നമ്മുടെ ശരീരത്തിലേക്ക് ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണല്ലോ ഇലക്കറികള്‍. പ്രത്യേകിച്ച് ഇലക്കറികള്‍ നമ്മുടെ കണ്ണിനാവശ്യമായ ഒരുപാട് വിറ്റാമിനുകള്‍ നല്‍കുന്നുണ്ട്.
വിവിധയിനം ഇലകള്‍ നമ്മള്‍ ഉപയോഗിക്കുമെങ്കിലും അതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചീര. വ്യത്യസ്തയിനം ചീരകള്‍ നമ്മള്‍ കൃഷി ചെയ്യാറുണ്ട്. ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കാൻ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
ചീരക്കൃഷി ആരംഭിക്കാന്‍ അനുയോജ്യമായ സമയം മഴക്കാലത്തേക്കാളും നല്ല വെയിലുള്ള ഈ കാലാവസ്ഥയാണ്. ഈ സമയത്ത് നല്ല വിളവ് ചീരയില്‍ നിന്നും ലഭിക്കും.
നല്ല വെളിച്ചവും നീര്‍വാര്‍ച്ചയുള്ളതുമായ സ്ഥലമാണ് കൃഷിക്കനുയോജ്യം. ഒരു മീറ്റര്‍ വീതിയിലും 20-30 സെ.മീ. ഉയരത്തിലും തറകള്‍ ഉണ്ടാക്കി 15-20 സെ.മീ. അകലത്തില്‍ വരികളില്‍ പൊടിമണലുമായി കൂട്ടിക്കലര്‍ത്തി വിത്തിടണം.
നടാന്‍ ഉദ്ദേശിക്കുന്ന സ്ഥലം നന്നായി ഇളക്കി ഒരു സെന്റിന് ഒന്നര കിലോ എന്ന തോതില്‍ കുമ്മായം ചേര്‍ക്കണം. തുടര്‍ന്ന് രണ്ടാഴ്ച കഴിഞ്ഞാല്‍ ട്രൈക്കോഡര്‍മ സമ്ബുഷ്ടീകരിച്ച ചാണകപ്പൊടിയും ചേര്‍ക്കുക. ഗ്രോബാഗിലാണെങ്കില്‍ മൂന്നിലൊന്ന് എന്ന കണക്കില്‍. ഇലപ്പുള്ളി രോഗം വരാതിരിക്കാനിതു സഹായിക്കും.
ഒരു ടീസ് പൂണ്‍ ചീര വിത്തിന് രണ്ടു സ്പൂണ്‍ സ്യൂഡോമോണസ് എന്ന രീതിയില്‍ ചേര്‍ത്ത് ഇതിലേക്ക് 10 തുള്ളി പുളിച്ച മോരു കൂടി ചേര്‍ത്ത് 10 മിനുട്ട് വച്ച ശേഷം നടുന്നതും നല്ലതാണ്.
ചീര നേരിട്ട് വിതയ്‌ക്കുകയോ, തൈ പറിച്ചു നടുകയോ ആവാം. നേരിട്ടു വിതയ്‌ക്കുമ്ബോള്‍ സെന്റിനു 10 ഗ്രാം വിത്ത് മണലുമായി കൂട്ടിക്കലര്‍ത്തി പാകണം. പറിച്ചു നടുന്ന രീതിയിലാണെങ്കില്‍ സെന്റിനു രണ്ടു ഗ്രാം വിത്തു മതിയാകും.
ഉറുമ്ബിന്റെ ഉപദ്രവം ഒഴിവാക്കാൻ ചാരമോ മഞ്ഞള്‍പ്പൊടിയോ വിതറാം. മൂന്നാഴ്ച പ്രായമായ (3-4 ഇലകള്‍ ഉള്ള) തൈകള്‍ പറിച്ചുനടാം. മഴക്കാലത്ത് വാരങ്ങളില്‍ നടുന്നതാണ് നല്ലത്. അടിവളമായി ചാണകപ്പൊടി, കമ്ബോസ്റ്റ്, എല്ലുപൊടി എന്നിവ മണ്ണില്‍ കൂട്ടിയിളക്കണം. അതിനു ശേഷം ആഴ്ചതോറും ജൈവസ്ലറി തളിക്കാവുന്നതാണ്.
ഓരോ തവണത്തെയും വിളവെടുപ്പിന് ശേഷം പിണ്ണാക്ക് പുളിപ്പിച്ചത്, ചാണക തെളി എന്നിവ സ്പ്രെ ചെയ്താല്‍ ചീര വീണ്ടും നന്നായി വളരും
ജൈവസ്ലറി തയാറാക്കുന്ന വിധം: 100 ഗ്രാം കപ്പലണ്ടിപ്പിണ്ണാക്കും ഒരു പിടി ചാരവും 100 ഗ്രാം ചാണകവും കൂടി ഒരു ലീറ്റര്‍ വെള്ളത്തില്‍ നാലോ അഞ്ചോ ദിവസം പുളിക്കുവാൻ അനുവദിക്കുക. ഇതിന്റെ തെളിവെള്ളം ഇരട്ടി വെള്ളവും ചേര്‍ത്ത് ആഴ്ചതോറും തളിക്കുക.