നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമത്തില്‍ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രി മാനേജ്‌മെന്റിന് എതിരെ പരാതി. വിദ്യാര്‍ഥിനിയുടെ ബന്ധു ആണ് പരാതി നല്‍കിയത്. സംഭവത്തില്‍ വാര്‍ഡനെ തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്തിയെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്നും ഇതിനുശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും ആശുപത്രി MD ഷംസുദീന്‍ പറഞ്ഞു.
അതേസമയം, പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഹോസ്റ്റല്‍ വാര്‍ഡന്റെയും, ആശുപത്രി മാനേജ്‌മെന്റിന്റെയും മാനസിക പീഡനം മകള്‍ പരാതിപ്പെട്ടിരുന്നെന്ന് കുട്ടിയുടെ മാതാവ് 24 നോട് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുക്കുന്നില്ല എന്ന് ആരോപിച്ച് വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.
പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം ചൂണ്ടിക്കാട്ടി വ്യാപകമായ പ്രതിഷേധമാണ് മന്‍സൂര്‍ ആശുപത്രിയിലേക്ക് ഉണ്ടാവുന്നത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഇന്ന് രാവിലെ മുതല്‍ കുട്ടിക്ക് കടുത്ത പനി ഉണ്ട്. ശ്വാസം എടുക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ മന്‍സൂര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി.
സംഘര്‍ഷത്തില്‍ മൂന്നു പോലീസുകാര്‍ക്കും പരിക്കേറ്റു. ചീമേനി സ്റ്റേഷനിലെ എസ് ഐ സുരേഷ്, ഹോസ്ദുര്‍ഗ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ വിനീഷ്, നീലേശ്വരം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ അജിത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ആശുപത്രിയിലേക്ക് പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ലാത്തി വീശി. ലാത്തി ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസിന് തലയ്ക്ക് പരിക്കേറ്റു. മാനേജ്‌മെന്റുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും പോലീസ് സമ്മതിച്ചില്ല… ഇതോടെ പോലീസും കെഎസ്യു പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം ഉണ്ടായി.
പോലീസിന്റെ കണ്ണ് വെട്ടിച്ച് അഞ്ചോളം എബിവിപി പ്രവര്‍ത്തകര്‍ ആശുപത്രിക്ക് അകത്തേക്ക് പ്രവേശിച്ചു. മുദ്രാവാക്യവുമായി എത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. നഴ്‌സിംഗ് വിദ്യാര്‍ത്ഥി പ്രതിനിധികളുമായി ഹോസ്ദുര്‍ഗ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി… കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ ആണ് പോലീസിന്റെ തീരുമാനം.