ഡ്രൈവിങ് ലൈസൻസ് നിയമങ്ങളില്‍ ചില സുപ്രധാന മാറ്റങ്ങള്‍ റോഡ് ഗതാഗത ഹൈവേ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചു.
2024 ജൂണ്‍ ഒന്ന് മുതല്‍ പുതിയ നടപടികള്‍ നിലവില്‍ വരും. ലൈസൻസ് നേടുന്നതിനുള്ള പ്രക്രിയ ലളിതമാക്കാനും കാര്യക്ഷമമാക്കാനും പുതിയ നിയമങ്ങള്‍ ലക്ഷ്യമിടുന്നു.
1. സ്വകാര്യ സ്‌കൂളുകളിലെ ഡ്രൈവിങ് ടെസ്റ്റുകള്‍
റീജിയണല്‍ ട്രാൻസ്‌പോർട്ട് ഓഫീസിലെ (ആർ.ടി.ഒ) നിർബന്ധിത ഡ്രൈവിങ് ടെസ്റ്റ് ഒഴിവാക്കിയതോടെ നടപടിക്രമം കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു. ഇതിന് പകരമായി അപേക്ഷകർക്ക് ഇപ്പോള്‍ അംഗീകൃത സ്വകാര്യ ഡ്രൈവിങ് സ്‌കൂളുകളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള ഓപ്‌ഷൻ ഉണ്ടായിരിക്കും.
അംഗീകൃത സ്ഥാപനങ്ങളില്‍ ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയാല്‍ ഒരു സർട്ടിഫിക്കറ്റ് ലഭിക്കും. അത് ലൈസൻസിന് അപേക്ഷിക്കാൻ ഉപയോഗിക്കാം. തെരഞ്ഞെടുത്ത സ്വകാര്യ ഡ്രൈവിങ് സ്കൂളുകള്‍ക്ക് ഡ്രൈവിങ് ടെസ്റ്റുകള്‍ നടത്താൻ സർക്കാർ അനുമതി നല്‍കി സർട്ടിഫിക്കറ്റുകള്‍ നല്‍കും. സർട്ടിഫിക്കറ്റ് ലഭിക്കുന്നവർ പിന്നീട് ഡ്രൈവിങ് ടെസ്റ്റിന് എത്തേണ്ടതില്ല. അംഗീകൃത സ്കൂളില്‍ നിന്നുള്ള സർട്ടിഫിക്കറ്റ് ഇല്ലാത്തവർ ആർ.ടി ഓഫിസില്‍ തന്നെ ടെസ്റ്റ് നടത്തണം.
2. ലൈസൻസില്ലാതെ വാഹനമോടിച്ചാല്‍ കടുത്ത ശിക്ഷ
പുതിയ നിയമ പ്രകാരം ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക് കൂടുതല്‍ കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരും. പിടിക്കപ്പെടുന്ന പ്രായപൂർത്തിയാകാത്തവർക്ക് 25,000 രൂപ പിഴയും രക്ഷിതാക്കള്‍ക്കെതിരെയുള്ള നടപടിയും വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കലും ഉള്‍പ്പെടെ ഇതില്‍ ഉള്‍പ്പെടും. നിലവില്‍ 2000 രൂപയാണ് പിഴയായി ഈടാക്കുന്നത്.
3. പരിസ്ഥിതി സൗഹാർദ നടപടികള്‍
മലിനീകരണം കുറക്കുന്നതിനും ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പരിസ്ഥിതി സൗഹാർദ നടപടികള്‍ മന്ത്രാലയം സ്വീകരിക്കുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വിപുലമായ ശ്രമത്തിന്‍റെ ഭാഗമായി കാലഹരണപ്പെട്ട 9,000 സർക്കാർ വാഹനങ്ങള്‍ ഘട്ടംഘട്ടമായി നിർത്തലാക്കുകയും മറ്റ് വാഹനങ്ങളുടെ മലിനീകരണ നിലവാരം ഉയർത്തുകയും ചെയ്യും.
4. ലളിതമായ അപേക്ഷാ പ്രക്രിയ
ലൈസൻസിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമം വലിയ മാറ്റമില്ലാതെ തുടരും. പൂർണമായും ഡിജിറ്റലാക്കുന്നതോടൊപ്പം വേഗത്തില്‍ സമർപ്പിക്കാവുന്ന രീതിയിലേക്കും മാറും. വിവിധ ലൈസൻസുകള്‍ക്കുള്ള ഫീസ് ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. sarathi.parivahan.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ലൈസൻസിന് അപേക്ഷിക്കേണ്ടത്.
5. പുതുക്കിയ ഫീസ് ഘടന
2024 ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിവിധ തരത്തിലുള്ള ലൈസൻസുകള്‍ക്കായി പുതുക്കിയ ഫീസ് ഘടനയും പ്രഖ്യാപിച്ചു.
ലൈസൻസിന് ഓണ്‍ലൈനായി എങ്ങനെ അപേക്ഷിക്കാം
1: https://sarathi.parivahan.gov.in/ സന്ദർശിക്കുക.
2: സംസ്ഥാനം തെരഞ്ഞെടുക്കുക.
3: “ഡ്രൈവിങ് ലൈസൻസ്” എന്നതില്‍ നിന്ന് “പുതിയ ഡ്രൈവിങ് ലൈസൻസ്” ക്ലിക്ക് ചെയ്യുക.
4: മുന്നോട്ട് പോകാൻ നിങ്ങളുടെ “ലേണിങ് ലൈസൻസ് നമ്ബറും” “ജനന തീയതിയും” നല്‍കുക.
5: അപേക്ഷാ ഫോം പൂരിപ്പിക്കുക.
6: തുടരാൻ അടുത്ത ബട്ടണില്‍ ക്ലിക്കുചെയ്യുക.
7: ഷെഡ്യൂള്‍ ചെയ്ത തീയതിയില്‍ ആർ.ടി.ഒ സന്ദർശിക്കുക. ഒറിജിനല്‍ ഡോക്യുമെന്‍റുകളും ഫീസ് സ്ലിപ്പും കരുതണം.