കൽപറ്റ: റവന്യൂ വകുപ്പിൽ തഹസിൽദാർമുതൽ സീനിയർ ക്ലർക്ക് വരെയുള്ള ജീവനക്കാരുടെ സ്ഥലംമാറ്റം പ്രതിസന്ധിയിൽ. മേയ് 26ന് ഓൺലൈൻ അപേക്ഷയുടെ കരട് പ്രസിദ്ധീകരിക്കാൻ റവന്യൂ വകുപ്പിന് സാധിച്ചിരുന്നില്ല.ജീവനക്കാരുടെ പരാതി വ്യാപകമായതിനെതുടർന്ന് ജൂൺ 20നാണ് ലാൻഡ് റവന്യൂ കമീഷണർ കരട് മുൻഗണന പട്ടിക പ്രസിദ്ധീകരിച്ചത്. എന്നാൽ, ഗുരുതര തെറ്റുകൾ കരട് ലിസ്റ്റിൽ കണ്ടതിനെതുടർന്ന് ഏകദേശം 750 പരാതികളാണ് വിവിധ ജില്ലകളിൽനിന്നായി കമീഷണർക്ക് ലഭിച്ചത്.അപ്പീൽ നൽകുന്നതിനുള്ള അവസാന തീയതി ജൂൺ 30 ആയിരുന്നു. അപാകതകൾ പരിഹരിച്ച് അന്തിമ മുൻഗണന പട്ടിക പുറത്തിറക്കാൻ റവന്യൂ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
അന്തിമ മുൻഗണന പട്ടിക പുറത്തിറക്കിയാൽ മാത്രമേ സ്ഥലം മാറ്റ പട്ടിക പുറത്തിറക്കാനും കഴിയൂ. കഴിഞ്ഞ ഫെബ്രുവരി 20നാണ് പൊതുസ്ഥലംമാറ്റത്തിന് ലാൻഡ് റവന്യൂ കമീഷണർ സർക്കുലർ ഇറക്കിയത്.എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പ് കാരണം സമയക്രമത്തിൽ മാറ്റം വരുത്തി ഏപ്രിൽ 30ന് പുതിയ സർക്കുലർ ഇറക്കുകയായിരുന്നു.ജൂൺ 30ന് അന്തിമ കരട് പ്രസിദ്ധീകരിക്കുമെന്നാണ് സർക്കുലറിൽ അറിയിച്ചിരുന്നത്. നിലവിൽ നിരവധി താലൂക്ക് തഹസിൽദാർമാരുടെ അടക്കം ഒഴിവുകൾ നികത്താനുണ്ട്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരെ മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റിയത് അതേപടി നിൽക്കുകയാണ്.മഴക്കാലമായതോടെ ദുരിതാശ്വാസ പ്രവർത്തനങ്ങളും മറ്റും ഏകോപിപ്പിക്കേണ്ട ഉദ്യോഗസ്ഥരുടെ അഭാവം പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കാൻ ഇടയുണ്ടെന്ന് ജീവനക്കാർ പറയുന്നു.
സാധാരണ സ്കൂൾ തുറക്കുന്നതിന് മുമ്പായി സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കാറുണ്ടെന്ന് ജീവനക്കാരുടെ സംഘടനകൾ പറയുന്നു. സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങാത്തതുകാരണം പ്രമോഷൻ നടപടികളും നീളുകയാണ്.മാർച്ച് 31നാണ് അവസാനമായി പ്രമോഷൻ പട്ടിക ഇറങ്ങിയത്. മേയ് 31ന് കൂട്ട വിരമിക്കൽ ഉണ്ടായതോടെ നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. കൂടാതെ പ്രമോഷനന്റെ ഭാഗമായി അതത് ജില്ലകളിലെ നിരവധി ഉദ്യോഗസ്ഥരെ മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റി ഒരുവർഷം കഴിഞ്ഞു.
ഇവരുടെയല്ലാം സ്ഥലം മാറ്റവും പ്രമോഷനും അനിശ്ചിതത്വത്തിലാണ്.
ഭരണാനുകൂല സംഘടനയും ലാൻഡ് റവന്യൂ കമീഷണറും തമ്മിലുള്ള തർക്കമാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങാൻ വൈകുന്നതിന്റെ കാരണമെന്ന് ആരോപണമുണ്ട്.
അനർഹരായ നിരവധിപേരെ പട്ടികയിൽ ഉൾപ്പെടുത്താൻ ഭരണാനുകൂല സംഘടന വ്യാപകമായി ഇടപെട്ടുവെന്നും ഇതിന് കമീഷണർ വഴങ്ങാത്തതാണ് ഉത്തരവിറങ്ങാൻ കാലതാമസമുണ്ടാകുന്നതെന്നാണ് ആരോപണം.സ്ഥലം മാറ്റ, പ്രമോഷൻ പട്ടികകൾ മാസങ്ങളായിട്ടും പുറത്തിറക്കാൻ കഴിയാത്തതിനെതിരെ ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.