പാലക്കാട്: ചൂട് കനത്തതോടെ പാലക്കാട്, മലപ്പുറം ജില്ലകളിലായി ഒമ്പത് പേർക്ക് സൂര്യാതപമേറ്റു. ചാലിശ്ശേരിയില്‍ അഞ്ച് പേര്‍ക്കും ആലത്തൂരിൽ രണ്ട് തൊഴിലാളികൾക്കും പാണ്ടിക്കാട്ട് അങ്കണവാടി വർക്കർക്കും എടപ്പാളിൽ ഇലക്ട്രീഷ്യനുമാണ് സൂര്യാതപമേറ്റത്. ആലത്തൂരിൽ മീൻ പിടിക്കുകയായിരുന്ന മൂച്ചിക്കാട് ടെലിഫോൺ എക്സ്ചേഞ്ചിന് സമീപത്തെ മുഹമ്മദാലി (43), ഹൽവ നിർമാണ തൊഴിലാളിയായ പുതിയങ്കം തെക്കുമുറിയിൽ ഫൈസൽ (35) എന്നിവർക്ക് ശരീരത്തിന്റെ പിറകുവശത്താണ് പൊള്ളലേറ്റത്.
ചാലിശ്ശേരിയില്‍ കുന്നത്തേരി സ്വദേശി അനൂപ്, ലോട്ടറി വിൽപനക്കാരന് സജി, ഫുട്ബാള്‍ മേളയുടെ ഒരുക്കം നടത്തുകയായിരുന്ന തൊഴിലാളി, പൊതുപ്രവര്ത്തകൻ, വ്യാപാരി എന്നിവർക്കാണ് പൊള്ളലേറ്റത്. പാണ്ടിക്കാട് ഒലിപ്പുഴയിലെ 103-ാം നമ്പർ അങ്കണവാടി വർക്കർ നാട്ടുകല്ലിങ്ങൽ സരോജിനിക്ക് (56) വലത് കാലിൽ മൂന്നിടത്ത് പൊള്ളലേറ്റു. ആദ്യം നീറ്റലുണ്ടാവുകയും കുമിളയായി പൊട്ടി മുറിയാവുകയുമായിരുന്നു.
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. എടപ്പാളിൽ അണ്ണക്കമ്പാട് സ്വദേശിയും ഇലക്ട്രീഷ്യനുമായ ആഷിക്കിനാണ് ജോലി സ്ഥലത്ത് നിന്ന് സൂര്യാതപമേറ്റത്. കൺതടത്തിലും കൈക്കുമാണ് പൊള്ളലുണ്ട്. വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.