തിരുവനന്തപുരം; ജോലിസമയം 10 മണിക്കൂറാക്കി കുറയ്‌ക്കാനുള്ള റെയിൽവേ ബോർഡ് ഉത്തരവ് ശനിയാഴ്‌ചമുതൽ ലോക്കോ പൈലറ്റുമാർ സ്വയം നടപ്പാക്കും. ദക്ഷിണ റെയിൽവേയിലെ മൂവായിരത്തിലധികം ലോക്കോ പൈലറ്റുമാരാണ് അധികജോലി ചെയ്യില്ലെന്ന് തീരുമാനിച്ചത്. ഇക്കാര്യം അറിയിച്ച് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്‌റ്റാഫ് അസോസിയേഷൻ സമരപ്രഖ്യാപന നോട്ടീസ് നൽകിയിരുന്നു. രണ്ടാഴ്‌ച കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ ചർച്ചയ്‌ക്കോ ഇടപെടലിനോ തയ്യാറായില്ല. കേരളത്തിലെ രണ്ട് ഡിവിഷനും തമിഴ്‌നാട്ടിലെ നാല് ഡിവിഷനുമായി ആറള ഡിവിഷനുകളാണ് ദക്ഷിണ റെയിൽവേക്ക് കീഴിലുള്ളത്. ആവശ്യമായതിലും കുറച്ച് ലോക്കോ പൈലറ്റുമാരാണ് ഇപ്പോഴുള്ളത്. പ്രതിഷേധസമരം കേരളത്തിലെ ട്രെയിൻ ഗതാഗതത്തെയും ബാധിക്കും.
1973ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പാർലമെന്റിൽ പ്രഖ്യാപിച്ചതാണ് 10 മണിക്കൂർ ജോലി. ഇത് 50 വർഷത്തിനുശേഷവും നടപ്പാക്കിയില്ല. പല ഡിവിഷനുകളിലും ഡ്യൂട്ടി 12ഉം 15ഉം മണിക്കൂറാണ്. മറ്റു വിഭാഗം ജീവനക്കാർക്ക് ആഴ്ചയിൽ ഒരു ദിവസം വിശ്രമം നൽകുമ്പോൾ ലോക്കോ പൈലറ്റുമാർക്ക് 30 മണിക്കൂർ ആഴ്ചയിലെ ഏതെങ്കിലും രണ്ട് ഡ്യൂട്ടിക്കിടയിൽ ഉണ്ടെങ്കിൽ അത് വിശ്രമമായി കണക്കാക്കുകയാണ്. എട്ട് മണിക്കൂർ ഡ്യൂട്ടിക്കു ശേഷമുള്ള 16 മണിക്കൂർ വിശ്രമം കൂടാതെ പ്രതിവാര വിശ്രമസമയം നൽകണമെന്നതാണ് സമരക്കാരുടെ ആവശ്യം. റെയിൽവേ നിയമിച്ച ഉന്നതാധികാര സമിതിയും ഇത് ശുപാർശ ചെയ്തിട്ടുണ്ട്.
“ഹെഡ് ക്വാർട്ടേഴ്‌സിൽനിന്ന് ഒരു ഡ്യൂട്ടി തുടങ്ങിയാൽ ലോക്കോ പൈലറ്റുമാർ രണ്ടും മൂന്നും ഡ്യൂട്ടിക്കുശേഷമാണ് തിരികെ എത്തുന്നത്. അടിയന്തരഘട്ടത്തിൽ 96 മണിക്കൂർ വരെ ഡ്യൂട്ടി നീളും. ആറ് രാത്രി ഡ്യൂട്ടിവരെ ചെയ്യേണ്ടിവരികയാണ്. ഇത് യാത്രക്കാരുടെ സുരക്ഷയെ അവഗണിക്കുന്നതിനു തുല്യമാണ്. തുടർച്ചയായ രാത്രി ഡ്യൂട്ടി രണ്ടാക്കി കുറയ്ക്കണമെന്നുമാണ് ലോക്കോ പൈലറ്റുമാരുടെ ആവശ്യം.”