Friday, October 18, 2024
Homeകേരളംമേഘവിസ്‌ഫോടനം ; പരക്കെ കനത്തമഴ , മൂന്ന്‌ മരണം , ഒരാളെ കാണാതായി; മീനച്ചിലാർ കരകവിഞ്ഞു.

മേഘവിസ്‌ഫോടനം ; പരക്കെ കനത്തമഴ , മൂന്ന്‌ മരണം , ഒരാളെ കാണാതായി; മീനച്ചിലാർ കരകവിഞ്ഞു.

സംസ്ഥാനത്ത്‌ മണിക്കൂറുകൾ ഇടതടവില്ലാതെ പെയ്ത കനത്തമഴയിൽ പരക്കെ നാശം. മഴക്കെടുതികൾ  കൂടുതലും എറണാകുളം, കോട്ടയം ജില്ലകളിലാണ്‌. കളമശേരിയിൽ കനത്ത മഴയ്ക്ക്‌ കാരണം മേഘവിസ്‌ഫോടനമാണെന്ന്‌ കാലാവസ്ഥാ വിദഗ്‌ധർ സ്ഥിരീകരിച്ചു. മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചിരുന്ന എറണാകുളത്തും അലർട്ടില്ലാതിരുന്ന കോട്ടയത്തും ചൊവ്വ ഉച്ചയോടെ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. അതിശക്ത മഴയാണ്‌ രണ്ടു ജില്ലയിലും  ലഭിച്ചത്‌. ഓറഞ്ച്‌ അലർട്ടായിരുന്ന പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും കനത്ത മഴ ലഭിച്ചു.

കാലവർഷമെത്തിയെന്ന്‌ ഒരുവിഭാഗം കാലാവസ്ഥാ ശാസ്‌ത്രജ്ഞർ അഭിപ്രായപ്പെട്ടെങ്കിലും കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ സ്ഥിരീകരിച്ചിട്ടില്ല. ചൊവ്വാഴ്‌ച സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ മഴ പെയ്തത്‌ കോട്ടയം പൂഞ്ഞാറിലാണ്‌; പകൽ 8.30 മുതൽ 2.30 വരെ 176 മില്ലിമീറ്റർ. കളമശേരിയാണ്‌ രണ്ടാം സ്ഥാനത്ത്‌–- 157 മില്ലിമീറ്റർ.

മാവേലിക്കരയിൽ തെങ്ങു വീണ്‌ ചെട്ടികുളങ്ങര കൊയ്പള്ളി കാരാൺമ ചിറയിൽ കുളങ്ങരവീട്ടിൽ അരവിന്ദ് (32) മരിച്ചു. ചൊവ്വ രാവിലെ 8.30ന്‌ കൈകഴുകാൻ വീടിനു പുറത്തിറങ്ങിയപ്പോഴാണ്‌ തെങ്ങ് ഒടിഞ്ഞ് ദേഹത്ത്‌ വീണത്‌. തിരുവനന്തപുരം മുതലപ്പൊഴിയിൽ ചൊവ്വ രാവിലെ വള്ളം മറിഞ്ഞ്‌ മത്സ്യത്തൊഴിലാളി അഞ്ചുതെങ്ങ് മുഖ്യസ്ഥൻപറമ്പിൽ അബ്രാഹം റോബർട്ട് (60) മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. വൈക്കം വേമ്പനാട്ടുകായലിൽ വൈകിട്ട്‌ അഞ്ചോടെ കാറ്റിലും മഴയിലും വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി ചെമ്പ് കിഴക്കേ കാട്ടമ്പള്ളിയിൽ സദാനന്ദൻ (58) മരിച്ചു.
● ഇടുക്കി കൊക്കയാറിൽ ഒഴുക്കിൽപ്പെട്ടയാളെ കാണാതായി. തിലകൻ ഉണ്ണി (58)യാണ്‌ ഒഴുക്കിൽപ്പെട്ടത്‌. മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് നേരിയതോതിൽ വർധിച്ചു.

● എറണാകുളം ജില്ലയിൽ കൊച്ചി കോർപറേഷൻ, കളമശേരി മുനിസിപ്പൽ പ്രദേശങ്ങളിൽ അതിശക്ത മഴ പെയ്‌തു. പ്രധാനറോഡുകളും ദേശീയപാതയുടെ ഏതാനും ഭാഗങ്ങളും വെള്ളക്കെട്ടിലായി. ഫോർട്ട്‌കൊച്ചിയിൽ കെഎസ്‌ആർടിസി ബസിനുമുകളിൽ മരം വീണു. ആളപായമില്ല. രാമേശ്വരം വില്ലേജിൽ സൗദി ഭാഗത്ത്‌ ചെറിയ ബോട്ട് മറിഞ്ഞ്‌ അഞ്ചുപേർക്ക്‌ പരിക്കേറ്റു. കാക്കനാട്‌ ഇൻഫോപാർക്ക്‌ ഉൾപ്പെടെ വിവിധപ്രദേശങ്ങളിൽ വെള്ളം കയറി. കളമശേരി തൃക്കാക്കര അമ്പലം വാർഡിലെ വീട്ടിൽ വെള്ളം കയറിയതോടെ പ്രശസ്ത എഴുത്തുകാരി  ഡോ. എം ലീലാവതി മകന്റെ വീട്ടിലേക്ക് മാറി. നിരവധി പുസ്തകങ്ങളും പുരസ്‌കാരങ്ങളും കൈയെഴുത്തുകുറിപ്പുകളും വെള്ളത്തിൽ കുതിർന്നു. വീട്ടുസാമഗ്രികളടക്കം നശിച്ചു.

● കോട്ടയത്ത്‌ മൂന്നിടത്ത്‌ ഉരുൾപൊട്ടി. ആളപായമില്ല. മേലുകാവ്‌ ഇടമറുക്‌ ചൊക്കല്ലിൽ ഉരുൾപൊട്ടി ആറ്‌ വീടിന്‌ കേടുപറ്റി. തലനാട് ചോനമലയിലും പൂഞ്ഞാർ കണ്ടേറ്റുമലയിലും ഉരുൾപൊട്ടി റോഡുകൾ തകർന്നു. മീനച്ചിലാർ കരകവിഞ്ഞ്‌ പാലാ–- ഈരാറ്റുപേട്ട റോഡിലെ മൂന്നാനിയിലും സമീപവീടുകളിലും വെള്ളം കയറി. ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ വി വിഗ്നേശ്വരി അറിയിച്ചു. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട -–-വാഗമൺ റോഡിലെ രാത്രി യാത്രയും നിരോധിച്ചു.

● ആലപ്പുഴയിൽ ചേർത്തല റെയിൽവേ സ്‌റ്റേഷനു സമീപം ദേശീയപാതയിലും ചെങ്ങന്നൂരിലും വീടിനു മുകളിൽ തെങ്ങ്‌ വീണു. കായംകുളം കെപിഎസിക്കു സമീപം നൂറോളം വീടുകളിൽ വെള്ളം കയറി. കുട്ടനാട്ടിലെ ഭൂരിഭാഗം റോഡുകളും മുങ്ങി.
● തിരുവനന്തപുരത്ത്‌ പൊന്മുടി യാത്രയ്ക്ക്‌ വീണ്ടും വിലക്കേർപ്പെടുത്തി. വർക്കല ക്ലിഫിന്റെ ഭാഗമായ പാപനാശം കുന്നുകൾ വീണ്ടും ഇടിഞ്ഞു. കിള്ളിയാറിൽ ജലനിരപ്പ്‌ ഉയർന്ന്‌ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി.

● കൊല്ലം ജില്ലയിൽ ചൊവ്വ ഉച്ചവരെ 71.5 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. 18 വീട്‌ തകർന്നു.

സംസ്ഥാനത്ത്‌ വിവിധ ജില്ലകളിലായി 26 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തിരുവനന്തപുരം–-അഞ്ച്‌, കൊല്ലം–-എട്ട്‌, ആലപ്പുഴ–-എട്ട്‌, കോട്ടയം–-മൂന്ന്‌, എറണാകുളം–-രണ്ട്‌ എന്നിങ്ങനെയാണ്‌ ക്യാമ്പുകളുടെ എണ്ണം. 598 കുടുംബങ്ങളിൽ നിന്നായി ആകെ 1770 പേരാണ്‌ ക്യാമ്പുകളിലുള്ളത്‌. 303 കുട്ടികളുമുണ്ട്‌.

വ്യാപക മഴയിലും കാറ്റിലും കെഎസ്‌ഇബിക്ക്‌ 48 കോടിയിലേറെ രൂപയുടെ നഷ്ടം. പ്രാഥമിക കണക്കുപ്രകാരം 95 എച്ച്ടി പോസ്റ്റുകൾ, 6230 എൽടി പോസ്റ്റുകൾ, 895 ഇടങ്ങളിൽ‍ എച്ച്ടി ലൈനുകൾ എന്നിവ പൊട്ടിവീണു. 185 ട്രാൻ‍സ്ഫോർ‍മറുകൾക്ക്‍ കേടു പറ്റി. പ്രതികൂല കാലാവസ്ഥയിലും വൈദ്യുതി വിതരണം മുടങ്ങാതിരിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ്‌ ബോർഡും ജീവനക്കാരും. 11 കെവി ലൈനുകളുടെയും ട്രാൻ‍സ്ഫോർ‍മറുകളുടെയും തകരാർ പരിഹരിക്കാനാണ്‌ മുൻഗണന. മഴമൂലമുള്ള പ്രതിസന്ധി തിരിച്ചറിഞ്ഞ്‌ ഉപയോക്താക്കൾ സഹകരിക്കണമെന്ന്‌ കെഎസ്‌ഇബി അഭ്യർഥിച്ചു.”

“ഒരുമണിക്കൂറിൽ103 മില്ലിമീറ്റർ മഴ. കളമശേരിയിൽ പെയ്‌ത അതിതീവ്ര മഴയ്‌ക്ക്‌ കാരണം മേഘവിസ്‌ഫോടനമെന്ന്‌ കുസാറ്റ്‌ ശാസ്‌ത്രജ്ഞർ. ചൊവ്വ രാവിലെ 9.10 മുതൽ 10.10 വരെ കുസാറ്റിലെ മഴമാപിനിയിൽ 103 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. മണിക്കൂറിൽ 100 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മേഘവിസ്‌ഫോടനമായി കണക്കാക്കും.

ചൊവ്വ രാവിലെ 8.30 മുതൽ പകൽ 2.30വരെ കളമശേരിയിൽ 157 മില്ലീമീറ്ററും പള്ളുരുത്തിയിൽ -100 മില്ലിമീറ്ററും മഴപെയ്‌തു. കേരളത്തോട്‌ ചേർന്നുകിടക്കുന്ന തെക്കുകിഴക്കൻ അറബിക്കടലിൽ രൂപംകൊള്ളുന്ന ഉയരംകൂടിയതും കട്ടിയുള്ളതുമായ കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം വർധിച്ചതാണ്‌ മേഘവിസ്‌ഫോടനത്തിന്‌ പ്രധാന കാരണമെന്ന്‌ കുസാറ്റിലെ അഡ്വാൻസ്‌ഡ്‌ സെന്റർ ഫോർ അറ്റ്‌മോസ്‌ഫെറിക്‌ റഡാർ റിസർച്ച്‌ ഡയറക്ടർ ഡോ. എസ്‌ അഭിലാഷ്‌ പറഞ്ഞു. കുറഞ്ഞസമയത്ത്‌ കൂടുതൽ അളവിൽ മഴപെയ്യുന്നത്‌ പ്രളയത്തിനുവരെ കാരണമാകാറുണ്ട്‌. രണ്ടുമണിക്കൂറിൽ 50  മുതൽ 100 മില്ലിമീറ്റർവരെ മഴ ലഭിക്കുന്ന സാഹചര്യത്തിലും മിന്നൽപ്രളയവും ഉരുൾപൊട്ടലും ഉണ്ടാകാം. അവയെയും ലഘുമേഘവിസ്‌ഫോടനമായി കണക്കാക്കാറുണ്ട്‌. 2018ലെ പ്രളയത്തിൽ വെള്ളം കയറാത്ത ഇടങ്ങൾപോലും ഇപ്പോൾ മുങ്ങിയത്‌ മേഘവിസ്‌ഫോടനംമൂലമാണ്‌. കളമശേരിയുടെ പരിസരങ്ങളിലും 70 മുതൽ 90 മില്ലി മീറ്റർവരെ മഴ ലഭിച്ചതായി അദ്ദേഹം പറഞ്ഞു.

ഇന്ന്‌ 4 ജില്ലയിൽ ഓറഞ്ച്‌ അലർട്ട്‌. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂർ ജില്ലകളിൽ മഞ്ഞ അലർട്ടാണ്‌. തെക്കൻ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തം പാടില്ലെന്നും മുന്നറിയിപ്പുണ്ട്‌. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർവരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർവരെയും വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്‌.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments