കേന്ദ്രസർക്കാർ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടം വിജ്‌ഞാപനം ചെയ്‌തതിനെതിരെ കേരളം നിയമപോരാട്ടത്തിന്. സുപ്രീംകോടതിയിൽ അടിയന്തരമായി തുടർ നടപടി സ്വീകരിക്കാൻ അഡ്വക്കറ്റ് ജനറലിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. കേരളത്തിൽ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന ഉറച്ച നിലപാടാണ് സംസ്ഥാന സർക്കാരിന്റേത്. രാജ്യത്ത് ആദ്യമായി ഈ വിഷയത്തിൽ പ്രമേയം പാസാക്കിയതും കേരള നിയമസഭയാണ്.
ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം പൗരത്വഭേദഗതി നിയമത്തിനെതിരെ നേരത്തേതന്നെ സംസ്ഥാനം സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്‌തിട്ടുണ്ട്. മതം, ജാതി, വംശം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു വിവേചനവും പാടില്ലെന്ന ഭരണഘടനാ വ്യവസ്ഥയ്‌ക്ക് വിരുദ്ധമാണ് നിയമം.
ഈ നിയമത്തെ അടിസ്ഥാനമാക്കിയുള്ള ചട്ടങ്ങൾ സ്വാഭാവികമായും ഭരണഘടനാ വിരുദ്ധമാണെന്നും നടപ്പാക്കാൻ സംസ്ഥാനത്തിന് ബാധ്യതയില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്.
പൗരത്വ ഭേദഗതി നിയമത്തിന് അനുബന്ധമായി വന്ന പാസ്‌പോർട്ട് നിയമം ഉൾപ്പെടെ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. അത് സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോഴാണ് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.