നെടുങ്കണ്ടം: ചെമ്മണ്ണാറിൽ മൊബൈൽ ഫോൺ വഴി അനധികൃത മദ്യവിൽപ്പന നടത്തിയ യുവാവ് പിടിയിൽ. ചെമ്മണ്ണാർ സ്വദേശി കൊച്ചുപുരക്കൽ സിജോ അബ്രാഹമാണ് (42) എക്സൈസിന്റെ പിടിയിലായത്. വിൽപനക്ക് സൂക്ഷിച്ച 18 ലിറ്റർ മദ്യവും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഡ്രൈഡേ ദിനമായ തിങ്കളാഴ്ച അര ലിറ്ററിന് 700 രൂപ നിരക്കിൽ വിൽപന നടത്തുന്നതായി എക്സൈസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
മൊബൈലിൽ വിളിച്ചാൽ ഉടൻ ആവശ്യക്കാർക്ക് ഓട്ടോറിക്ഷയിൽ സ്ഥലത്തെത്തിച്ച് വിൽപന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് പറഞ്ഞു. ലോക്സഭ ഇലക്ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനക്ക് എക്സൈസ് ഇൻസ്പെക്ടർ കെ.വിനോദ് നേതൃത്വം നൽകി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.ജി.രാധാകൃഷ്ണൻ, പ്രിവന്റീവ് ഓഫിസർമാരായ എം.നൗഷാദ്, മീരാൻ കെ.എസ്, വി.ജെ.ജോഷി, എം.എസ്.അരുൺ, വനിത സിവിൽ എക്സൈസ് ഓഫിസർ ജി.രേഖ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. നെടുങ്കണ്ടം കോടതി റിമാൻഡ് ചെയ്തു.