അങ്കമാലി: ബംഗളൂരുവിൽനിന്നുള്ള ടൂറിസ്റ്റ് ബസിൽ യാത്രക്കാരന്റെ മറവിൽ കടത്തിയ 200ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. പിടികൂടിയ രാസലഹരിക്ക് 15 ലക്ഷത്തിലധികം വിലവരും. എറണാകുളം തോപ്പുംപടിയിൽ താമസിക്കുന്ന കരുനാഗപ്പിള്ളി എബനേസർ വില്ലയിൽ വിപിൻ ജോൺ (27) ആണ് അങ്കമാലിയിൽ അറസ്റ്റിലായത്.
റൂറൽ ജില്ല ഡാൻസാഫ് ടീമും അങ്കമാലി പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ച രണ്ടിന് അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ റോഡിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പിടിയിലായത്. ബംഗളൂരുവിൽ വെച്ച് നൈജീരിയക്കാരായ സംഘത്തിൽനിന്നാണ് രാസലഹരി വാങ്ങിയതെന്ന് ഇയാൾ വെളിപ്പെടുത്തി.