനും മുമ്പിലുണ്ടായിരുന്നു. പ്രിയപ്പെട്ടവന്റെ അപ്രതീക്ഷിത വേർപ്പാട്‌ നാടിനെ ദുഖത്തിലാഴ്‌ത്തി.

യഹിയയുടെ മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിനുശേഷം എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. വെളപ്പായ സാന്ത്വനമഹൽ ജുമാ മസ്‌ജിദിലെ ചടങ്ങുകൾക്കുശേഷം, സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരക മന്ദിരത്തിൽ പൊതുദർശനത്തിന്‌ വച്ചു. മഹാരാജാസ്‌ കോളേജ്‌ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ ആയിരങ്ങൾ അന്ത്യാഞ്ജലിയർപ്പിച്ചു. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ, പി എം ആർഷോ  എന്നിവർ ചേർന്ന്‌ പതാക പുതപ്പിച്ചു. മന്ത്രി കെ രാജൻ,  സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ തുടങ്ങിയവർ പുഷ്‌പചക്രമർപ്പിച്ചു”

“പകൽ 2.15 ഓടെ മൃതദേഹം  താനൂർ വെള്ളിയാമ്പുറത്തെ വീട്ടിലേക്ക് കൊണ്ടുപോയി.  വൈകിട്ട് നാലോടെയാണ് വീട്ടിലെത്തിച്ചത്. മന്ത്രി വി അബ്ദുറഹ്മാൻ,  സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, യുവജന കമീഷൻ ചെയർമാൻ  എം ഷാജർ, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, കെ അനുശ്രീ, പി എം ആർഷോ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ അഫ്സൽ, കെ വി അനുരാഗ്,  മലപ്പുറം ജില്ലാ പ്രസിഡന്റ് കെ ഹരിമോൻ,  സെക്രട്ടറി മുഹമ്മദലി ശിഹാബ്, എറണാകുളം ജില്ലാ പ്രസിഡന്റ് പ്രജിത്ത് കെ ബാബു, സെക്രട്ടറി അർജുൻ ബാബു,  പൊന്നാനിയിലെ എൽഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന കെ എസ് ഹംസ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി അനിൽ, ഏരിയാ സെക്രട്ടറി സമദ് താനാളൂർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ്, ബാലസംഘം സംസ്ഥാന സെക്രട്ടറി എൻ ആദിൽ തുടങ്ങിയവരും അന്ത്യോപചാരം അർപ്പിക്കാനെത്തി.  മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ വെള്ളിയാമ്പുറം ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

എങ്ങും തോരാക്കണ്ണീർക്കാഴ്‌ചകൾ, വിങ്ങിപ്പൊട്ടലുകൾ, അലമുറയിടുന്നവർ.  മുഹമ്മദ്‌ യഹിയ ഇബിനു ഷറഫിന്റെ വിയോഗവാർത്തയറിഞ്ഞ്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ മോർച്ചറിക്കു പുറത്തും  സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരക മന്ദിരത്തിലും എത്തിയവരുടെ കണ്ണുകൾ ഈറനണിഞ്ഞു.

മുഹമ്മദ്‌ യഹിയയുടെ ചേതനയറ്റ ശരീരം കണ്ട്‌ എസ്‌എഫ്‌ഐ പ്രവർത്തകരും സഹപാഠികളും അധ്യാപകരും വേദനയടക്കാനാകാതെ പൊട്ടിക്കരഞ്ഞു.
എസ്‌എഫ്‌ഐ മഹാരാജാസ്‌ കോളേജ്‌ യൂണിറ്റ്‌ സെക്രട്ടറിയായ യഹിയ കോളേജിലെ വിദ്യാർഥികളുടെ എല്ലാമായിരുന്നു. മികച്ച സംഘാടകൻ, കലാകാരൻ, ഏവരോടും സൗമ്യതയോടെയും സൗഹാർദത്തോടെയുമുള്ള പെരുമാറ്റം… ഇതെല്ലാം  യഹിയയെ അവരുടെ പ്രിയങ്കരനാക്കി. യഹിയയെ പീച്ചി റിസർവോയറിൽ കാണാനില്ലെന്ന
വാർത്ത പരന്നപ്പോഴൂം   അവൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഏവരും. വ്യാഴാഴ്‌ച രാവിലെ വിയോഗവാർത്ത എത്തിയതോടെ പ്രതീക്ഷകൾ തകർന്നു, എല്ലാവരും  ദുഃഖത്തിലമർന്നു.

മഹാരാജാസിൽെ വിദ്യാർഥികൾ കൂട്ടമായി രാവിലെതന്നെ തൃശൂർ മെഡിക്കൽ കോളേജിലെത്തി. മലപ്പുറത്തുനിന്ന്‌ യഹിയയുടെ ഉപ്പയുടെ സഹോദരൻ ഹുസൈനും ബന്ധുക്കളും സുഹൃത്തുക്കളും എത്തി. പോസ്‌റ്റ്മോർട്ടം മുറിക്കുമുന്നിൽ  നിറകണ്ണുകളുമായി അവർ നിന്നു. മൃതദേഹം അഴീക്കോടൻ സ്‌മാരകമന്ദിരത്തിൽ പൊതുദർശനത്തിനുവച്ചപ്പോൾ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.  പലരും ദുഃഖം താങ്ങാനാകാതെ നിയന്ത്രണം വിട്ടു.

മഹാരാജാസിലെ വിപ്ലവ വിദ്യാർഥി പ്രസ്ഥാനം രാഷ്‌ട്രീയ എതിരാളികളിൽനിന്ന്‌ കടുത്ത ആക്രമണം നേരിട്ട കാലമായിരുന്നു അത്‌. രക്തസാക്ഷി അഭിമന്യുവിന്റെ പേരുപോലും ദുരുപയോഗിച്ച്‌ അവർ നെറികേടുകൾ പ്രചരിപ്പിച്ചു. വലതുപക്ഷ മാധ്യമങ്ങളുമായി ചേർന്ന്‌  നുണബോംബുകളും ദുരാരോപണങ്ങളും വർഷിച്ചവർ എസ്‌എഫ്‌ഐയെ മഹാരാജാസിൽനിന്ന്‌  പിഴുതെറിയാമെന്ന്‌ മനക്കോട്ട കെട്ടി. എന്നാൽ, യഹിയ എന്ന മൂന്നക്ഷരത്തിന്റെ കരുത്ത്‌ മുന്നിൽനിന്ന്‌ തീർത്ത പ്രതിരോധത്തെ ഉലയ്‌ക്കാൻ അതിനൊന്നുമായില്ല.  സൗഹാർദ ഇടപെടലിലൂടെ മഹാരാജാസിന്റെ മണ്ണിലും മനസ്സിലും ആഴത്തിൽ വേരൂന്നിയ  സൗമ്യസാന്നിധ്യത്തെയാണ്‌ മുഹമ്മദ്‌ യഹിയയുടെ വേർപാടിലൂടെ വിദ്യാർഥിപ്രസ്ഥാനത്തിന്‌ നഷ്‌ടമായത്‌.”

“ഒന്നാംവർഷ ബിരുദ വിദ്യാർഥിയായി 2019ലാണ്‌ മുഹമ്മദ്‌ യഹിയ മഹാരാജാസ്‌ കോളേജിലെത്തുന്നത്‌. ആ വർഷത്തെ കലോത്സവത്തിൽ ദഫ്‌ മുട്ട്‌ മത്സരത്തിൽ പങ്കെടുത്തിരുന്നു. ആ സമയത്താണ്‌ എസ്‌എഫ്‌ഐയിലെത്തുന്നതും സജീവപ്രവർത്തകനാകുന്നതും. ഊർജസ്വലമായ പ്രവർത്തനശൈലിയിലൂടെ അതിവേഗം നേതൃനിരയിലേക്കുയർന്നു. പഠനത്തിലും മികവുപുലർത്തി.  കഴിഞ്ഞ എംജി കലോത്സവത്തിനായുള്ള കോളേജിന്റെ സംഘാടകസമിതിയുടെ ജോയിന്റ്‌ കൺവീനറായിരുന്നു. കലാപരിശീലനത്തിന്‌ പണം കണ്ടെത്തുന്നതുമുതൽ  കലാപ്രതിഭകളെ പരിശീലിപ്പിക്കുന്നതിൽവരെ യഹിയയുടെ നോട്ടവും നേതൃത്വവും നീണ്ടു. ഒടുവിൽ, കലോത്സവത്തിൽ മഹാരാജാസ്‌ കപ്പുയർത്തിയ നിമിഷം അക്ഷരാർഥത്തിൽ യഹിയയുടെ വിശ്രമമറിയാത്ത പ്രവർത്തനങ്ങളുടെ ആകെത്തുകയായി. കപ്പുയർത്തിയതിന്റെ ആഹ്ലാദം പങ്കിട്ട്‌ വേദിയിൽ മുഷ്‌ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച യഹിയയുടെ ചിത്രം ക്യാമ്പസിന്‌ ഇനി കണ്ണീരോർമ.

ഏറ്റെടുത്ത ചുമതലകളെല്ലാം ഉത്തരവാദിത്വത്തോടെ പൂർത്തിയാക്കുന്നതായിരുന്നു യഹിയയുടെ പ്രവർത്തനശൈലി. എസ്‌എഫ്‌ഐ എറണാകുളം ഏരിയ ജോയിന്റ്‌ സെക്രട്ടറിയായിരിക്കെ സൗത്ത്‌ ലോക്കൽ കമ്മിറ്റിയുടെ ചുമതലയുണ്ടായിരുന്നു. യഹിയയുടെ ഇടപെടലിലൂടെ ആ കമ്മിറ്റിയുടെ പ്രവർത്തനം ഊർജസ്വലമായെന്ന്‌ മഹാരാജാസിലെ മുൻ യൂണിറ്റ്‌ സെക്രട്ടറി നാസിർ അബ്‌ദുറഹിമാൻ പറഞ്ഞു. തൃപ്പൂണിത്തുറയിൽ നടന്ന  ജില്ലാ സമ്മേളനത്തിന്‌ എറണാകുളം സൗത്ത്‌ ലോക്കൽ കമ്മിറ്റിയിൽനിന്ന്‌ അമ്മമാരും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പൊതുസമ്മേളനത്തിനെത്തി. എല്ലാവരുമായി യഹിയയുണ്ടാക്കിയ ബന്ധം ആഴത്തിലുള്ളതായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 18ന്‌ ആണ്‌ മഹാരാജാസ്‌ കോളേജിലെ എസ്‌എഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറിയായത്‌. എംഎസ്‌സി ബോട്ടണി ഒന്നാംവർഷ വിദ്യാർഥിയായിരുന്ന യഹിയയെക്കുറിച്ച്‌
അധ്യാപകർക്കും നല്ല ഓർമകൾ മാത്രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments