കോട്ടയ്ക്കൽ.–അടുത്തിടെ ഇറങ്ങിയ “ആവേശം” എന്ന സിനിമയിൽ പാടിയ പാട്ട് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയതിന്റെ സന്തോഷത്തിലാണ് ആയുർവേദ ഡോക്ടറായ അരുൺഗോപനും സംഘവും. “നാടിൻ നൻമ, കാണേ പൊൻമ, കാണേ മുത്തായവനേ” എന്ന ഗാനമാണ് (ഇലുമിനാട്ടി സോങ് ) ആസ്വാദകർ ഏറ്റെടുത്തത്.
അരുൺഗോപനു പുറമെ റോഷൻ, സുദർശൻ എന്നിവരടങ്ങിയ “ആരോസ്” എന്ന ടീമാണ് പാട്ടുപാടിയത്. വിനായക് ശശികുമാർ എഴുതിയ ഗാനം സുഷിൻ ശ്യാമാണ് ചിട്ടപ്പെടുത്തിയത്. സിനിമ പുറത്തിറങ്ങിയതോടെ പാട്ട് യുവതലമുറ ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞവർഷം പുറത്തിറങ്ങിയ “രോമാഞ്ചം” എന്ന സിനിമയിലെ “തല തെറിച്ചവൻ” എന്നു തുടങ്ങുന്ന, ഇതേ സംഘം പാടിയ പാട്ടും ഏറെ ഹിറ്റായിരുന്നു.
കോട്ടയ്ക്കൽ വിപിഎസ് വി ആയുർവേദ കോളജിൽ നിന്നു ബിഎഎംഎസ് കോഴ്സ് പൂർത്തിയാക്കിയ അരുൺഗോപൻ 2008 മുതൽ സിനിമാ പിന്നണി ഗാനരംഗത്തുണ്ട്. മോഹൻലാൽ നായകനായി അഭിനയിച്ച “കുരുക്ഷേത്ര” ആയിരുന്നു ആദ്യസിനിമ. പിന്നീട് “ഒരിടത്തൊരു പോസ്റ്റ്മാൻ”, “നല്ലവൻ”, “ആഴക്കടൽ” തുടങ്ങിയ സിനിമകളിലും ഒട്ടേറെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങൾക്കുവേണ്ടിയും പാടി. പിന്നീടാണ് “ആരോസു”മായി സജീവമാകുന്നത്. പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ മലപ്പുറം കെ.വി.ശിവദാസ് വാരിയർ, കൊച്ചിയിൽ താമസമാക്കിയ അരുൺഗോപന്റെ പിതൃസഹോദരനാണ്.
– – – – – – –