കൊച്ചി; കെ സുരേന്ദ്രൻ പുറത്തായാൽ ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മുൻ കേന്ദ്ര സഹമന്ത്രി വി മുരളീധരനും സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശും. ആർഎസ്‌എസിന് താൽപ്പര്യം എം ടി രമേശിനോടാണെങ്കിലും ജില്ലാ കമ്മിറ്റികൾ അദ്ദേഹത്തിന് ഒപ്പമില്ലാത്തത് വി മുരളീധരന് തുണയാകും. ബിജെപിയുടെ കേന്ദ്രനേതൃത്വത്തിലുള്ള സ്വാധീനവും പി കെ കൃഷ്‌ണദാസ് വിഭാഗത്തെ ഒപ്പം നിർത്താനായതും മുരളീധരന് അനുകൂല ഘടകങ്ങളാണ്.
ആറ്, ഏഴ് തീയതികളിൽ ഉപതെരഞ്ഞെടുപ്പ് അവലോകനത്തിന് കൊച്ചിയിൽ ചേരുന്ന സംസ്ഥാന നേതൃയോഗത്തോടെ പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള സുരേന്ദ്രന്റെ പടിയിറക്കത്തിന് വേഗമേറും. പാലക്കാട് തോൽവിയുടെ ഉത്തരവാദിത്വം മുഴുവൻ സുരേന്ദ്രന്റെ ചുമലിലാക്കാൻ എതിർ ഗ്രൂപ്പുകൾ ഒറ്റക്കെട്ടാണ്. വി മുരളീധരൻതന്നെയാണ് സുരേന്ദ്രനെതിരായ നീക്കത്തിന് ചുക്കാൻ പിടിക്കുന്നതെന്നതാണ് ശ്രദ്ധേയം. സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മുരളീധരൻ കഴിഞ്ഞ അഞ്ചുവർഷവും എല്ലാ പിന്തുണയും നൽകിയിരുന്നു. എന്നാൽ, കേന്ദ്രമന്ത്രിസ്ഥാനം പോയതും മറ്റു പദവികളൊന്നും കിട്ടാത്തതുമാണ് മുരളീധരന്റെ ചുവടുമാറ്റത്തിന് കാരണം.
ആർഎസ്‌എസ് എതിർപ്പ് നിലനിൽക്കെയാണ് മുരളീധരൻ കേന്ദ്രമന്ത്രിയായത്. കേന്ദ്ര നേതൃത്വത്തിലുള്ള സ്വാധീനമാണ് മുരളീധരന് തുണയായത്. കേരളത്തിലെ ആർഎസ്‌എസ് സംഘടനയെ ദക്ഷിണ പ്രാന്തവും ഉത്തര പ്രാന്തവുമായി തിരിച്ചത് മുരളീധരന് കാര്യങ്ങൾ എളുപ്പമാക്കിയിട്ടുണ്ട്. മുമ്പുണ്ടായിരുന്നതുപോലെ യോജിച്ച എതിർപ്പ് ആർഎസ്‌എസിൽനിന്ന് ഉണ്ടാകില്ല.
പി കെ കൃഷ്‌ണദാസിനെ സ്വപക്ഷത്ത് എത്തിക്കാനായതിലൂടെ ആ ഗ്രൂപ്പുതന്നെ ഇല്ലാതായ അവസ്ഥയിലാണ്. കൃഷ്‌ണദാസിനൊപ്പം നിന്നിരുന്ന എം ടി രമേശ് ഇതോടെ കൂടുതൽ ദുർബലനായി. അഞ്ചുവർഷംമുമ്പ് പ്രസിഡന്റ് സ്ഥാനത്തേക്ക് എം ടി രമേശിന് പകരം എ എൻ രാധാകൃഷ്‌ണന്റെ പേര് നിർദേശിച്ച് കൃഷ്‌ണദാസ്, രമേശിന്റെ കാലുവാരിയതാണ്. കൃഷ്‌ണദാസിന്റെ പിന്തുണയുമുള്ളതിനാൽ പുതിയ ജില്ലാ പ്രസിഡന്റുമാർ മുരളീധരനെ തുണയ്‌ക്കുന്നവരാകുമെന്നത് ഉറപ്പായിട്ടുണ്ട്. ജനുവരിയോടെ പുതിയ ഭാരവാഹികൾ വരും. അതോടെ സുരേന്ദ്രന് പുറത്തേക്കുള്ള വഴിതെളിയും.